16 December, 2022 12:13:10 PM
എസ് എന്‍ എ ഔഷധശാലയുടെ ഒരു വര്‍ഷം നീണ്ട ശതോത്തരം പരിപാടിയുടെ സമാപനം ഇന്ന്
- പി.എം.മുകുന്ദന്‍
തൃശൂര്‍: വിവിധ വൈദ്യശാസ്ത്രശാഖകള്‍ സമന്വയിപ്പിച്ച് ആരോഗ്യപരിരക്ഷണം നടപ്പിലാക്കാന്‍ ആയുഷ് പരിശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് ആയുഷ് മന്ത്രാലയം സെക്രട്ടറി വൈദ്യരാജേഷ് കോട്ടേച അഭിപ്രായപ്പെട്ടു. നൂറുവര്‍ഷം പിന്നിട്ട അഷ്ടവൈദ്യന്‍ തൃശ്ശൂര്‍ തൈക്കാട്ട്മൂസ്സ് എസ് എന്‍ എ ഔഷധശാലയുടെ ഒരു വര്‍ഷം നീണ്ടുനിന്ന ശതോത്തരം പരിപാടിയുടെ സമാപനത്തോടനുബന്ധിച്ചു നടന്ന പൊതുജനാരോഗ്യരംഗത്തെ ആയുര്‍വേദം എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോള്‍ പലവിധ പകര്‍ച്ചവ്യാധികള്‍ നേരിടുന്ന ഭാരതത്തില്‍ അവ പരിഹരിക്കുന്നതില്‍ ആയുര്‍വേദത്തിന്‍റെ പങ്ക് വളരെ വലുതാണെന്ന് അദ്ദേഹം പറഞ്ഞു.
തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ. വി. വല്ലഭന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കേരള ആരോഗ്യശാസ്ത്ര സര്‍വ്വകലാശാല രജിസ്റ്റ്രാര്‍ ഡോ. എ. കെ.മനോജ്കുമാര്‍ മുഖ്യാതിഥിയായിരുന്നു. തിരുവനന്തപുരം ഗവ. ആയുര്‍വേദകോളേജ് അസോ. പ്രൊഫ. ഡോ. വി. രാജ്‌മോഹന്‍ വിഷയാവതരണം നടത്തി. തൃശ്ശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് & റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഫാ. റെന്നി മുണ്ടെന്‍കുരിയന്‍, ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ്ഇന്ത്യ ജനറല്‍ സെക്രട്ടറി ഡോ. കെ. സി. അജിത്കുമാര്‍, ആയുര്‍വേദ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ്‌സ് അസോസിയേഷന്‍ ഡയറക്ടര്‍ ഡോ. ഇടൂഴിഉണ്ണിക്കൃഷ്ണന്‍, മനോരമ ആരോഗ്യം സീനിയര്‍ എഡിറ്റോറിയല്‍ കോ-ഓര്‍ഡിനേറ്റര്‍ അനില്‍ മംഗലത്ത് എന്നിവര്‍ പങ്കെടുത്തു. അഞ്ജലി പി. വി.സ്വാഗതവും മേലേംപാട്ട് സോമന്‍ നന്ദിയും പറഞ്ഞു.
ശതോത്തരം പരിപാടിയുടെ സമാപനസമ്മേളനം ഉദ്ഘാടനവും ശതാബ്ദിക്കെട്ടിടത്തിന്‍റെ ശിലാസ്ഥാപനവും ഇന്ന് വൈകിട്ട് 3.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. റവന്യൂ വകുപ്പു മന്ത്രികെ. രാജന്‍ അദ്ധ്യക്ഷനായിരിക്കും. തൃശൂര്‍ എംഎല്‍എ പി.ബാലചന്ദ്രന്‍ ചരിത്രപുസ്തകം ചലച്ചിത്ര സംവിധായകന്‍ സത്യന്‍ അന്തിക്കാടിന് ആദ്യപ്രതി നല്‍കി പ്രകാശനം ചെയ്യും.