15 December, 2022 07:28:05 PM


കോട്ടയം മെഡിക്കൽ കോളേജും റോബോട്ടിക് ശസ്ത്രക്രിയയിലേക്ക്; പരിശീലനം ആരംഭിച്ചു



കോട്ടയം:  കോട്ടയം മെഡിക്കൽ കോളേജും റോബോട്ടിക് ശസ്ത്രക്രിയയിലേക്ക്. ഈ ശസ്ത്രക്രീയക്കായി ഡോക്ടർമാർക്കുള്ള പരിശീലനം ആരംഭിച്ചു. പരിശീലനം വെള്ളിയാഴ്ച വൈകിട്ട് അവസാനിക്കും. റോബോട്ടിക് ശസ്ത്രക്രീയ താക്കോൽദ്വാര ശസ്ത്രക്രിയയുടെ നൂതന ചികിത്സാരീതിയും ഏറെ മികച്ചതുമാണ്.

രോഗിയുടെ ശരീര ഭാഗങ്ങളുടെ ഉള്ളിലേയ്ക്ക് ഉപകരണങ്ങൾ കടത്തിവിട്ട് റോബോട്ടിന്റെ സഹായത്തോടെ ശസ്ത്രക്രിയ നടത്തുന്നതാണ് ചികിത്സാ രീതി. അതിനായി പ്രത്യേകതരം റോബോട്ടിക് സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുന്നു. രോഗിയുടെ ആന്തരിക അവയവങ്ങളുടെ കൃത്യവും വ്യക്തവുമായ ധാരണ ലഭിക്കുന്നതോടൊപ്പം വളരെ കൃത്യമായി ശസ്‌ത്രക്രീയകൾ ചെയ്യുന്നതിനും ഈ സംവിധാനം ഉപകാരപ്പെടുന്നു.

ജനറൽ സർജറി , ഗ്യാസ്ട്രോ സർജറി, യൂറോ സർജറി, ഓങ്കോ സർജറി , തൊറാസിക് സർജറി , ന്യൂറോ സർജറി തുടങ്ങിയ എല്ലാ സ്പെഷ്യാലിറ്റികളിലും വളരെ ഉപയോഗപ്രദമാകുകയാണ് ഈ വിധത്തിലുള്ള ശസ്ത്രക്രീയകൾ. ഇപ്പോൾ അത്രയൊന്നും സർവ്വസാധാരണമല്ലെങ്കിലും ഭാവിയിൽ രോഗികൾക്ക് ഏറെ പ്രയോജനപ്പെടുന്നതാണ് റോബോട്ടിക് ശസ്ത്രക്രീയകൾ. ഇൻട്യൂറ്റീവ് കമ്പനിയുടെ ഡാവിൻസി റോബോട്ടിക് സർജറി യൂണിറ്റാണ് ഇവിടെ എത്തിയിട്ടുള്ളത്.

കോട്ടയം മെഡിക്കൽ കോളജിലെ ജനറൽ സർജറി വിഭാഗം യൂണിറ്റ് 6 ലെ ഡോ.ജി.ഗോപകുമാറിനു മാത്രമാണ് നിലവിൽ പരിശീലനം ലഭിച്ചിട്ടുള്ളത്. അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ മറ്റ് വിഭാഗങ്ങളിലെ മുഴുവൻ ഡോക്ടർമാർക്കും പരിശീലനം നല്കും. ഇതിനു വേണ്ടിയാണ് ഇപ്പോൾ ഒരു റോബോട്ട് യൂണിറ്റ് ഇവിടെ എത്തിച്ചിരിക്കുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K