10 December, 2022 02:11:15 PM
കോഴിക്കോട് വടകരയിൽ പത്ത് വയസുകാരിക്ക് ജപ്പാൻ ജ്വരം സ്ഥിരീകരിച്ചു
കോഴിക്കോട്: വടകരയിൽ പത്ത് വയസുകാരിക്ക് ജപ്പാൻ ജ്വരം സ്ഥിരീകരിച്ചു. ഉത്തർപ്രദേശ് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി കോഴിക്കോട് മെഡിക്കൽ കോളജ് മാതൃ- ശിശു സംരക്ഷണ കേന്ദ്രത്തിൽ ചികിത്സയിലാണ്. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. രണ്ട് ദിവസം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന കുട്ടിയെ വാർഡിലേക്ക് മാറ്റിയിട്ടുണ്ട്. ആഗ്ര സ്വദേശിയായ കുട്ടിയുടെ കുടുംബം രണ്ട് വർഷമായി വടകരയിലാണ് താമസം. ആരോഗ്യ വകുപ്പിലെ സംഘം ഇന്ന് വടകരയിലെത്തും
എന്താണ് ജപ്പാൻ ജ്വരം
തലച്ചോറിന്റെ ആവരണത്തെ ബാധിക്കുന്ന, കൊതുകു പരത്തുന്ന മാരകമായ ഒരിനം വൈറസ് രോഗമാണു ജപ്പാൻ ജ്വരം അഥവാ ജാപ്പനീസ് എൻസെഫാലിറ്റിസ്. ഇത് ഒരു ജന്തുജന്യരോഗം ആണ്. 1871 ൽ ആദ്യമായി ജപ്പാനിൽ റിപ്പോർട്ട് ചെയ്തതിനാലാണ് ഈ രോഗത്തിന് ഈ പേരു വന്നത്. തുടർന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടു. 1956 ൽ ആണ് ഇന്ത്യയിൽ ആദ്യമായി തമിഴ് നാട്ടിൽ ഇത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. സ്വച്ഛ ഭാരത് സർവ്വേ പ്രകാരം ഇന്ത്യയിൽ പരിസര ശുചിത്വത്തിൽ ഏറ്റവും പിന്നിൽ നിൽക്കുന്ന ജില്ലകളായ ഉത്തർപ്രദേശിലെ ഗൊണ്ട, ബസി എന്നിവ ഗൊരഖ്പൂരിനടുത്താണ്. ഈ ജില്ലകളിലാണ് ജപ്പാൻ ജ്വരം എറ്റവും അധികം റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
ഒരു തരം വൈറസാണ് രോഗകാരണം. പകരുന്നത് ക്യൂലെക്സ് കൊതുകു വഴിയാണ്. ഇതേ വിഭാഗത്തിലുള്ള കൊതുകുകളാണ് മന്തുരോഗവും ഉണ്ടാക്കുന്നത്. ഈഡിസ് ശുദ്ധജലത്തിൽ മുട്ടയിട്ടു പെരുകുമ്പോൾ ക്യൂലെക്സ് കൊതുകുകൾ മുട്ടയിടുന്നത് കെട്ടിക്കിടക്കുന്ന മലിനജലത്തിലാണ്. പന്നികളിലും ചിലയിനം ദേശാടനപക്ഷികളിലും നിന്നാണ് കൊതുകുകൾക്ക് വൈറസിനെ ലഭിക്കുന്നത്. ഈ കൊതുകുകൾ മനുഷ്യനെ കടിക്കുമ്പോൾ അവർക്ക് രോഗം വരുന്നു. എന്നാൽ മനുഷ്യനിൽ നിന്നും വേറൊരാൾക്ക് കൊതുകുകളിലൂടെ പോലും രോഗം പകരില്ല. ശക്തമായ പനി, വിറയൽ, ക്ഷീണം, തലവേദന, ഓക്കാനവും ഛർദിയും ഓർമക്കുറവ്, മാനസിക വിഭ്രാന്തി, ബോധക്ഷയം തുടങ്ങിയവയാണു പ്രധാന ലക്ഷണങ്ങൾ. മസ്തിഷ്കത്തെ ബാധിക്കുന്ന ഈ രോഗം മൂർച്ഛിച്ചാൽ മരണവും സംഭവിക്കാം.