23 October, 2022 08:54:01 PM


കോട്ടയം ജില്ലാ ആയുർവേദ ആശുപത്രി കേരളത്തിലെ മികച്ച ആയുർവേദ ചികിത്സാകേന്ദ്രം - തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍



കോട്ടയം: ഏഴാമത് ദേശീയ ആയുർവേദ ദിനാചരണം കോട്ടയം ജില്ലാ ആയുർവേദ ആശുപത്രിയിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎല്‍എ ഉദ്ഘാടനം ചെയ്തു. വയസ്കര ജില്ലാ ആയുർവേദ ആശുപത്രി കേരളത്തിലെ തന്നെ മികച്ച ആയുർവേദ ചികിത്സാകേന്ദ്രമാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചൂണ്ടികാട്ടി. കൂടുതൽ മികച്ച സേവനങ്ങൾ ലഭ്യമാക്കുവാൻ പശ്ചാത്തല സൗകര്യങ്ങൾ വർദ്ധിപ്പിച്ച് ആധുനികവൽക്കരണത്തിനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യണമെന്നും അതിനായി ജില്ലാ പഞ്ചായത്ത് മുൻകൈയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആശുപത്രി അങ്കണത്തിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് നിർമല ജിമ്മി അധ്യക്ഷത വഹിച്ചു. ആയുർവേദ ചികിത്സയുടെ കാലിക പ്രസക്തിയെക്കുറിച്ചും ജീവിതശൈലി രോഗ നിർമ്മാർജനത്തിൽ ആയുർവേദത്തിന്‍റെ അനന്തസാധ്യതകളെ കുറിച്ചും വിവരിച്ചുകൊണ്ടായിരുന്നു നിര്‍മ്മല ജിമ്മി സംസാരിച്ചത്. ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ശ്രീലതാ എസ് ആയുർവേദ ദിന സന്ദേശം നൽകി. വാരാചരണത്തിന്‍റെ ഭാഗമായി  ഔഷധസസ്യപ്രദർശനം, ബോധവൽക്കരണ ക്ലാസുകൾ, സ്പെഷ്യൽ ഒപികൾ, ആരോഗ്യ പ്രശ്നോത്തരി എന്നിവ തുടർദിവസങ്ങളിൽ സംഘടിപ്പിക്കുമെന്ന് സിഎംഓ പറഞ്ഞു.

ആയുർവേദ ചികിത്സാ ശാസ്ത്രത്തിന്‍റെ ഉപജ്ഞാതാവായ ശ്രീ ധന്വന്തരി ഭഗവാന്‍റെ ഉത്ഭൂതദിനമായ കാർത്തിക മാസത്തിലെ ത്രയോദശി നാളിലാണ് എല്ലാ വർഷവും ദേശീയ ആയുർവേദ ദിനം ആചരിക്കുന്നത്. സ്വാതന്ത്ര്യത്തിന്‍റെ 75-ാം വർഷത്തിൽ ആഘോഷിക്കുന്ന ആസാദി കാ അമൃത് മഹോത്സവത്തിന്‍റെ ഭാഗമായി "എല്ലാ വീട്ടിലും എല്ലാ ദിവസവും ആയുർവേദം" (ഹർ ഘർ ഹർ ദിൻ ആയുർവേദ) എന്ന സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുന്നതിന് തുടർന്നുള്ള ഏഴു ദിവസങ്ങളിൽ വിവിധ പ്രബോധന പരിപാടികൾ ആശുപത്രിയിൽ ഒരുക്കിയിട്ടുണ്ടെന്ന് ചടങ്ങില്‍ സംസാരിച്ച സീനിയർ മെഡിക്കൽ ഓഫീസർ ഡോ. അരുൺ കുമാർ അറിയിച്ചു. 

പൊതുജനങ്ങൾക്കായുള്ള ആരോഗ്യ പ്രശ്നോത്തരി ഡോ. ലക്ഷ്മി നയിച്ചു. "ലഹരിക്ക് മേൽ മനസ്സിന്‍റെ വിജയം" എന്ന വിഷയം അടിസ്ഥാനമാക്കി മാനസികാരോഗ്യ വിദഗ്ധൻ ഡോ. കമൽ ദീപ് കെ  ക്ലാസ് എടുത്തു.  ഒരു മാസം നീണ്ടുനിൽക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിൻ "മനസ്വി" ക്ക് തുടക്കം കുറിച്ചു. തുടർ ദിവസങ്ങളിൽ സ്കൂൾ കുട്ടികൾക്കായി ലഹരി വിരുദ്ധ ക്യാമ്പയിൻ, പ്രശ്നോത്തരി, ചിത്രരചന മത്സരങ്ങൾ തുടങ്ങിയവ  സംഘടിപ്പിക്കുന്നതാണ്.  അഗ്നിശമന സേനാംഗങ്ങൾക്കായി മാനസിക സമ്മർദ്ദ ലഘൂകരണ പരിശീലന പരിപാടിയും രോഗ പരിശീലനവും നടത്തും.

എച്ച് എം സി അംഗങ്ങളായ എസ് രാജീവ്, ജേക്കബ് കുര്യാക്കോസ്, ജെയിംസ് കാഞ്ഞിരപ്പള്ളി,  ഗൗതം എൻ നായർ, ജെയിംസ് പതിയിൽ, അഡ്വ. ഫിൽസൺ മാത്യൂസ്, അജീഷ് ഐസക്, കൗൺസിലർ ജയമോൾ, എ എം എ ഐ പ്രതിനിധി ഡോ. ജസ്റ്റിൻ കെ സി, സീനിയർ ഫാർമസിസ്റ്റ് ബെൻസി പോൾ തുടങ്ങിയവർ സംസാരിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K