20 October, 2022 06:37:45 PM
കോട്ടയം ജില്ലാ പി.എസ്.സി. ഓഫിസ്: പുതിയ കെട്ടിടം 21ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
കോട്ടയം: കേരള പബ്ലിക് സർവീസ് കമ്മീഷൻ കോട്ടയം ജില്ലാ ഓഫീസിന് പുതുതായി നിർമിച്ച കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ നാളെ (ഒക്ടോബർ 21) രാവിലെ 11.30 ന് ഉദ്ഘാടനം ചെയ്യും. മുട്ടമ്പലത്ത് നിലവിലെ ഓഫീസിന് സമീപം 1545.61 ചതുരശ്ര മീറ്ററിൽ നാലു നിലകളുള്ള കെട്ടിടം 3.21 കോടി രൂപ ചെലവിലാണ് നിർമിച്ചത്. പരീക്ഷാ ഹാൾ, ഗ്രൗണ്ട് ഫ്ളോറിൽ പാർക്കിംഗ്, ഒന്നാം നിലയിൽ ഓഫീസ്, രണ്ടാം നിലയിൽ ഓൺലൈൻ പരീക്ഷ കേന്ദ്രം എന്നിവയാണ് സജ്ജീകരിച്ചിട്ടുള്ളത്.
ജില്ലാ ഓഫിസ് മാത്രമാണ് ആദ്യഘട്ടത്തിൽ പ്രവർത്തിക്കുക. കെട്ടിടത്തിൽ സജ്ജീകരിക്കുന്ന 155 ഇരിപ്പിടങ്ങളുള്ള ഓൺലൈൻ പരീക്ഷാ കേന്ദ്രത്തിന് ഭരണാനുമതി നൽകിയുള്ള പ്രഖ്യാപനം ചടങ്ങിൽ നിർവഹിക്കും. ഓൺലൈൻ പരീക്ഷാകേന്ദ്രം തയാറാകുന്നതോടെ കോട്ടയം ജില്ലയിലെ ഉദ്യോഗാർഥികൾക്ക് സ്വന്തം ജില്ലയിൽ തന്നെ ഓൺലൈൻ പരീക്ഷ എഴുതാനുള്ള അവസരം ലഭിക്കും. കേരള സർക്കാർ ഏറ്റെടുത്ത സ്ഥലത്താണ് പൊതുമരാമത്ത് വകുപ്പ് പുതിയ കെട്ടിടം നിർമിച്ചിട്ടുള്ളത്.
ചടങ്ങിൽ പി.എസ്.സി. ചെയർമാൻ അഡ്വ. എം.കെ. സക്കീർ അധ്യക്ഷത വഹിക്കും. മന്ത്രി വി.എൻ. വാസവൻ മുഖ്യാതിഥിയാകും. തോമസ് ചാഴികാടൻ എം.പി., തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, കമ്മീഷനംഗങ്ങളായ സി. സുരേശൻ, ഡോ.കെ.പി. സജിലാൽ, നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, ജില്ലാ കളക്ടർ ഡോ.പി.കെ. ജയശ്രീ, നഗരസഭാംഗം ജൂലിയസ് ചാക്കോ, പി.എസ്.സി സെക്രട്ടറി സാജു ജോർജ്, ജില്ലാ പി.എസ്.സി. ഓഫീസർ കെ.ആർ മനോജ്കുമാർ പിള്ള എന്നിവർ പങ്കെടുക്കും. പൊതുമരാമത്ത് കെട്ടിടവിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ പി. ശ്രീലേഖ റിപ്പോർട്ട് അവതരിപ്പിക്കും.