01 September, 2022 06:55:42 PM
വിലക്കുറവിൽ വാങ്ങാം പച്ചക്കറി; 'ഹോർട്ടി സ്റ്റോർ' പച്ചക്കറി വണ്ടി കോട്ടയത്ത് പര്യടനം തുടങ്ങി
കോട്ടയം: ഓണവിപണിയിൽ കുറഞ്ഞവിലയ്ക്കു പച്ചക്കറികൾ എത്തിക്കാൻ ഹോർട്ടികോർപിന്റെ സഞ്ചരിക്കുന്ന 'ഹോർട്ടി സ്റ്റോർ' ജില്ലയിൽ ഓടിത്തുടങ്ങി. സെപ്റ്റംബർ ഏഴുവരെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ മൊബൈൽ ഹോർട്ടി സ്്‌റ്റോറെത്തും. രാവിലെ ഒൻപതുമുതൽ വൈകിട്ട് ഏഴുവരെയാണു പ്രവർത്തനം.
കളക്ട്രേറ്റിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി ഉദ്ഘാടനവും ആദ്യ വിൽപ്പനയും നിർവഹിച്ചു. ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ പര്യടനത്തിന്റെ ഫ്ളാഗ് ഓഫ് നിർവഹിച്ചു. പ്രിൻസിപ്പൽ കൃഷി ഓഫീസർ ഗീതാ വർഗീസ്, കൃഷി ഡപ്യൂട്ടി ഡയറക്ടർ എ.വി. അനിത, കൃഷി അസിസ്റ്റന്റ് ഡയറക്ടർ റീനാ കുര്യൻ, ഹോർട്ടികോർപ് അസിസ്റ്റന്റ് മാനേജർമാരായ സതീഷ് ചന്ദ്രൻ, ജിജീഷ് എന്നിവർ പങ്കെടുത്തു.
ഇന്നലെ കഞ്ഞിക്കുഴി-കോട്ടയം നഗരം എന്നിവടങ്ങളിൽ പര്യടനം നടത്തി. ഇന്ന് (സെപ്റ്റംബർ 2) കോട്ടയം-ഏറ്റുമാനൂർ റോഡ്, മൂന്നിന് കഞ്ഞിക്കുഴി-പാമ്പാടി, നാലിനു കറുകച്ചാൽ-നെടുംകുന്നം-പൊൻകുന്നം, അഞ്ചിന് അയർക്കുന്നം-പാലാ റോഡ്, ആറിന് കോട്ടയം-ചിങ്ങവനം-കുറിച്ചി-കാവാലം, ഏഴിനു കോട്ടയം-കഞ്ഞിക്കുഴി-വടവാതൂർ-കലക്ട്രേറ്റ് എന്നിവിടങ്ങളിൽ പച്ചക്കറി വണ്ടിയെത്തും.