21 August, 2022 02:17:00 PM
രാജധാനി, ശതാബ്ദി, തുരന്തോ എക്സ്പ്രസുകൾ ഓർമ്മയാകും; പകരം വന്ദേ ഭാരത് ട്രെയിനുകൾ
ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേ പ്രീമിയം ട്രെയിനുകള്‍ ഘട്ടംഘട്ടമായി നിര്‍ത്തലാക്കാന്‍ തീരുമാനിച്ചതോടെ രാജധാനി എക്സ്പ്രസ്, ശതാബ്ദി എക്സ്പ്രസ്, തുരന്തോ തുടങ്ങി രാജ്യത്തുടനീളം ഓടുന്ന പ്രീമിയം ട്രെയിനുകള്‍ ഇനി ചരിത്രത്തിന്‍റെ ഭാഗമാകും. സെമി-ഹൈ സ്പീഡ് വന്ദേഭാരത് എക്സ്പ്രസുകൾ ഓടിക്കാനാണ് റെയിൽവേയുടെ പദ്ധതി. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഡല്‍ഹി-മുംബൈ, ഡല്‍ഹി-കൊല്‍ക്കത്ത എന്നീ പാതകളില്‍ സെമി ഹൈസ്പീഡ് ട്രെയിനുകള്‍ ഓടാന്‍ തുടങ്ങുമെന്ന് റെയില്‍വേ അറിയിച്ചു.
സെമി-ഹൈ സ്പീഡ് ട്രെയിനുകള്‍ ഓടിക്കാന്‍ ഇന്ത്യന്‍ റെയില്‍വേയുടെ വൈദ്യുതി, സിഗ്നലിംഗ് സംവിധാനം, ട്രാക്ക്, റോളിംഗ് സ്റ്റോക്ക് (എഞ്ചിന്‍-കോച്ച്) എന്നിവ പൂര്‍ണമായും മാറ്റിസ്ഥാപിക്കേണ്ടതുണ്ടെന്ന് റെയില്‍വേ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. റെയില്‍ യാത്ര വേഗത്തിലാക്കാന്‍ ട്രെയിനുകളുടെ പ്രവര്‍ത്തനത്തിലും സുഖകരവും സുരക്ഷിതവുമായ അത്യാധുനിക സാങ്കേതികവിദ്യ നടപ്പിലാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഐസിഎഫ്, എല്‍എച്ച്ബി കോച്ചുകള്‍ ഇപ്പോള്‍ പഴയ സാങ്കേതികവിദ്യയിലാണ് പ്രവര്‍ത്തിക്കുന്നത്. ഇതിനു പകരമായി രാജധാനി, ശതാബ്ദി, തുരന്തോ, സൂപ്പര്‍ഫാസ്റ്റ് ട്രെയിനുകള്‍ക്ക് പകരം വന്ദേ ഭാരത് എക്സ്പ്രസും പുതിയ അത്യാധുനിക സാങ്കേതിക വിദ്യകളുള്ള ട്രെയിന്‍ സെറ്റുകളും കൊണ്ടുവരും. ഈ ട്രെയിനുകള്‍ക്ക് 160 മുതല്‍ 260 കിലോമീറ്റര്‍ വരെ വേഗതയില്‍ ഓടാന്‍ കഴിയും. 524 വന്ദേ ഭാരത് എക്‌സ്പ്രസും ട്രെയിന്‍ സെറ്റുകളും റെയില്‍വേ നിര്‍മ്മിക്കും.
സര്‍ക്കാര്‍ 40,000 കോടിയിലധികം രൂപയാണ് പദ്ധതിക്കായി നിക്ഷേപിക്കുന്നത്. പദ്ധതിയുടെ ഭാഗമായി 2023 ഓഗസ്റ്റ് 15-ന്, 75 വന്ദേ ഭാരത് ട്രെയിനുകള്‍ അവതരിപ്പിക്കും. നിലവിലുള്ള രണ്ട് വന്ദേ ഭാരത് ട്രെയിനുകള്‍ മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയിലും പുതിയ വന്ദേ ഭാരത് ട്രെയിന്‍ 180 കിലോമീറ്റര്‍ വേഗതയിലും ഓടുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതിനുശേഷം 200, 220, 240, 260 കിലോമീറ്റര്‍ വേഗതയുള്ള വന്ദേ ഭാരതിന്റെ പുതിയ പതിപ്പുകള്‍ ഘട്ടം ഘട്ടമായി നിര്‍മ്മിക്കും. ഓരോ പുതിയ പതിപ്പിലും വന്ദേ ഭാരത് ട്രെയിനുകളുടെ വേഗത, സാങ്കേതിക, റെയില്‍ യാത്രാ സൗകര്യങ്ങള്‍ എന്നിവയില്‍ മാറ്റം വരുമെന്നും അദ്ദേഹം പറഞ്ഞു.
ഡല്‍ഹി-ഹൗറ, ഡല്‍ഹി-കൊല്‍ക്കത്ത റൂട്ടുകളില്‍ 180-200 കിലോമീറ്റര്‍ വേഗതയിലുള്ള സെമി-ഹൈ സ്പീഡ് ട്രെയിനുകള്‍ സഞ്ചരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിനായി 18,000 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. സെമി-ഹൈ സ്പീഡ് ട്രെയിനുകള്‍ ഓടിക്കാന്‍ പഴയ സിഗ്‌നലിങ് സംവിധാനത്തിനു പകരം കാബ് സിഗ്‌നലിങ് സംവിധാനമാണ് റെയില്‍വേ നടപ്പാക്കുന്നത്.
ഇതിലൂടെ, ട്രെയിന്‍ ഡ്രൈവര്‍ക്ക് ട്രാക്കിന്റെ സൈഡിലുള്ള സിഗ്‌നല്‍ കാണേണ്ട ആവശ്യം വരുന്നില്ല. എഞ്ചിന്‍ ക്യാബിലെ സ്‌ക്രീനില്‍, ഏത് ഡ്രൈവര്‍മാരാണ് ട്രെയിന്‍ ഓടിക്കുന്നതെന്ന് കാണാന്‍ സാധിക്കും. റെയില്‍വേയുടെ കവാച്ച് സാങ്കേതിക വിദ്യയില്‍ ക്യാബ് സിഗ്‌നലിംഗ് ലഭ്യമാണ്. ഡല്‍ഹി-ഹൗറ, ഡല്‍ഹി-മുംബൈ റെയില്‍ പാതകളില്‍ കവാച്ച് സാങ്കേതികവിദ്യ നടപ്പിലാക്കുന്നതിന് 10,000 കോടി രൂപ അനുവദിച്ചതായി റെയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതിന്റെ ടെന്‍ഡര്‍ അന്തിമഘട്ടത്തിലാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.