24 November, 2023 11:20:58 AM
ഉത്തരാഖണ്ഡ് തുരങ്കത്തിലെ അപകടം; രക്ഷാപ്രവര്‍ത്തനം ഉച്ചയ്ക്ക് പുനരാരംഭിക്കും
ഉത്തരകാശി: ഉത്തരാഖണ്ഡില്‍ സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ ഇന്ന് പുനരാരംഭിക്കും. ഉച്ചയോടെ വീണ്ടും ഡ്രിംല്ലിംഗ് മെഷീന്‍ ഉറപ്പിച്ച അടിത്തറ സജ്ജമാക്കി രക്ഷാപ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് വിവരം.
ഉത്തരകാശിയില്‍ നടക്കുന്ന രക്ഷാപ്രവര്‍ത്തനം കഴിഞ്ഞദിവസം രാത്രിയില്‍ ഡ്രില്ലിംഗ് മെഷീന്‍ പണിമുടക്കിയതിനെ തുടര്‍ന്ന് തടസപ്പെട്ടിരുന്നു. സംഭവസ്ഥലത്തെത്തിയ മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിയും ഇക്കാര്യം വ്യക്തമാക്കിയിരുന്നു.
അതേസമയം ഡിആര്‍ഡിഒ മിനി ഡ്രോണുകളും റോബോര്‍ട്ടുകളും ഉപയോഗിച്ച് തൊഴിലാളികളുമായി സംവദിക്കുന്നുണ്ട്. അപകടം ഉണ്ടായ സ്ഥലത്തേക്ക് പൈപ്പല് ലൈനിലൂടെ ആഹാരവും വെള്ളവും അടക്കം വിതരണം ചെയ്ത് വരികയാണ്.
തൊഴിലാളികള്‍ കുടുങ്ങി കിടക്കുന്നതിന് തൊട്ടടുത്തായി എത്തിയപ്പോഴാണ് ഡ്രില്ലിംഗ് മെഷീനില്‍ സാങ്കേതിക തകരാറുണ്ടായത്. എന്നാല്‍ രാവിലെ തന്നെ കേടുപാടുകള്‍ പൂര്‍ത്തീകരിച്ച് രക്ഷാപ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇന്റര്‍നാഷണല്‍ ടണലിംഗ് എക്‌സ്‌പേര്‍ട്ട് അര്‍ണോള്‍ഡ് ഡിക്‌സ് പറഞ്ഞു. ഇടിഞ്ഞുവീണ അവശിഷ്ടങ്ങള്‍ക്ക് ഇടയിലൂടെ 46 മീറ്റര്‍ തുരന്നു കഴിഞ്ഞു. ഇന്നു തന്നെയോ അല്ലെങ്കില്‍ നാളെക്കുള്ളില്‍ തൊഴിലാളികളെ പുറത്തെത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് രക്ഷാപ്രവര്‍ത്തകര്‍.