23 November, 2023 10:28:47 AM
പഞ്ചാബിലെ ഗുരുദ്വാരയിൽ വെടിവെപ്പ്; പൊലീസുകാരൻ കൊല്ലപ്പെട്ടു
കപൂർത്തല: പഞ്ചാബിലെ കപൂർത്തലയിലെ ഗുരുദ്വാരയിലുണ്ടായ വെടിവെപ്പിൽ പൊലീസുകാരൻ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് പരിക്കേറ്റു. ഗുരുദ്വാരയുടെ ഉടമസ്ഥാവകാശത്തെച്ചൊല്ലിയാണ് സംഘർഷമുണ്ടായതെന്ന് അധികൃതർ പറഞ്ഞു. ഗുരുദ്വാര കൈയേറിയെന്നാരോപിച്ച് നിഹാംഗ് സിഖ് വിഭാഗത്തിൽപ്പെട്ട 10 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇതിനിടെ പൊലീസുകാർക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് കപൂർത്തല പൊലീസ് സൂപ്രണ്ട് തേജ്ബീർ സിംഗ് ഹുണ്ടൽ പിടിഐയോട് പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഗുരുദ്വാരയ്ക്കകത്ത് മുപ്പതോളം നിഹാംഗുകൾ തമ്പടിച്ചിരിക്കുന്നതായി ഔദ്യോഗികവൃത്തങ്ങൾ അറിയിച്ചു. പ്രദേശത്ത് പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.