30 June, 2022 12:46:01 PM


തൃശൂരില്‍ കാട്ടുപന്നികളില്‍ ആന്ത്രാക്സ്; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്



തൃശൂര്‍: തൃശൂരിൽ കാട്ടുപന്നികളിൽ ആന്ത്രാക്സ് സ്ഥിരീകരിച്ചു. മൃഗങ്ങളിൽ ആന്ത്രാക്‌സ് സ്ഥിരീകരിച്ചതിനാൽ അടിയന്തര നടപടികൾ സ്വീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. അതിരപ്പിള്ളി വനമേഖലയിലെ കാട്ടു പന്നികളിലാണ് ആന്ത്രാക്‌സ് സ്ഥിരീകരിച്ചത്. നേരത്തെ അതിരപ്പിള്ളി വന മേഖലയിൽ കാട്ടുപന്നികൾ കൂട്ടത്തോടെ ചത്തിരുന്നു. ഇതോടെയാണ് ആരോഗ്യ വകുപ്പും മൃഗസംരക്ഷണ വകുപ്പും വനം വകുപ്പും അന്വേഷണം നടത്തിയത്.

ബാസിലസ് ആന്ത്രാസിസ് മൂലമുള്ള രോഗബാധയാണ് ഇവയുടെ സാമ്പിളുകളിൽ നിന്ന് കണ്ടെത്തിയത്. ആന്ത്രാക്സ് സ്ഥിരീകരിച്ചതോടെ ചത്ത പന്നികളുടെ മൃതശരീരം നീക്കം ചെയ്യാനും മറവ് ചെയ്യാനുമായി പോയ ആളുകളെ നീരീക്ഷണത്തിലാക്കി. കാട്ടുപന്നികൾ ഉൾപ്പെടെയുള്ള മൃഗങ്ങൾ കൂട്ടത്തോടെ ചാകുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ആ സ്ഥലങ്ങളിൽ ആളുകൾ പോകരുത്. അവയുടെ മൃതശരീരങ്ങൾ കൈകാര്യം ചെയ്യാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. മൃഗസംരക്ഷണ വകുപ്പിലേയോ ആരോഗ്യ വകുപ്പിലേയോ വനം വകുപ്പിലേയോ ഉദ്യോഗസ്ഥരെ വിവരം അറിയിക്കേണ്ടതാണെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു.

തൃശൂർ ജില്ലയിൽ മൃഗങ്ങളിൽ വാക്‌സിനേഷൻ ആരംഭിക്കാനുള്ള നടപടികൾ മൃഗസംരക്ഷണ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. ബാസിലസ് ആന്ത്രാസിസ് എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ഒരു സാംക്രമിക രോഗമാണ് ആന്ത്രാക്‌സ്. മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന രോഗമാണിത്. യഥാസമയം ശരിയായ ചികിത്സ നൽകിയില്ലെങ്കിൽ രോഗം വഷളാകാനും മരണം വരെ സംഭവിക്കാനും സാധ്യതയുണ്ട്.

രോഗലക്ഷണങ്ങൾ ഇങ്ങനെ

പനി, വിറയൽ, തലവേദന, നെഞ്ചുവേദന, ശ്വാസംമുട്ടൽ, ചുമ, ഓക്കാനം, ഛർദി, വയറുവേദന, ക്ഷീണം, ശരീരവേദന എന്നിവ ബാധിക്കുന്ന ആന്ത്രാക്സിന്‍റെ ലക്ഷണങ്ങളാണ്. തൊലിപ്പുറത്തുണ്ടാകുന്ന ചൊറിച്ചിലോട് കൂടിയ കുരുക്കൾ, വ്രണങ്ങൾ എന്നിവ ക്യൂട്ടേനിയസ് ആന്ത്രാക്‌സിന്‍റെ ലക്ഷണങ്ങളാണ്. ഇവ സാധാരണയായി മുഖത്തും കഴുത്തിലും കൈകളിലുമാണ് കാണപ്പെടുന്നത്. ഇതുകൂടാതെ കുടലിനെ ബാധിക്കുന്ന ആന്ത്രാക്‌സുമുണ്ട്. പനി, കുളിര്, തൊണ്ടവേദന, കഴുത്തിലെ വീക്കം, ഓക്കാനം, ഛർദി, രക്തം ഛർദിക്കുക, മലത്തിലൂടെ രക്തം പോകുക, വയറുവേദന, ബോധക്ഷയം എന്നിവയാണ് ഇതിന്‍റെ ലക്ഷണങ്ങൾ.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K