05 June, 2022 04:32:08 PM
ഫലവൃക്ഷതൈകളും മികച്ച കർഷകർക്കുള്ള പുരസ്‌കാരങ്ങളും വിതരണം ചെയ്തു
കോട്ടയം: പരിസ്ഥിതി സംരക്ഷണം ഓരോ പൗരന്റെയും കടമയാണെന്ന് സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ പറഞ്ഞു. ലോകപരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി കാർഷിക വികസന-കർഷകക്ഷേമ വകുപ്പ് ഏറ്റുമാനൂർ വ്യാപാര ഭവൻ ഹാളിൽ സംഘടിപ്പിച്ച ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഫലവൃക്ഷതൈ വിതരണം, മികച്ച കർഷകരെയും കൃഷി ഉദ്യോഗസ്ഥരെയും ജൈവകാർഷിക പഞ്ചായത്തുകളെയും ആദരിക്കൽ, പുരസ്‌കാര വിതരണം എന്നിവയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
കൃഷി വകുപ്പിന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതി മാതൃകയാക്കാവുന്ന പദ്ധതിയാണ്. സുഭിക്ഷ കേരളം പദ്ധതിയിലൂടെ സംസ്ഥാനത്തെ പച്ചക്കറി ഉത്പാദനത്തിൽ വൻ വർധനയുണ്ടായി. ഏക്കറുകണക്കിന് തരിശു നിലങ്ങൾ കൃഷിയിടങ്ങളായതായും മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി അധ്യക്ഷയായി. ഞങ്ങളും കൃഷിയിലേക്ക് ഫലവൃക്ഷതൈ വിതരണോദ്ഘാടനം തോമസ് ചാഴിക്കാടൻ എം.പി നിർവഹിച്ചു.
ഏറ്റുമാനൂർ നഗരസഭാധ്യക്ഷ ലൗലി ജോർജ്ജ്, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, വൈസ് പ്രസിഡന്റ് തോമസ് കോട്ടൂർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി അജയൻ കെ. മേനോൻ, പ്രിൻസിപ്പൽ കൃഷി ഓഫീസർ ഗീത വർഗീസ്, കൃഷി ഡെപ്യൂട്ടി ഡയറക്ടർ റീന ജോൺ, എന്നിവർ പങ്കെടുത്തു.
2021-22 വർഷത്തെ മികച്ച ജൈവകാർഷിക പഞ്ചായത്തിനുള്ള പുരസ്‌കാരങ്ങൾ ആദ്യ മൂന്നു സ്ഥാനങ്ങളിലെത്തിയ ചിറക്കടവ്, പള്ളിക്കത്തോട്, പനച്ചിക്കാട് ഗ്രാമപഞ്ചായത്തുകൾക്കും 2020-21 വർഷത്തേത് എലിക്കുളം, നെടുംകുന്നം, കോരുത്തോട് ഗ്രാമപഞ്ചായത്തുകൾക്കും കൈമാറി. മികച്ച പച്ചക്കറി കർഷകനുള്ള പുരസ്‌കാരങ്ങൾ ആദ്യ മൂന്നു സ്ഥാനങ്ങളിലെത്തിയ ഷാജി ജോസഫ് (കുറിച്ചിത്താനം), ജോയി വി. മാത്യു (വൈക്കം), ബിജു ലൂക്കോസ് (മാഞ്ഞൂർ) എന്നിവർക്കും മികച്ച വിദ്യാർഥി കർഷകനുള്ള പുരസ്‌കാരം കെ. ഹരി നാരായൺ (മരങ്ങാട്ടുപള്ളി), വി. നിഖിൽ (കൂരോപ്പട), അഭിരാമി ബാബുരാജ് (വൈക്കം) എന്നിവർക്കും നൽകി.
മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള പുരസ്‌കാരങ്ങളിൽ ആദ്യ മൂന്നു സ്ഥാനങ്ങളിലെത്തിയ വൈക്കം എസ്.എം.എസ്.എൻ.എച്ച്.എസ്, കുമരകം എസ്.കെ.എം. എച്ച്.എസ്.എസ്., മണ്ണക്കനാട് ഒ.എൽ.സി. ഡെഫ് സ്‌കൂൾ എന്നിവയ്ക്കും മികച്ച അധ്യാപകർക്കുള്ള പുരസ്‌കാരം പ്രീതി വി. പ്രഭ (എസ്.എം.എസ്.എൻ. എച്ച്.എസ് വൈക്കം), സി. ബെറ്റി മോൾ തോമസ് (ഒ.എൽ.സി. ഡെഫ് സ്‌കൂൾ, മണ്ണക്കനാട്) എന്നിവർക്കും നൽകി. മികച്ച ക്ലസ്റ്ററിനുള്ള പുരസ്‌കാരം മണ്ണക്കനാട് പ്രതീക്ഷ വെജിറ്റബിൾ ക്ലസ്റ്ററിനും മികച്ച സ്വകാര്യമേഖലാ സ്ഥാപനത്തിനുള്ള പുരസ്‌കാരങ്ങൾ കുമരകം എസ്.എൻ. കോളജിനും നെടുംകുന്നം കെയറിംഗ് ഹാൻഡ്‌സ് മദർ തെരേസ ഹോമിനും മുണ്ടക്കയം ഇഞ്ചിയാനി ഹോളി ഫാമിലി എച്ച്.എസിനും പാലാ സെന്റ് ഡൊമനിക്‌സ് ചർച്ചിനും കൈമാറി.
സംസ്ഥാന തലത്തിലെ മികച്ച കർഷക പ്രതിഭയ്ക്കുള്ള പുരസ്‌കാരം (കോളജ് വിഭാഗം) മണ്ണക്കനാട് ജോസ് മോൻ ജേക്കബിനു നൽകി. മികച്ച ഉദ്യോഗസ്ഥർക്കുള്ള പുരസ്‌കാരങ്ങൾ അസിസ്റ്റന്റ് ഡയറക്ടർമാരായ മീനു ചാക്കോ (മാടപ്പള്ളി), എ.വി. അനിത (കാഞ്ഞിരപ്പള്ളി), ഷേർളി സക്കറിയ (കോഴ), കൃഷി ഓഫീസർമാരായ സ്‌നേഹലത മാത്യൂസ് (അകലക്കുന്നം), ഡോ. ബിനി ഫിലിപ്പ് (കൊഴുവനാൽ), ഹണി ലിസ ചാക്കോ (തീക്കോയി), കൃഷി അസിസ്റ്റന്റുമാരായ പി. സലിജ (കല്ലറ), പി.എൽ. അബ്രഹാം (മാഞ്ഞൂർ), എൻ. ബിന്ദു (വെച്ചൂർ) എന്നിവർ ഏറ്റുവാങ്ങി.
കൃഷി നമ്മുടെ ആരോഗ്യം എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ അഗ്മാർക്ക് ലാബ് എ.ഡി.എ. സിബി തോമസ് വിഷയാവതരണം നടത്തി.