25 May, 2022 05:32:32 PM
ഏറ്റുമാനൂരിലെ നെല്‍കര്‍ഷകരുടെ നിരീക്ഷണസമിതി വിവാദത്തില്‍; ഒടുവില്‍ പുനഃസംഘടിപ്പിച്ചു
ഏറ്റുമാനൂര്‍: നഗരസഭാ പരിധിയിലെ നെല്‍കര്‍ഷകര്‍ക്കായുള്ള നിരീക്ഷണസമിതി പുനസംഘടിപ്പിക്കണമെന്ന കൃഷി ഓഫീസറുടെ ആവശ്യം നഗരസഭ അട്ടിമറിച്ചെന്ന് ആരോപണം. ആരുമറിയാതെ എഴുതിയുണ്ടാക്കിയ സമിതിയെ അംഗീകരിക്കാനാവില്ലെന്ന് ചൂണ്ടികാട്ടി അംഗങ്ങള്‍ രംഗത്തെത്തിയതോടെ വിഷയം വിവാദമായി. ഇതേതുടര്‍ന്ന് ഇന്ന് നടന്ന കൌണ്‍സില്‍ യോഗത്തില്‍ ആറംഗങ്ങളടങ്ങിയ പുതിയ സമിതിയെ നോമിനേറ്റ് ചെയ്തു.
നിരീക്ഷണസമിതിയിലേക്ക് തിരഞ്ഞെടുപ്പ് നടത്തി ലിസ്റ്റ് തരണമെന്ന് ആവശ്യപ്പെട്ട് 2021 നവംബര്‍ രണ്ടിന് കൃഷി ഓഫീസര്‍ നഗരസഭയ്ക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ മാസങ്ങളോളം ഇത് വെളിച്ചം കണ്ടില്ല. സര്‍ക്കാരില്‍നിന്നും സമ്മര്‍ദ്ദം ഏറിയതിനെതുടര്‍ന്ന് കൃഷി ഓഫീസര്‍ തന്നെ മുന്‍കൈയെടുത്ത് ഏതാനും കര്‍ഷകരുടെ പേരുകള്‍ കണ്ടുപിടിച്ച് ഒരു ലിസ്റ്റ് നഗരസഭാ ചെയര്‍പേഴ്സണ് കൈമാറി. ഇത് ചര്‍ച്ചയ്ക്കെടുക്കാതെ തന്നെ ചെയര്‍പേഴ്സണ്‍ ഒപ്പിട്ട് അംഗീകരിച്ചു എന്നാണ് ആരോപണം.
ഇതിനുശേഷം കൃഷിഭവനില്‍ നിരീക്ഷണസമിതിയുടെ യോഗം ചേര്‍ന്നതറിഞ്ഞ മൂന്നാം വാര്‍ഡ് അംഗം ബീനാ ഷാജിയാണ് വിവരം മറ്റ് അംഗങ്ങളുടെ ശ്രദ്ധയില്‍പെടുത്തിയത്. കൌണ്‍സിലില്‍ ചര്‍ച്ച ചെയ്യാതെയും തീരുമാനിക്കാതെയും ആറ് പേരുടെ പേരുകള്‍ എഴുതി നല്‍കിയത് ഭരണപക്ഷത്തെ തന്നെ ചില അംഗങ്ങളുടെ നിര്‍ദ്ദേശപ്രകാരമാണെന്നും ആരോപണം ഉയര്‍ന്നു. സംഭവം വിവാദമായതോടെ നിലവിലെ നിരീക്ഷണസമിതിയെ അംഗീകരിക്കേണ്ടതില്ലെന്ന് തീരുമാനിച്ച കൌണ്‍സില്‍ യോഗം പുതിയ അംഗങ്ങളെ നോമിനേറ്റ് ചെയ്യുകയായിരുന്നു.
ഇന്ന് കൌണ്‍സില്‍ പുതുതായി രൂപീകരിച്ച നിരീക്ഷണസമിതിയിലെ അംഗങ്ങള്‍
1) മോന്‍സി പി.തോമസ് പേരുമാലില്‍, പേരൂര്‍ (വാര്‍ഡ് 18)
2) ഗോപാലന്‍ കല്ലുവേലില്‍, പേരൂര്‍ (വാര്‍ഡ് 16)
3) സജി മംഗലത്ത്, വെട്ടിമുകള്‍ (വാര്‍ഡ് 10)
4) അനീഷ് ജോസഫ് കരോട്ടുകുമ്മനത്തില്‍, തെള്ളകം (വാര്‍ഡ് 19)
5) രാജു വിലങ്ങിയില്‍, പേരൂര്‍ (വാര്‍ഡ് 14)
6) നന്ദകുമാരന്‍ നായര്‍ (വാര്‍ഡ് 9)