16 May, 2022 04:51:52 PM


കുട്ടനാട് - അപ്പർ കുട്ടനാട് മേഖലയിലെ മുഴുവൻ നെല്ലും സംഭരിക്കാൻ സർക്കാർ ഇടപെടൽ



കോട്ടയം: ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ കൊയ്ത്തുമായും, നെല്ല് സംഭരണവുമായും ബന്ധപ്പെട്ടുള്ള  നിലവിലെ പ്രശ്നക്കാർക്ക് പരിഹാരം കാണുന്നതിനായി സംസ്ഥാന ഭക്ഷ്യ സിവിൽ സർവ്വീസ് വകുപ്പ് മന്ത്രി ജി.ആർ അനിലും കൃഷിവകുപ്പ് മന്ത്രി പി. പ്രസാദും സംയുക്തമായി, ബന്ധപ്പെട്ടവരുമായി ചർച്ച നടത്തി പരിഹാര മാർഗ്ഗങ്ങൾ നിർദ്ദേശിച്ചു. പാടങ്ങളിൽ ശേഖരിച്ചിരിക്കുന്ന നെല്ല് ചുമതലപെടുത്തിയിരിക്കുന്ന മില്ല് ഉടമകൾ രണ്ടു ദിവസത്തിനിടെ പൂർണമായും സംഭരിക്കണമെന്നും ഇക്കാര്യത്തിലുള്ള അലംഭാവം ഗൗരവമായി കാണുമെന്നും മന്ത്രിമാർ അറിയിച്ചു.

ആവശ്യമെങ്കിൽ താൽക്കാലിക സ്‌റ്റോറേജ് സംവിധാനം ജില്ല ഭരണകൂടത്തിന്റെ സഹായത്തോടെ ഏർപ്പെടുത്തുവാൻ നിർദ്ദേശം നൽകി . നെല്ലിന്റെ ഇനം, ഗുണമേന്മ എന്നിവ സംബന്ധിച്ച തർക്കങ്ങൾ ഉയരുകയാണെങ്കിൽ ജില്ലാ ഭരണകൂടം അടിയന്തിരമായി ഇടപെടണമെന്നും യോഗത്തിൽ സംബന്ധിച്ച ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലാ കളക്ടർമാർക്ക് യോഗം നിർദേശം നൽകി. നെൽപ്പാടങ്ങളിൽ നിന്ന് യഥാസമയം നെല്ല് സംഭരിക്കുന്നു എന്നുറപ്പാക്കാൻ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ  പ്രിൻസിപ്പൽ കൃഷി ഓഫീസർ ,പാഡി മാർക്കറ്റിംഗ് ഓഫീസർ അടങ്ങുന്ന ഒരു കമ്മിറ്റി രൂപീകരിക്കുവാനും  തീരുമാനമായി.

ബന്ധപ്പെട്ട കൃഷി ഓഫീസർ ,നെല്ല് സംഭരണ ഓഫീസർ, ജില്ലാ കളക്ടർ ചുമതലപ്പെടുത്തുന്ന ഒരു ഡെപ്യൂട്ടി കളക്ടർ എന്നിവർ ഉൾപ്പെടുന്ന ഒരു കമ്മിറ്റി രൂപീകരിച്ച് തൽസ്ഥിതി എല്ലാ ദിവസവും ജില്ലാ കളക്ടറെ അറിയിക്കുവാനും തീരുമാനമായി. കൂടാതെ കൃഷി വകുപ്പ് സെക്രട്ടറി ,ഭക്ഷ്യ പൊതു വിതരണ സെക്രട്ടറി, കൃഷി ഡയറക്ടർ, സിവിൽ സപ്ലൈസ് ഡയറക്ടർ എന്നിവരടങ്ങുന്ന ഒരു ഉന്നതതല സമിതി എല്ലാ രണ്ടു ദിവസങ്ങളിലും ജില്ലാ കളക്ടറുമാരുമായി ബന്ധപ്പെട്ട് സ്ഥിതി വിശകലനം ചെയ്ത് മന്ത്രിമാർക്ക് റിപ്പോർട്ട് നൽകുവാനും യോഗം നിർദ്ദേശം നൽകി. 

കൊയ്ത്ത് ഇനിയും പൂർത്തിയാക്കുവാനുള്ള പാടശേഖരങ്ങളിൽ അനുയോജ്യമായ കൊയ്ത്ത് മെതിയന്ത്രം എത്തിക്കുവാനുള്ള നടപടികൾ ഉടനടി കൈക്കൊള്ളുവാനും കാലവർഷം ആരംഭിക്കുന്നതിൻ്റെ മുമ്പ് തന്നെ കൊയ്ത്ത്, സംഭരണം എന്നിവ പൂർത്തീകരിക്കുവാൻ ആവശ്യമായ ഇടപെടലുകൾ നടത്തുവാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മന്ത്രി  നിർദ്ദേശം നൽകി. യോഗത്തിൽ ബന്ധപ്പെട്ട വകുപ്പുകളുടെ സെക്രട്ടറിമാർ, ഭക്ഷ്യ പൊതു വിതരണ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ ,കൃഷി ഡയറക്ടർ ,മില്ലുടമകളുടെ  പ്രതിനിധികൾ ,ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K