09 May, 2022 06:03:08 PM


'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതി: കാരുണ്യസ്പര്‍ശവുമായി കുറവിലങ്ങാട് കൃഷിഭവന്‍



കുറവിലങ്ങാട്: ഞങ്ങളും കൃഷിയിലേക്ക് പദ്ധതി കുറവിലങ്ങാട് ഗ്രാമപഞ്ചായത്തുതല ഉദ്ഘാടനം മെയ് 10ന് രാവിലെ 10.00 മണിക്ക് കുറവിലങ്ങാട് കൃഷിഭവൻ ഹാളില്‍ നടക്കും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് മിനി മത്തായി അധ്യക്ഷയാകുന്ന സമ്മേളനത്തില്‍ നവജീവൻ മാനേജിംഗ് ട്രസ്റ്റി പി .യു. തോമസ് പദ്ധതി ഉദ്ഘാടനം ചെയ്യും. കൃഷി വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ പ്രീതാ പോൾ പദ്ധതി വിശദീകരിക്കും.


ഗ്രാമപഞ്ചായത്തിലെ 14 വാർഡിലെയും യുവകർഷകരെ ( യുവാവ് / യുവതി) ചടങ്ങില്‍ ആദരിക്കും. സംസ്ഥാന ഫലവൃക്ഷമായ പ്ലാവിൻ തൈകൾ നല്കി കൊണ്ട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അൽഫോൻസാ ജോസഫ്  മാധ്യമപ്രവര്‍ത്തകരെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയിലേക്ക്  ക്ഷണിക്കും. കഴിഞ്ഞ റിപ്പബ്ളിക്ക് ദിനത്തിൽ തുടക്കം കുറിച്ച അടുക്കളത്തോട്ടം @ അംഗൻവാടി - മാതൃകാ പോഷകത്തോട്ടം പദ്ധതി മികച്ച രീതിയിൽ നടപ്പിലാക്കായ 19 അംഗൻവാടികളിലേയും ജീവനക്കാരെ ബ്ളോക്ക് / ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികൾ ആദരിക്കും.


കരുണയുടെ കാവലാളായ പി .യു. തോമസിനെ ഉഴവൂർ ബ്ളോക്ക് എ‍ഡിഎ സിന്ധു കെ മാത്യു ആദരിക്കും. അനാഥരും ആലംബഹീനരുമായ ആയിരങ്ങൾക്ക് സാന്ത്വനമായും തണലായും പ്രവർത്തിച്ചു വരുന്ന തോമസിന് 73 നവജീവൻ കുടുംബാംഗങ്ങൾക്കുള്ള കുറവിലങ്ങാട് കൃഷിഭവൻ ടീം വക വസ്ത്രങ്ങൾ അദ്ദേഹത്തിന്‍റെ 73-ാമത് ജന്മദിന സമ്മാനമായി കൈമാറും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K