22 April, 2022 07:59:40 PM
ആധുനിക കൃഷിരീതികള്‍ സ്വീകരിച്ച് വാര്‍ഷിക വരുമാനം വര്‍ദ്ധിപ്പിക്കാം - മന്ത്രി കൃഷ്ണന്‍കുട്ടി
പാലക്കാട് : ആധുനിക കൃഷി രീതികള്‍ സ്വീകരിച്ച് കാര്‍ഷിക മേഖലയില്‍ വരുമാനം വര്‍ധിപ്പിക്കാമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി. ജില്ലാ കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
കാര്‍ഷിക മേഖലയിലെ തൊഴില്‍ സാധ്യതകള്‍ കൂടുതല്‍ പ്രയോജനപ്പെടുത്തേണ്ട സാഹചര്യമാണെന്നും അതിനുവേണ്ടിയാണ് 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതി നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു. പദ്ധതിയുടെ ഭാഗമായി ഓരോ പഞ്ചായത്തിലും 100 കുടുംബങ്ങളെ വീതം കൃഷി ഓഫീസര്‍മാര്‍ സന്ദര്‍ശിച്ച് ശാസ്ത്രീയ കൃഷി സംവിധാനങ്ങളെക്കുറിച്ച് ക്ലാസ്സുകള്‍ നല്‍കണമെന്നും തുടര്‍ന്ന് പദ്ധതിക്കായി പ്രൊജക്ട് തയ്യാറാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കുറഞ്ഞ കൃഷിഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം ഉണ്ടാക്കി കര്‍ഷകന് ജീവിക്കാന്‍ കഴിയുന്ന സാഹചര്യം ഉണ്ടാക്കണം. വളര്‍ന്ന് വരുന്ന മത്സര വിപണിയില്‍ ശാസ്ത്രീയമായി കൃഷി ചെയ്തില്ലെങ്കില്‍ കര്‍ഷകന് പിടിച്ചുനില്‍ക്കാനാവില്ല. കൃഷി എങ്ങനെ ശാസ്ത്രീയമായി ചെയ്യാമെന്ന് കര്‍ഷകനെ പഠിപ്പിക്കണം. ശാസ്ത്രീയമായി കൃഷിരീതി പഠിക്കുന്നതിന് ചിറ്റൂര്‍ മേഖല അനുയോജ്യമാണ്. പ്രിസിഷന്‍ ഫാമിംഗിലൂടെ വിളവും വരുമാനവും കൂട്ടാം. ഇത് ഇടവിള കൃഷിയായ കോഴി, കാലി വളര്‍ത്തല്‍ തുടങ്ങി മറ്റ് കൃഷികള്‍ക്കും സാധ്യതയുണ്ട്.
മൂല്യവര്‍ധിത ഉത്പാദന രംഗത്തേക്ക് തിരിയുന്നത് കര്‍ഷകരുടെ വരുമാനം ആറിരട്ടി വര്‍ദ്ധിപ്പിക്കും. കാര്‍ഷിക ഉത്പാദന മേഖലയില്‍ നിന്ന് വൈന്‍ നിര്‍മ്മിക്കുന്നതിനുള്ള സാധ്യതകള്‍ സര്‍ക്കാര്‍ പ്രയോജനപ്പെടുത്തും. ഇതിനായി ഒരു കമ്പനി രൂപീകരിച്ചു കഴിഞ്ഞു. കര്‍ഷകര്‍ക്ക് ലാഭവിഹിതം കൂടി ഉറപ്പുവരുത്തുന്നതാണ് ഇതിന്റെ ബൈലോ എന്നും മന്ത്രി പറഞ്ഞു. വൈന്‍ നിര്‍മ്മാണത്തിനായി വാഴപ്പഴം, മാങ്ങ, കൈതച്ചക്ക, ജാതിതോട്, കാന്താരിമുളക് തുടങ്ങി എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ എല്ലാ കുടുംബങ്ങളിലും കാര്‍ഷിക സംസ്‌കാരം ഉണര്‍ത്തുക, കേരളത്തെ ഭക്ഷ്യ സ്വയംപര്യാപ്തതയില്‍ എത്തിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ 100 ദിന പരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. പരിപാടിയില്‍ കര്‍ഷകന്‍ കെ.എ ജഗദീഷിനെ മന്ത്രി ആദരിച്ചു. കൃഷി സംരക്ഷണ പ്രതിജ്ഞ എടുത്തു. വിദ്യാര്‍ത്ഥികള്‍, റസിഡന്റ് അസോസിയേഷന്‍ പ്രതിനിധികള്‍, കുടുംബശ്രീ പ്രതിനിധികള്‍ എന്നിവര്‍ക്ക് പച്ചക്കറി തൈകള്‍ വിതരണം ചെയ്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ അധ്യക്ഷയായി. എം.എല്‍.എ മാരായ അഡ്വ. കെ ശാന്തകുമാരി, കെ.ബാബു, ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി. മുരുകദാസ്, ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി, പാലക്കാട് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ കെ.കെ സിനിയ, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. ലക്ഷ്മി ദേവി, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ എസ്.എം നൂറുദ്ദീന്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.