21 April, 2022 01:05:45 PM
പത്താമുദയം @ കാരണവർ കൂട്ടായ്മ: വ്യത്യസ്ത പരിപാടിയുമായി കുറവിലങ്ങാട് കൃഷിഭവൻ
കോട്ടയം: കാർഷികവൃത്തി ഈശ്വര കർമ്മമെന്ന് വിശ്വസിച്ച നല്ലവരായ മനുഷ്യരുടെ അനുഷ്ഠാനമാണ് പത്താമുദയം. പത്താമുദയത്തിനു പത്തു തൈ എങ്കിലും നടണമെന്നു പണ്ടുള്ളവർ പറഞ്ഞിരുന്നു. ആചാരവും വിശ്വാസവും എന്നതിനൊക്കെ അപ്പുറം, മണ്ണും മഴയും, വിളവുമെല്ലാം അറിയുന്ന പഴമുറക്കാരുടെ അനുഭവപാഠമായിരുന്നു.
മേടം പത്തിനു മലയാളികൾ പത്താമുദയം ആഘോഷിക്കുന്നതിനു പിന്നിൽ നൂറ്റാണ്ടുകളായി പിന്തുടരുന്ന കൃഷി അറിവുകളുടെ കുളിർമ്മയുണ്ട്. പൂർണ്ണമായും പ്രകൃതിയെ ആശ്രയിച്ചുള്ള കൃഷി രീതി ആയിരുന്നു പണ്ട്. പെയ്‌തു കിട്ടുന്ന മഴമാത്രമാണ് ആശ്രയം. കാലാവര്ഷത്തിന്റെയും തുലാവർഷത്തിന്റെയും കാര്യത്തിൽ സമ്പന്നമായിരുന്നു പഴമക്കാലം. ചാല് തെളിക്കലും വിത്തിറക്കലും തൈനടലുമെല്ലാം സൂര്യന്റെ യാത്രകളും ഞാറ്റുവേലകളുമെല്ലാം നോക്കി ചിട്ടപ്പെടുത്തിയത് സ്വാഭാവികം. തികച്ചും പ്രായോഗികവും. മേടം പത്ത്
തൈകൾ നടാനുള്ള ഏറ്റവും നല്ല ദിവസമായി പഴമക്കാർ തീർച്ചപ്പെടുത്തിയതും ഈ പ്രായോഗികതയുടെ വളക്കൂറുള്ള മണ്ണിൽ നിന്നുകൊണ്ടു തന്നെ.
കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിലെ 14 വാർഡുകളിലെ മുഴുവൻ കർഷകരും കൃഷിയിടങ്ങളുടേയും കാർഷിക വിഭവങ്ങളുടേയും പ്രതീകമായി പത്താമുദയ നാളായ ഏപ്രിൽ 23 ശനിയാഴ്ച 14 വാർഡുകളെ പ്രതിനിധീകരിച്ച് 14 കിഴങ്ങുവർഗ്ഗങ്ങൾ നടുന്നു. വാർഡ് പ്രതിനിധികളുടെ സാന്നിധ്യത്തിൽ പഴയകാല കർഷകർ (കാരണവർ കൂട്ടായ്മ) കൃഷിഭവൻ തൊടിയിൽ നട്ടുകൊണ്ട്
'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയിൽ കൈ കോർക്കും.
ചേന, ചേമ്പ്, കസ്തൂരി മഞ്ഞൾ, മധുര കിഴങ്ങ്, ചെറു കിഴങ്ങ്, ഇഞ്ചി മാങ്ങ, ഇഞ്ചി, മഞ്ഞൾ, കൂവ, കച്ചോലം, ശതാവേരി, കൂർക്ക, അടതാപ്പ്, കാച്ചിൽ എന്നീ 14 കിഴങ്ങു വർഗ്ഗങ്ങളാണ് നട്ടുപിടിപ്പിക്കുക.