08 March, 2022 04:03:18 PM
'ഞങ്ങളും കൃഷിയിലേക്ക്': വനിതാദിനത്തില്‍ 'പോഷക പൂന്തോട്ട'വുമായി 51 വനിതകൾ
കുറവിലങ്ങാട്: വനിതാദിനത്തില്‍ വനിതകള്‍ക്കായി 'പോഷക പൂന്തോട്ടം 2K22' എന്ന പദ്ധതിക്ക് തുടക്കംകുറിച്ച് കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിലെ കൃഷിഭവൻ ജീവനക്കാർ. 51 ഗ്രോബാഗുകളിൽ 51 വനിതകൾ പച്ചക്കറി തൈകൾ നട്ടു കൊണ്ടാണ് പദ്ധതിക്ക് ആരംഭമായത്. പദ്ധതി ഗ്രാമപഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലേക്ക് വ്യാപിപ്പിക്കും. പദ്ധതിയിൽ തുടക്കത്തില്‍ അണിചേർന്ന 51 വനിതകൾക്കും 51 പ്ലാവിൻതൈകൾ സൗജന്യമായി നല്കി ആദരിച്ചു.
കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്‍റെ ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതി ജനങ്ങളിൽ എത്തിക്കുന്നതിന്‍റെ ഭാഗമായി കൂടിയാണ് വനിതാ ദിനത്തിൽ വേറിട്ട കൃഷിസംരംഭവുമായി കൃഷിഭവന്‍ ജീവനക്കാര്‍ രംഗത്തെത്തിയത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് മിനി മത്തായി പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അൽഫോൻസാ ജോസഫ് അധ്യക്ഷത വഹിച്ചു. കൃഷി അസിസ്റ്റന്‍റ് ഡയറക്ടർ സിന്ധു കെ മാത്യു പദ്ധതി വിശദീകരിച്ചു . സ്റ്റാൻഡിഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ റ്റെസി സജീവ്, സന്ധ്യ സജികുമാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഡാർലി ജോജി, ജോയ്സ് അലക്സ്, ലതികാ സാജു, ബിജു പുഞ്ചായിൽ, ബേബി തൊണ്ടാംകുഴി കൃഷി ഓഫീസർ പാർവ്വതി ആർ എന്നിവർ സംസാരിച്ചു.