26 November, 2021 10:31:43 PM
നാടൻ പശുക്കളുമായി ധവള വിപ്ലവം; രശ്മിക്ക് 'ഗോപാൽ രത്‌ന' ദേശീയ അംഗീകാരം
കോട്ടയം: കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീര വികസന മന്ത്രാലയത്തിന്റെ ഗോപാൽ രത്‌ന അവാർഡ് കരസ്ഥമാക്കി മരങ്ങാട്ടുപിള്ളി പഞ്ചായത്ത് രണ്ടാം വാർഡിലെ കുര്യനാട് എടത്തനാൽ വീട്ടിൽ രശ്മി എബ്രഹാം. നാടൻ ഇനത്തിലുള്ള കന്നുകാലികളെ വളർത്തുന്ന മികച്ച രണ്ടാമത്തെ ക്ഷീരകർഷകർക്കുള്ള അവാർഡാണ് ലഭിച്ചത്.
ഡോ. വർഗീസ് കുര്യന്റെ ജന്മദിനത്തോടനുബന്ധിച്ച് ഇന്നലെ ഗുജറാത്തിലെ ആനന്ദിൽ വച്ച് നടന്ന ചടങ്ങിൽ കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ ക്ഷീരവികസന മന്ത്രി പുരുഷോത്തം രൂപാലയിൽ നിന്നാണ് മൂന്നു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് ഏറ്റുവാങ്ങിയത്. ഉഴവൂർ ബ്ലോക്കിലെ കുര്യനാട് ക്ഷീരസംഘത്തിലെ അംഗമാണ് രശ്മി. 2019 ൽ കേരള സർക്കാരിന്റെ ബയോഡൈവേഴ്‌സിറ്റി അവാർഡ് ലഭിച്ചിരുന്നു.
നാൽപ്പതോളം നാടൻ പശുക്കളും 18 സങ്കരയിനം പശുക്കളുമാണ് രശ്മിക്കുള്ളത്. അഞ്ചു പശുക്കളെ വാങ്ങാനായി 1.5 ലക്ഷം രൂപ ക്ഷീരവികസന വകുപ്പിൽ നിന്നും ഈ വർഷം ലഭിച്ചിരുന്നു. നാടൻ പശുവിൽ നിന്നും ഒരു ദിവസം 25 മുതൽ 30 ലിറ്റർ വരെ പാൽ ലഭിക്കും. ഇത് സമീപ പ്രദേശങ്ങളിൽ തന്നെയാണ് വിൽപന നടത്തുന്നത്. സങ്കരയിനത്തിൽ നിന്നും ലഭിക്കുന്ന 80 ലിറ്ററോളം പാൽ ക്ഷീര സംഘത്തിലൂടെയും വിൽപന നടത്തുന്നുണ്ട്.
പശുക്കൾക്കു പുറമെ വീടിനോട് ചേർന്നുള്ള 60 സെന്റിൽ പച്ചക്കറി കൃഷിയും മീൻ കൃഷിയും മുട്ടക്കോഴികളുമുണ്ട്. രാസവളവും കീടനാശിനിയും പ്രയോഗിക്കാതെ ഫാമിൽ നിന്ന് തന്നെ ലഭിക്കുന്ന ജൈവ വളം ഉപയോഗിച്ചാണ് പച്ചക്കറി കൃഷി ചെയ്യുന്നത്. മഴ മറ, അക്വാപോണിക്‌സ്, തുള്ളി നന, തിരി നന എന്നിങ്ങനെയുള്ള കൃഷി രീതികളെല്ലാം ഇവർ പ്രയോഗിക്കുന്നുണ്ട്.
മഴ മറയ്ക്കായി ഒരു ലക്ഷം രൂപ സബ്‌സിഡി ഇനത്തിൽ കൃഷി വകുപ്പിൽ നിന്നും ലഭിച്ചിരുന്നു. മീനും ജൈവ പച്ചക്കറികളും ഇക്കോ ഷോപ്പ് വഴിയാണ് വിറ്റഴിക്കുന്നത്. വിയന്നയിൽ ഐക്യരാഷ്ട്ര സംഘടനയുടെ ഓഫീസിലെ ഉദ്യോഗസ്ഥനായിരുന്ന കുര്യനാട് എടത്തനാൽ എബ്രഹാമാണ് രശ്മിയുടെ ഭർത്താവ്. സിനി, സിസി, അലീന, റിസ എന്നിവരാണ് മക്കൾ.