25 November, 2021 07:14:31 PM
എല്ലാ ബ്ലോക്കുകളിലും 24 മണിക്കൂറും വെറ്ററിനറി സേവനം - മന്ത്രി ജെ. ചിഞ്ചുറാണി
കോട്ടയം: എല്ലാ ബ്ലോക്കുകളിലും 24 മണിക്കൂറും വെറ്ററിനറി ഡോക്ടർമാരുടെ സേവനം ലഭ്യമാക്കുമെന്നും സംസ്ഥാനത്തെ ക്ഷീരകർഷകർക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുമെന്നും മൃഗസംരക്ഷണ-ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. ഉരുൾപൊട്ടലിലും മഴക്കെടുതിയിലും കൂട്ടിക്കൽ പഞ്ചായത്തിൽ മൃഗങ്ങളെ നഷ്ടപ്പെട്ട മൃഗപരിപാലന കർഷകർക്കുള്ള ധനസഹായവിതരണത്തിന്റെയും വിവിധ പദ്ധതികളുടെയും ഉദ്ഘാടനം സെന്റ് മേരീസ് ഓർത്തഡോക്‌സ് ചർച്ച് ഹാളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
ക്ഷീരകർഷകർ പ്രയാസം നേരിടുന്ന സ്ഥലങ്ങളിൽ 24 മണിക്കൂറും സേവനം ലഭ്യമാക്കാൻ 200 ജൂനിയർ വെറ്ററിനറി ഡോക്ടർമാരെ കരാറടിസ്ഥാനത്തിൽ നിയമിച്ച് പരിശീലനം നൽകുന്ന പദ്ധതിക്ക് അംഗീകാരമായി. 4.60 കോടി രൂപ ചെലവിൽ സംസ്ഥാനത്ത് 30 വെറ്ററിനറി ആംബുലൻസുകൾ കേന്ദ്ര സർക്കാർ അനുവദിച്ചിട്ടുണ്ട്. ഇതിലൊന്ന് കാഞ്ഞിരപ്പള്ളി ബ്ലോക്കിന് നൽകും. വെറ്ററിനറി ആംബുലൻസുകൾ വീടുകളിലെത്തി ക്ഷീര കർഷകർക്ക് സേവനം ലഭ്യമാക്കും.
മഴക്കെടുതിയിൽ പശുക്കളെയും തൊഴുത്തും പൂർണമായി നഷ്ടപ്പെട്ട കൊടുങ്ങ മംഗലത്ത് ഷീന ഷാജിയ്ക്ക് 78,100 രൂപയുടെ ധനസഹായം നൽകിയാണ് മന്ത്രി ഉദ്ഘാടനം നിർവഹിച്ചത്. പഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട 28 മൃഗപരിപാലന, ക്ഷീര കർഷകർക്കായി 3,85,000 രൂപ വിതരണം ചെയ്തു. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. അധ്യക്ഷത വഹിച്ചു. ഗോവർദ്ധിനി പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി നിർവഹിച്ചു. കർഷകർക്ക് ധാതുലവണ മിശ്രിതവും വിതരണം ചെയ്തു. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഒ.ടി. തങ്കച്ചൻ പദ്ധതി വിശദീകരിച്ചു.
കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. സജിമോൻ, ജില്ലാ പഞ്ചായത്തംഗങ്ങളായ പി.ആർ. അനുപമ, അഡ്വ. ശുഭേഷ് സുധാകരൻ, മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. എൻ. ജയദേവൻ, ബ്ലോക്ക് പഞ്ചായത്തംഗം അഞ്ജലി ജേക്കബ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെസി തോമസ്, സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻമാരായ കെ.എസ്. മോഹനൻ, എം.ആർ. രജനി, ജേക്കബ് ചാക്കോ, വെറ്ററിനറി സർജൻ ഡോ. നെൽസൻ എം. മാത്യു എന്നിവർ പ്രസംഗിച്ചു.
ദുരന്തമേഖലയിലെ മൃഗ സംരക്ഷകർക്കായി തലയോലപ്പറമ്പ് ലൈവ് സ്റ്റോക്ക് മാനേജ്‌മെന്റ് പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പ്രളയാനന്തര അതിജീവന കർഷക സെമിനാർ സംഘടിപ്പിച്ചു. എരുമേലി മൊബൈൽ ഫാം എയ്ഡ് യൂണിറ്റ് വെറ്ററിനറി സർജൻ ഡോ. എം.എസ്. സുബിൻ ക്ലാസെടുത്തു. കോട്ടയം മൊബൈൽ വെറ്ററിനറി ഹോസ്പിറ്റൽ നടത്തിയ മൃഗപരിപാലന ക്യാമ്പിന്റെ ഭാഗമായി 112 പേർക്ക് മൃഗങ്ങൾക്കുള്ള മരുന്ന് വിതരണം ചെയ്തു.