16 November, 2021 07:29:45 PM


പ്രിസിഷന്‍ ഫാമിംഗ് രീതി സംസ്ഥാനത്താകെ വ്യാപിപ്പിക്കും - മന്ത്രി റോഷി അഗസ്റ്റിന്‍



പാലക്കാട്: കമ്പാലത്തറ അഗ്രോപ്രോസ് ഫാമില്‍ അനര്‍ട്ട് സ്ഥാപിച്ച കൃഷിയിട സോളാര്‍ വൈദ്യുതി പ്ലാന്റും ഇറിഗേഷന്‍ വകുപ്പിന്റെ പ്രിസിഷന്‍ ഫാമിംഗ് സംവിധാനവും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. പ്രിസിഷന്‍ ഫാമിംഗ് രീതി സംസ്ഥാനത്തൊട്ടാകെ വ്യാപിപ്പിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. കമ്പാലത്തറ മാതൃകയില്‍ പ്രിസിഷന്‍ ഫാമിംഗിലൂടെ കുറച്ച് വെള്ളം ഉപയോഗിച്ച് കൂടുതല്‍ വിളവ് ഉല്‍പാദിപ്പിക്കുന്നതിനായി പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കും. ശാസ്ത്രീയ കൃഷിരീതികള്‍ അവലംബിക്കുന്ന ചിറ്റൂരിലെ കൃഷിയിടങ്ങള്‍ കാര്‍ഷികവൃത്തിയിലൂടെ മികച്ച വിളവ് ലഭിക്കുമെന്നതിന് ഉദാഹരണമാണ്. മുഴുവന്‍ പ്രദേശങ്ങളിലേക്കും ജലസേചനം ഉറപ്പാക്കുന്നതിനായി പുതിയ പദ്ധതികള്‍ നടപ്പാക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. പ്രത്യേക ആപ്പ് വഴി പ്രവര്‍ത്തിക്കുന്ന പ്രിസിഷ്യന്‍ ഫാമിംഗ് ഓട്ടോമാറ്റിക് സംവിധാനം മൊബൈല്‍ ക്ലിക്കിലൂടെയാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്.

പരിപാടിയില്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി അധ്യക്ഷനായി. കര്‍ഷകര്‍ക്ക് മികച്ച വില ലഭിക്കുന്നതിനായി സ്ഥാപിച്ചിട്ടുള്ള പെരുമാട്ടി ഗ്ലോബല്‍ അഗ്രി മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി മന്ത്രി കെ കൃഷ്ണന്‍കുട്ടി അറിയിച്ചു. കര്‍ഷകരില്‍ നിന്ന് നേരിട്ട് ശേഖരിക്കുന്ന കാര്‍ഷികോല്‍പ്പന്നങ്ങളും മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളും സംസ്ഥാനത്തെ പൊതു വിപണികളിലും ആഗോള വിപണിയിലും എത്തിക്കുന്നതിനുള്ള പദ്ധതിയാണ് അഗ്രി മാര്‍ക്കറ്റ്. ഇതിനു മുന്നോടിയായി സമീപ പഞ്ചായത്തുകളിലെ മുഴുവന്‍ കര്‍ഷകരും അഗ്രി മാര്‍ക്കറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് മന്ത്രി അറിയിച്ചു. കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന മുഴുവന്‍ വിളകള്‍ക്കും കൃത്യമായ വിലയും വിപണിയും ഉറപ്പാക്കുന്നതിന് ഇതുമൂലം സാധിക്കും. മുഴുവന്‍ കര്‍ഷകരും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നു മന്ത്രി കെ കൃഷ്ണന്‍കുട്ടി ഓര്‍മിപ്പിച്ചു.

മന്ത്രിമാര്‍ക്ക് ഫലവൃക്ഷ തൈകളും പച്ചക്കറിയും നല്‍കിയാണ് പരിപാടിയില്‍ സ്വീകരിച്ചത്. ഉദ്ഘാടനത്തിനു മുന്നോടിയായി ഫാമിലെ കൃഷി രീതികളും ജലസേചന സംവിധാനവും കൃഷിയിടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള സോളാര്‍ പ്ലാന്റുകളും മന്ത്രിമാര്‍ സന്ദര്‍ശിച്ചു.

കമ്പാലത്തറ അഗ്രോപ്രോസ് സൊസൈറ്റിയുടെ കീഴിലുള്ള അഞ്ചേക്കര്‍ സ്ഥലത്താണ് പ്രിസിഷന്‍ ഫാമിംഗ് സജ്ജീകരിച്ചിട്ടുള്ളത്. പ്രിസിഷന്‍ ഫാമിംഗ് വഴി  ഓട്ടോമാറ്റിക് സംവിധാനത്തിലൂടെയാണ് പ്രത്യേക വാല്‍വുകളും പൈപ്പുകളും ഉപയോഗിച്ച് ചെടികളുടെ വേരുകളിലേക്ക് ജലസേചനം ചെയ്യുന്നത്. തക്കാളി, പച്ചമുളക് എന്നിവയാണ് ഫാമില്‍ പ്രധാനമായും ഉല്‍പ്പാദിപ്പിക്കുന്നത്. മൂന്ന് പോളിഹൗസുകളിലായി വെള്ളരി കൃഷിയുമുണ്ട്. അനര്‍ട്ടിന്റെ നേതൃത്വത്തില്‍ 25 കിലോ വാട്ട്  ഉല്‍പാദന ശേഷിയുള്ള വൈദ്യുതി പ്ലാന്റാണ് ഫാമില്‍ സജ്ജമാക്കിയിട്ടുള്ളത്. പാനലുകള്‍ ഉയരത്തില്‍ ക്രമീകരിച്ചതിനാല്‍ സ്ഥലം പാഴാക്കാതെ അതിനടിയില്‍ കൃഷിയും നടത്തുന്നുണ്ടെന്ന് അഗ്രോ പ്രോസ് പ്രസിഡന്റ് വി. മുരുകദാസ് പറഞ്ഞു.

കൃഷിയിടത്തില്‍ നിന്നുളള വരുമാനത്തിനുപുറമേ വാണിജ്യാടിസ്ഥാനത്തില്‍ വൈദ്യുതി ഉല്‍പാദിപ്പിച്ച് കര്‍ഷകന് അധിക വരുമാനം ഉണ്ടാക്കുന്നതിന് ലക്ഷ്യമിട്ടാണ് പദ്ധതി ആരംഭിച്ചിട്ടുള്ളത്. കേരളത്തിലെ ഇത്തരത്തിലുള്ള ആദ്യ പദ്ധതിയാണിത്. അനര്‍ട്ട് എഞ്ചിനീയര്‍ പ്രഭ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും അഗ്രോ പ്രോസ് പ്രസിഡന്റുമായ വി. മുരുകദാസ്, പെരുമാട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റിഷാ  പ്രേംകുമാര്‍, ജില്ലാ പഞ്ചായത്ത് അംഗം മാധുരി പത്മനാഭന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. സരിത, പെരുമാട്ടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്  കെ.കൃഷ്ണകുമാര്‍,വ്യവസായ വകുപ്പ് ജനറല്‍ മാനേജര്‍ എം. ഗിരീഷ്, പെരുമാട്ടി ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ സുരേഷ്, ഗ്രാമപഞ്ചായത്ത് അംഗം എ പഞ്ചമണി, അഗ്രോ പ്രോസ് സെക്രട്ടറി സി. കൃഷ്ണന്‍ തുടങ്ങിയവര്‍  സംസാരിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K