16 November, 2021 07:23:53 PM


കേരഗ്രാമം പദ്ധതിയിലൂടെ നാളികേര ഉല്‍പ്പാദന ക്ഷമത വര്‍ധിച്ചു - മന്ത്രി പി.പ്രസാദ്



പാലക്കാട്: കേരഗ്രാമം പദ്ധതി നടപ്പാക്കിയ സ്ഥലങ്ങളില്‍ നാളികേര ഉല്‍പ്പാദന ക്ഷമത വര്‍ധിച്ചിട്ടുണ്ടെന്ന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. വിളയൂര്‍ ഗ്രാമ പഞ്ചായത്തില്‍ നടപ്പാക്കുന്ന കേരഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം കൂരാച്ചിപ്പടി വലിയപാടം ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് നാളികേരത്തിന്റെ ഉല്‍പ്പാദന ക്ഷമത വര്‍ധിപ്പിക്കാനാവശ്യമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇക്കാര്യത്തില്‍ കേരളത്തിനും മുന്നോട്ട് വരാന്‍ സാധ്യമാവുമെന്നും മന്ത്രി പറഞ്ഞു.


സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി പ്രഖ്യാപിച്ചിട്ടുള്ള കേരഗ്രാമം പദ്ധതിയില്‍ പട്ടാമ്പിയില്‍ നിന്ന് വിളയൂര്‍ ഗ്രാമപഞ്ചായത്തിനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. മൂന്ന് വര്‍ഷങ്ങളിലായി നടപ്പാക്കാന്‍ പോകുന്ന പദ്ധതിയിലൂടെ ഒരു കോടി രൂപയാണ് കേരകര്‍ഷകര്‍ക്ക് നല്‍കുന്നത്. ഒരു ഹെക്ടറില്‍ 175 തെങ്ങുകള്‍ എന്ന കണക്കില്‍ ഓരോ പഞ്ചായത്തുകളിലും 250 ഹെക്ടറിലാണ് പദ്ധതി നടപ്പാക്കുക. രോഗം ബാധിച്ചതും പ്രായം ചെന്നതുമായ തെങ്ങുകള്‍ വെട്ടി പുതിയ തൈകള്‍ നടുക, സംയോജിത കീടരോഗ നിയന്ത്രണം, സംയോജിത വളപ്രയോഗം, ഇടവിളക്കൃഷി പ്രോത്സാഹിപ്പിക്കല്‍, ജലസേചന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, തുടങ്ങിയവയും പദ്ധതിയിലൂടെ നടപ്പാക്കും. ഒരു തെങ്ങുമുതല്‍ 100 തെങ്ങുവരെയുളളവര്‍ക്ക് പോലും പദ്ധതിയുടെ ഗുണം ലഭ്യമാകും.ആദ്യഘട്ടത്തില്‍ അരകോടി രൂപയുടെ പ്രവൃത്തികളാണ് ഓരോ പഞ്ചായത്തിലും നടപ്പാക്കുക.


മുഹമ്മദ് മുഹസിന്‍ എം.എല്‍.എ.അധ്യക്ഷനായി. ജില്ലാ പ്രിന്‍സിപ്പാള്‍ കൃഷി ഓഫീസര്‍ പി.ആര്‍.ഷീല പദ്ധതി വിശദീകരിച്ചു. ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി, കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് ഡയറക്ടര്‍ ടി.വി. സുഭാഷ്, വിളയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.ബേബിഗിരിജ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത വിനോദ്, ജില്ലാ പഞ്ചായത്ത് അംഗം എ.ഷാബിറ, വിളയൂര്‍ വൈസ് പ്രസിഡന്റ് കെ.പി.നൗഫല്‍, പദ്ധതി ജില്ലാ നോഡല്‍ ഓഫീസര്‍ എല്‍.ആര്‍.മുരളി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ.എസ്.സരിത, പഞ്ചായത്ത് അംഗങ്ങളായ രാജി മണികണ്ഠന്‍, രാജന്‍ പുന്നശ്ശേരി, പട്ടാമ്പി കൃഷി അസിസന്റ് ഡയറക്ടര്‍ കെ.പി.ദീപ, കൃഷി ഓഫീസര്‍ കെ.എം.അഷ്ജാന്‍, ടി.ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന്  ശാസ്ത്രീയ തെങ്ങ് കൃഷി പരിപാലനം എന്ന വിഷയത്തില്‍ ഡോ.പി.എസ്.ജോണ്‍ ക്ലാസെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K