16 November, 2021 07:09:16 PM
കൃഷിനാശം: 30 ദിവസത്തിനകം സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം - മന്ത്രി പി.പ്രസാദ്
പാലക്കാട്: കൃഷിനാശം സംഭവിച്ച കര്‍ഷകന്‍ അപേക്ഷ സമര്‍പ്പിച്ച് 30 ദിവസത്തിനകം ബന്ധപ്പെട്ട അധികൃതര്‍ പ്രസ്തുത പ്രദേശം സന്ദര്‍ശിച്ച് കൃഷിനാശം വിലയിരുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും തുടര്‍നടപടികള്‍ സ്വീകരിക്കണമെന്നും കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് നിര്‍ദേശിച്ചു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന കൃഷിയുമായി ബന്ധപ്പെട്ട ജില്ലാതല അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ കൃഷി സംബന്ധിച്ച് വ്യക്തമായ ധാരണയുള്ളവരായിരിക്കണം. മനുഷ്യനുമായി ഇത്രത്തോളം ബന്ധമുള്ള മറ്റൊരു വകുപ്പില്ല. കര്‍ഷകനെയും കൃഷിയേയും സംരക്ഷിക്കുകയെന്ന ദൗത്യം പ്രതിസന്ധി ഘട്ടങ്ങളില്‍ കൂടുതല്‍ ഊര്‍ജസ്വലതയോടെ കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ ഏറ്റെടുക്കണമെന്നും മന്ത്രി പറഞ്ഞു. കൃഷിക്കും കര്‍ഷകനും ശരിയായ രീതിയില്‍ പ്രയോജനം ലഭിക്കുമ്പോഴാണ് കൃഷി ഓഫീസറും കൃഷിഭവനും ഉള്‍പ്പെടെയുള്ള കൃഷി വകുപ്പ് സ്മാര്‍ട്ട് കാറ്റഗറിയിലേയ്ക്ക് ഉയരുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ പദ്ധതി വിഹിതത്തിന്റെ ആകെ ഫണ്ടില്‍ 30 ശതമാനം കൃഷിക്കായി നീക്കിവെച്ചത് അഭിനന്ദനാര്‍ഹമാണെന്ന് മന്ത്രി വിലയിരുത്തി. ജില്ലയില്‍ കാര്‍ഷിക മേഖല മികവുറ്റ രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. ജില്ലയില്‍ കാര്‍ഷിക മേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ അറിയുന്നതിനായി അടുത്ത മാസം ജില്ലയിലെ ജനപ്രതിനിധികളുടെ യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തില്‍ കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് ഡയറക്ടര്‍ ടി.വി. സുഭാഷ്, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍, അസി.ഡയറക്ടര്‍മാര്‍ എന്നിവരും പങ്കെടുത്തു.
ജില്ലയില്‍ കാര്‍ഷിക മേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ച് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ പി.ആര്‍. ഷീല റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. രണ്ടാംവിള കൃഷിക്ക് പാടങ്ങളിലേക്ക് വെള്ളമെത്തിക്കുന്ന കാഡാ കനാലുകളുടെ അറ്റകുറ്റ പണികള്‍ നടത്തുക, ഓരോ പാടങ്ങളിലേക്കും വെള്ളം എത്തിക്കാനുള്ള കാഡാ ചാലുകള്‍ നന്നാക്കിയോ, പൈപ്പ് മുഖേനയോ ജലം എത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയോ ഫണ്ട് ലഭ്യമാക്കുകയോ ചെയ്യുക, വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന കൃഷിസ്ഥലങ്ങള്‍, സര്‍ക്കാര്‍ ഫാമുകള്‍ എന്നിവിടങ്ങളില്‍ ആന, കുരങ്ങ്, പന്നി, മയില്‍ എന്നിവയെ പ്രതിരോധിക്കുന്നതിനും വന്യമൃഗ സംരക്ഷണത്തിനും വേണ്ടി സൗരോര്‍ജ്ജവേലി സ്ഥാപിക്കുക, നെല്ല് സംഭരണം പോലെ പച്ചക്കറി സംഭരിക്കുന്നതിന് ആവശ്യമായ നടപടി മാര്‍ക്കറ്റിംഗ് വിഭാഗം മുഖാന്തിരം ശാക്തീകരിക്കുക, സംഭരണം നടത്തുന്ന മുറയ്ക്ക് കര്‍ഷകര്‍ക്ക് വില നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക, കേരഗ്രാമം പദ്ധതി എല്ലാ പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുക, നിലവില്‍ കര്‍ഷകരുടെ കാലപ്പഴക്കം വന്ന പമ്പ് സെറ്റുകള്‍ മാറ്റി കൂടുതല്‍ ശേഷിയുള്ളതും സ്റ്റാര്‍ റേറ്റിംഗ് ഉള്ളതുമായ പമ്പ് സെറ്റുകള്‍ സ്ഥാപിക്കാനുള്ള പദ്ധതികള്‍ ഉണ്ടാക്കുക തുടങ്ങിയ കാര്യങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്.