18 September, 2021 06:04:57 PM


കാലിത്തീറ്റ ചേരുവകൾ സംസ്ഥാനത്ത് ഉത്പാദിപ്പിക്കാൻ ശ്രമം - മന്ത്രി ജെ. ചിഞ്ചുറാണി



കോട്ടയം: കാലിത്തീറ്റ നിർമിക്കുന്നതിനുള്ള ചേരുവകൾ കേരളത്തിൽ തന്നെ ഉത്പാദിപ്പിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കുമെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. വെളിയന്നൂരിനെ സംസ്ഥാനത്തെ ആദ്യ സമ്പൂർണ ക്ഷീരകർഷക ക്ഷേമനിധി അംഗത്വ ഗ്രാമപഞ്ചായത്തായി പ്രഖ്യാപിക്കുകയായിരുന്നു മന്ത്രി. 

കൃഷി വകുപ്പുമായി സഹകരിച്ച് കാലിത്തീറ്റ നിർമാണം പൂർണമായും കേരളത്തിൽ നടത്തും. നിലവിൽ മറ്റ് സംസ്ഥാനങ്ങളിൽനിന്നാണ് കാലിത്തീറ്റയ്ക്കുള്ള ചേരുവകളെത്തിക്കുന്നത്. ഇത്തരം സംരംഭങ്ങൾ ആരംഭിക്കുന്നതോടെ കർഷകർക്ക് കാലിത്തീറ്റയും കോഴിത്തീറ്റയും വില കുറച്ച് നൽകുന്നതിന് സാധിക്കും. പാലുത്പാദനത്തിൽ ഗണ്യമായ പുരോഗതി കൈവരിക്കാൻ കോട്ടയം ജില്ലയ്ക്ക് കഴിഞ്ഞിട്ടുണ്ട്. കോവിഡ് കാലത്തും ക്ഷീരകർഷകർ നടത്തിയ ഈ മുന്നേറ്റം ഏറെ പ്രശംസ അർഹിക്കുന്നതാണ്- മന്ത്രി പറഞ്ഞു. 

2520 ക്ഷീരകർഷകർക്കാണ് വെളിയന്നൂരിൽ ക്ഷേമനിധി അംഗത്വമുള്ളത്. സംസ്ഥാന സർക്കാരിന്റെ 100 ദിനകർമ്മപരിപാടിയുടെ ഭാഗമായാണ് പഞ്ചായത്തിലെ മുഴുവൻ ക്ഷീരകർഷകർക്കും ക്ഷേമനിധി അംഗത്വം നൽകിയത്. 
ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ അഡ്വ. മോൻസ് ജോസഫ് എം.എൽ.എ. അധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടൻ എം.പി ക്ഷീരസാന്ത്വനം ധനസഹായവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി ചികിത്സാ ധനസഹായവും വിതരണം ചെയ്തു. ജില്ലയിലെ മികച്ച ക്ഷീരകർഷകനുള്ള അവാർഡ്      ബിജുമോൻ തോമസ് ക്ഷീരകർഷക ക്ഷേമനിധി ബോർഡ് ചെയർമാൻ അഡ്വ. എൻ. രാജനിൽ നിന്ന് എറ്റുവാങ്ങി.

ക്ഷീര വികസന വകുപ്പ് ഡയറക്ടർ വി.പി. സുരേഷ് കുമാർ പദ്ധതി വിശദീകരിച്ചു. ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ടി.കെ. അനികുമാരി ക്ഷേമനിധി റിപ്പോർട്ട് അവതരിപ്പിച്ചു.  പഞ്ചായത്ത് പ്രസിഡന്റ് സണ്ണി പുതിയിടം, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോൺ, ജില്ലാ പഞ്ചായത്തംഗം പി.എം. മാത്യു, വൈസ് പ്രസിഡന്റ് തങ്കമണി ശശി, ബ്ലോക്ക് പഞ്ചായത്തംഗം രാജു ജോൺ ചിറ്റേത്ത്, സി.കെ. ശശിധരൻ, സണ്ണി ഡേവിഡ്, ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സിൽവി മാത്യു, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ജിമ്മി ജെയിംസ്, ജിനി സിജു, ജോമോൻ ജോണി, ക്ഷേമനിധി ബോർഡംഗം സോണി ഈറ്റക്കൻ, പഞ്ചായത്ത് സെക്രട്ടറി റ്റി. ജിജി എന്നിവർ പങ്കെടുത്തു. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K