18 June, 2021 07:14:50 PM


അഞ്ചര ഏക്കറില്‍ വിളയിച്ച മരച്ചീനി മുഴുവന്‍ ദാനം ചെയ്ത് യുവ കര്‍ഷകന്‍



ഏറ്റുമാനൂര്‍: പാട്ടത്തിനെടുത്ത രണ്ടര ഏക്കർ ഉള്‍പ്പെടെ അഞ്ചര ഏക്കര്‍ ഭൂമിയിൽ നട്ടു വളര്‍ത്തിയ മരച്ചീനി മുഴുവന്‍ കോവിഡ് വ്യാപനത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സൌജന്യമായി നല്‍കി യുവകര്‍ഷകന്‍. കോട്ടയം പേരൂര്‍ പെരുമാലിൽ വീട്ടിൽ മോൻസി തോമസ് എന്ന കർഷകനാണ് ഈ മഹാമാരിയ്ക്കിടയില്‍ മാതൃകയായി മാറിയത്. 


ഏഴ് മാസം മുമ്പാണ് തെള്ളകം പാടത്തും തെള്ളകത്ത് തന്നെ പാട്ടത്തിനെടുത്ത രണ്ടര ഏക്കർ സ്ഥലത്തും പേരൂരില്‍ വീടിരിക്കുന്ന പുരയിടത്തിലുമായി മോന്‍സി മരച്ചീനിയുടെ കമ്പുകള്‍ നാട്ടിയത്. സമയാസമയങ്ങളിൽ വളവും, വെള്ളവും ചെയ്ത് പരിപാലിച്ച് ഒടുവിൽ വിളവെത്തിയ മരച്ചീനിയാണ് യാതൊരു മടിയും കൂടാതെ നിർധനർക്കും, കോവിഡില്‍ ബുദ്ധിമുട്ടനുഭവിക്കുന്ന സാധാരണക്കാര്‍ക്കും ഉപകരിക്കട്ടെ എന്ന ആഗ്രഹത്തോടെ ദാനം നല്‍കാന്‍ തയ്യാറായത്.


അശരണരായവരെ സംരക്ഷിയ്ക്കുന്ന കോട്ടയത്തെ സ്നേഹക്കൂട് അഭയമന്ദിരമാണ് നല്ലൊരു ശതമാനം മരച്ചീനിയും ഇവിടെനിന്ന് കൊണ്ടുപോയത്. ഇവര്‍ അവരുടെ വാഹനത്തില്‍ തന്നെ ജില്ലയ്ക്കകത്തും പുറത്തുമായി അര്‍ഹരായവര്‍ക്ക് മരച്ചീനി സൗജന്യമായി എത്തിക്കുകയായിരുന്നു, സേവാഭാരതി പോലുള്ള സംഘടനകളും മോന്‍സിയുടെ കൃഷിയിടത്തില്‍നിന്ന് മരച്ചീനി പറിച്ചുകൊണ്ടുപോയിരുന്നു.


തെള്ളകം പാടത്ത് മരച്ചീനിയോടൊപ്പം പച്ചക്കറി കൃഷിയുമുണ്ടായിരുന്നു മോന്‍സിക്ക്. കനത്ത മഴയില്‍ പാടത്ത് വെള്ളം കയറി പച്ചക്കറി മുഴുവന്‍ നാമാവശേഷമായി. വെള്ളത്തില്‍ അകപ്പെട്ടു വെറുതെ നഷ്ടപ്പെടേണ്ട എന്നു കരുതി കപ്പ മുഴുവന്‍ നാട്ടുകാര്‍ക്കും ഏറ്റുമാനൂര്‍ നഗരസഭയ്ക്കും സൌജന്യമായി നല്‍കി. ഇതിനിടെ പല സംഘടനകളും മോന്‍സിയെ സമീപിച്ച് കോവിഡ് മൂലം ബുദ്ധിമുട്ടുന്നവര്‍ക്ക് നല്‍കാനായി മരച്ചീനി വാങ്ങിപോയി.


പക്ഷെ, പിന്നീടാണ് മോന്‍സിപോലും അറിയുന്നത് തന്‍റെ പക്കല്‍നിന്നും കപ്പ എടുത്തുകൊണ്ടുപോയ പലരും അവരുടെ പേരില്‍ കപ്പ വിതരണം ചെയ്ത് പേരെടുക്കുകയായിരുന്നുവെന്ന്. ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ മോന്‍സിയുടെ പേരുപോലും വെളിപ്പെടുത്താതെ തങ്ങള്‍ എവിടെനിന്നോ വിലയ്ക്കുവാങ്ങി എന്ന നിലയിലാണ് കപ്പ ജനങ്ങള്‍ക്ക് വിതരണം ചെയ്തതും. ഇതിനിടെയാണ് സ്നേഹക്കൂട് അധികൃതര്‍ മോന്‍സിയെ സമീപിച്ചത്. ഇവരുടെ ദൌത്യം മനസിലാക്കിയ മോന്‍സി ഇനി ബാക്കി നില്‍ക്കുന്ന മരച്ചീനി മുഴുവന്‍ പറിച്ചെടുത്തുകൊള്ളാന്‍ സ്നേഹക്കൂട് പ്രവര്‍ത്തകര്‍ക്ക് അനുവാദം നല്‍കി. 


365 ദിവസവും മണ്ണില്‍ പണിയെടുത്ത് വിളയിച്ച ലക്ഷങ്ങള്‍ വിലവരുന്ന കപ്പയാണ് മോന്‍സി ഒരു മടിയും കൂടാതെ ദാനമായി നല്‍കിയത്.  സ്നേഹക്കൂട് അഭയമന്ദിരത്തിന്‍റെ  സാരഥി നിഷയുടെ നേതൃത്വത്തില്‍ സേവന പ്രവർത്തകർ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി കപ്പ മുഴുവൻ പിഴുത് പത്തിൽപരം അഗതിമന്ദിരങ്ങളിലും, നിർധനരായ കുടുംബങ്ങളിലുമെത്തിച്ചു. ബാക്കിയുള്ള കപ്പ കോട്ടയം പട്ടണത്തിൽ പൊതുജനങ്ങൾക്ക് സൗജന്യമായി വിതരണം ചെയ്തു. വിതരണത്തിന് മോന്‍സിയും ഒപ്പമുണ്ടായിരുന്നു. ഇനി ഒന്നര ഏക്കറിലെ കപ്പ കൂടി പറിക്കാനുണ്ട്. 




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.6K