08 June, 2021 07:10:08 PM
പ്രതിസന്ധി ഘട്ടത്തിലും നൂറുമേനി കൊയ്തെടുത്ത് പാലമേലിലെ നെല്‍ കർഷകർ
ആലപ്പുഴ : കോവിഡ് മഹാമാരിയും കാലം തെറ്റി പെയ്ത മഴയും പ്രതിസന്ധിയിലാക്കുമ്പോഴും കൂട്ടായ പരിശ്രമത്തിലൂടെ നൂറുമേനി കൊയ്തെടുത്തിരിക്കുകയാണ് പാലമേലിലെ നെല്ല് കർഷകർ. 500 ടൺ നെല്ലാണ് പഞ്ചായത്തിലെ വിവിധ പാടശേഖരങ്ങളിൽ നിന്നായി കൊയ്തെടുത്തത്. 450 ടൺ നെല്ല് സപ്ലൈക്കോയ്ക്ക് നൽകി.
തരിശായി കിടന്ന സ്ഥലങ്ങൾ ഉൾപ്പെടെ പാലമേൽ ഗ്രാമപഞ്ചായത്തിലെ 151 എക്കർ പാടശേഖരങ്ങളിലാണ് കർഷകർ കൃഷി ഭവന്റെയും പഞ്ചായത്തിന്റേയും പിന്തുണയോടെ ഇക്കുറി കൃഷിയിറക്കിയത്. നെല്ല് കൃഷിക്ക് ഏറ്റവും വെല്ലുവിളി സൃഷ്ടിച്ച് വർഷങ്ങളായി തരിശായി കിടന്നിരുന്ന കരിങ്ങാലി പുഞ്ചയിലും ഇത്തവണ കൃഷിയിറക്കിയിരുന്നു. കരിങ്ങാലി പുഞ്ചയിലെ 64.74 ഏക്കർ നിലത്താണ് മുതുക്കാട്ട്കര, ഉളവുകാട്, കരിങ്ങാലി പാടശേഖര സമിതികളുടെ നേതൃത്വത്തിൽ കൃഷി ഇറക്കിയത്.
പഞ്ചായത്തിലെ പള്ളിക്കൽ, പയ്യനല്ലൂർ, മുതുകാട്ടുകര, ഉളവുകാട്, കുടശനാട്, കരിങ്ങാലിച്ചാൽ പാടശേഖരങ്ങളിൽ പരമ്പരാഗത വിത്തിനങ്ങളായ ത്രിവേണി, ജ്യോതി, ഉമ, മനുരത്ന എന്നിവയാണ് കൃഷിചെയ്തത്. ഇവയ്ക്ക് പുറമെ വയനാടൻ പടശേഖരങ്ങളിൽ മാത്രം കൃഷി ഇറക്കാറുള്ള മല്ലികുറുമ്പ, ആസ്സാം ബ്ലാക്ക്, രാംലി, നസ്സർഭാത്ത്, കമുകിന് പൂത്താല എന്നിവയും കൃഷിയിറക്കി നേട്ടം കൈവരിച്ചു.
വിളവെടുപ്പിന് പാകമായ സമയത്ത് പെയ്ത മഴ പടശേഖരങ്ങളെ വെള്ളത്തിലാക്കിയെങ്കിലും പാലമേൽ പഞ്ചായത്ത് പ്രസിഡന്റ് ബി. വിനോദ് കുമാറിന്റെ ഇടപെടലിലൂടെ മോട്ടോർ എത്തിച്ച് വെള്ളം വറ്റിച്ച് കൃഷിയെ സംരക്ഷിക്കാൻ സാധിച്ചു. പാലമേൽ കൃഷിഭവനും, കൃഷിവകുപ്പും, പഞ്ചായത്തും നൽകുന്ന പിന്തുണയാണ് കർഷകർക്ക് തരിശുനിലങ്ങളിൽ പോലും കൃഷി ഇറക്കാൻ പ്രചോദനമായത്. കർഷകർക്കാവശ്യമായ നിർദേശങ്ങളും പരിശ്രമങ്ങളുമായി പാലമേൽ കൃഷി ഭവൻ കൃഷി ഓഫീസർ പി. രാജശ്രീ, ചാരമൂട് കൃഷി അസിസ്റ്റന്റ് ഡയറക്ടർ പി. രജനി എന്നിവരും ഒപ്പമുണ്ട്.
പാടശേഖര സമിതിയുടെ ആത്മാർഥമായ സഹകരണവും പരിശ്രമവും പഞ്ചായത്തിന്റെ ഇടപെടലും മൂലം തരിശുനിലങ്ങളിൽ പോലും നൂറുമേനി വിളയിക്കാൻ കഴിഞ്ഞുവെന്നും പ്രതിസന്ധിയുടെ കാലഘട്ടത്തിൽ ഈ വിളവെടുപ്പ് കർഷകർക്ക് അടുത്ത കൃഷി ഇറക്കാൻ കൂടുതൽ ഊർജ്ജമായിരിക്കുകയാണെന്നും പാലമേൽ കൃഷി ഓഫീസർ പി. രാജശ്രീ പറഞ്ഞു.