24 May, 2021 06:42:35 PM
ഏറ്റുമാനൂരില്‍ കെട്ടികിടന്ന നെല്ലിന് 'ശാപമോക്ഷം'; കർഷകർ ആഹ്ളാദത്തിൽ
ഏറ്റുമാനൂർ: മൂന്നാഴ്ചയിലേറെ നീണ്ട കാത്തിരിപ്പിന് ശേഷം ഏറ്റുമാനൂർ - ചെറുവാണ്ടൂർ പുഞ്ചപാടശേഖരത്തെ കർഷകരുടെ നെല്ലെടുക്കാൻ അരി മില്ലുകൾ തയ്യാറായി. ലോക് ഡൗണിന്‍റെ മറവിൽ അളവില്‍ വന്‍കുറവ് വരുത്തി നെല്ല് സംഭരിക്കാൻ നീക്കം നടത്തിയ കമ്പനികളുമായി കർഷകർ നിസഹരണം പ്രഖ്യാപിച്ചിരുന്നു. നൂറ് കിലോക്ക് എട്ട് കിലോ കൂടുതൽ തന്നാൽ നെല്ലെടുക്കാമെന്നായിരുന്നു മില്ലുകളുടെ നിലപാട്. ഏറ്റവും ഒടുവിൽ ഒപ്പം കൃഷി ചെയ്ത പാടശേഖരങ്ങളിലെ നെല്ല് സംഭരിച്ച തൂക്കത്തിലും നിരക്കിലും നെല്ല് സംഭരിക്കുകയാണുണ്ടായത്.
ജില്ലയിലെ തന്നെ ഏറ്റവും മികച്ച നെല്ലും വിളവുമാണ്. ഇത് മികച്ച വടി അരിയായാണ് വിപണിയിൽ എത്തുക. ഈർപ്പമുണ്ടാകാതിരിക്കാൻ കർഷകരുടെ കിടപ്പുമുറികളിലും ഇതിനായി തയ്യാറാക്കിയ ഗോഡൗണുകളിലുമാണ് നെല്ല് ഉണക്കി ചാക്കിലാക്കി സംഭരിച്ചിരുന്നത്. ഇന്നലെ ഉച്ചയോടു കൂടി നെല്ല് പൂർണമായും കയറ്റിക്കൊണ്ടുപോയി.
നൂറ്റിയമ്പത് ഏക്കറിലധികം വരുന്ന ഏറ്റുമാനൂർ - ചെറുവാണ്ടൂർ പാടശേഖരത്തില്‍ കയ്യേറ്റങ്ങൾക്കും നികത്തലിനും ശേഷം അവശേഷിച്ച നൂറേക്കറിൽ മുപ്പത് ഏക്കറിൽ താഴെ മാത്രമാണ് കൃഷി ചെയ്തിരുന്നത്. ഇത്തവണ ഇവിടെ രൂപീകരിച്ച ജനകീയസമിതിയുടെ നേതൃത്വത്തില്‍ മുപ്പത് ഏക്കറിൽ നിന്ന് എൺപത് ഏക്കറിലേക്ക് കൃഷി വ്യാപിപ്പിച്ചു. പാടശേഖരത്തിന് മധ്യത്തിലൂടെ ഒഴുകുന്ന മൂന്നു കിലോമീറ്ററോളം നീളം വരുന്ന ചെറുവാണ്ടൂർ ചാലിൽ നിന്നുള്ള ജലസേചനം വഴിയാണ് ഇവിടെ കൃഷിയിറക്കുന്നത്.
എന്നാൽ അപ്രതീക്ഷിതമായി ജനുവരിയില്‍ ഉണ്ടായ കനത്ത മഴയിൽ വെള്ളം കെട്ടി കൃഷി നാശമുണ്ടായി. മന്ത്രി വി.എസ്.സുനിൽകുമാർ നേരിട്ട് ഇടപെട്ടതിനെതുടര്‍ന്ന് കൊച്ചിയിൽ നിന്ന് ബാർജർ എത്തിച്ച് ചാലിന് ആഴവും വീതിയുംകൂട്ടി പാടശേഖരത്തെ വെള്ളക്കെട്ട് ഒഴിവാക്കുകയായിരുന്നു. എന്നിട്ടും എട്ട് ഏക്കറോളം വരുന്ന പാടശേഖരത്തെ നെൽച്ചെടി പറിച്ച് വീണ്ടും നടേണ്ടതായി വന്നു. ഇതോടെ വിളവ് താമസിച്ചു. കൊയ്ത്ത് കഴിഞ്ഞപ്പോഴേക്കുമാണ് ലോക്ഡൌണിന്‍റെ പേരില്‍ നെല്ല് സംഭരിക്കാന്‍ മില്ലുടമകള്‍ തയ്യാറാകാതെ വന്നത്.