15 May, 2021 04:03:10 PM
കോട്ടയം ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസറായി ആന്‍റണി ജോര്‍ജ് ചാര്‍ജെടുത്തു
കോട്ടയം: കോട്ടയം ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസറായി ആന്‍റണി ജോര്‍ജ് ചാര്‍ജെടുത്തു. ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസില്‍ ഡപ്യൂട്ടി ഡയറക്ടറായിരുന്നു. ഇതേ ഓഫീസില്‍ ഡപ്യൂട്ടി ഡയറക്ടര്‍മാരായി ഒരേ സമയം ഒരേ തസ്തികയില്‍ ജോലി ചെയ്തിരുന്ന ആന്‍റണി ജോര്‍ജും ഭാര്യയും വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.
കടുത്തുരുത്തി കുറിച്യാപറമ്പില്‍ ആന്‍റണി ജോര്‍ജ് ഏറ്റുമാനൂരില്‍ എഡിഎ ആയിരുന്നു. ഇവിടെനിന്നും സ്ഥാനക്കയറ്റം ലഭിച്ച് ആലപ്പുഴയിലേക്കും തുടര്‍ന്ന് കഴിഞ്ഞ ജൂലായില്‍ കോട്ടയത്തും എത്തുകയായിരുന്നു. രണ്ട് മാസം കഴിയുംമുമ്പേ ഇദ്ദേഹത്തിന്‍റെ ഭാര്യ ലിസി ആന്‍റണിയും ഇതേ ഓഫീസിലേക്ക് എത്തി. ജില്ലയില്‍ ഒരേ ഓഫീസില്‍ ഒരേ തസ്തികയില്‍ ഒരേ സമയം ജോലി ചെയ്യാനുള്ള അപൂര്‍വ്വഭാഗ്യം ലഭിച്ചിട്ടുള്ള ആദ്യദമ്പതികളും ഇവര്‍തന്നെ.
കഴിഞ്ഞ ദിവസം വീണ്ടും സ്ഥാനക്കയറ്റം ലഭിച്ചതോടെ ആന്‍റണി ജോര്‍ജ് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസറായി ചാര്‍ജെടുക്കുകയായിരുന്നു. ലിസി ഇപ്പോള്‍ സംസ്ഥാന ഹോര്‍ട്ടികള്‍ച്ചറര്‍ മിഷന്‍ കോട്ടയം ഓഫീസില്‍ കൃഷി ഡപ്യൂട്ടി ഡയറക്ടറാണ്. കല്ലറയില്‍ കൃഷി ഓഫീസര്‍ ആയിരിക്കെ 1000 ഏക്കറില്‍ തരിശുനിലകൃഷി വിജയകരമായി നടപ്പാക്കിയ ആന്‍റണി അന്ന് ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ജില്ലയിലെ മികച്ച കൃഷി ഓഫീസര്‍ക്കുള്ള പുരസ്കാരവും സംസ്ഥാനത്തെ മികച്ച കൃഷി അസിസ്റ്റന്‍റ് ഡയറക്ടര്‍ക്കുള്ള പുരസ്കരാവും ലിസിക്ക് ലഭിച്ചിട്ടുണ്ട്.
കര്‍ഷകര്‍ക്ക് പ്രോത്സാഹനവുമായി വിവിധ കര്‍മ്മപദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കുന്നതോടൊപ്പം സ്വന്തം വീട്ടിലും മാതൃകാപരമായി കൃഷി ചെയ്യുന്നുണ്ട് ഇദ്ദേഹം. വീടിനുമുന്നിലെ പൂന്തോട്ടത്തിനോടൊപ്പം നട്ടുവളര്‍ത്തിയ കുറ്റികുരുമുളകിന്‍ തൈകളും രണ്ട് വര്‍ഷം കൊണ്ട് കായ്ച്ച തെങ്ങിന്‍തൈയുമൊക്കെ ഇതില്‍ ചിലത് മാത്രം. മൂന്ന് മക്കളാണ്. ജീവന്‍ ജോര്‍ജ് ആന്‍റണി (കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍), സഞ്ചയ് ആന്‍റണി (ആര്‍ക്കിടെക്ട്), റീനു ലിസ് ആന്‍റണി (മെഡിക്കല്‍ വിദ്യാര്‍ത്ഥിനി).