09 May, 2021 03:26:03 PM
ആലപ്പുഴയില്‍ കെട്ടിക്കിടക്കുന്ന നെല്ല് നാലു ദിവസത്തിനുള്ളിൽ സംഭരിക്കും
1.30 ലക്ഷം മെട്രിക് ടൺ നെല്ല് സംഭരിച്ചു; സംഭരിക്കാനുള്ളത് 4000 മെട്രിക് ടൺ
ആലപ്പുഴ: ജില്ലയിലെ വിവിധ പാടശേഖരങ്ങളിൽ കെട്ടിക്കിടക്കുന്ന നെല്ല് നാലു ദിവസത്തിനുള്ളിൽ സംഭരിക്കാൻ തീരുമാനം. ജില്ല കളക്ടർ എ. അലക്‌സാണ്ടറുടെ അധ്യക്ഷതയിൽ നടന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ഓൺലൈൻ യോഗത്തിലാണ് തീരുമാനം. നിലവിൽ കെട്ടിക്കിടക്കുന്ന നെല്ല് സംഭരിക്കാൻ അടിയന്തര നടപടിയെടുക്കാൻ കൃഷി അസിസ്റ്റന്റ് ഡയറക്ടർമാരെ ചുമതലപ്പെടുത്തി. മില്ലുകളെക്കൊണ്ട് നെല്ല് എടുപ്പിക്കാനും തർക്കമുള്ള സ്ഥലങ്ങളിൽ പാടശേഖരസമിതികളുമായി സംസാരിച്ച് സംഭരണം സുഗമമാക്കാനും വേഗത്തിലാക്കാനും അതതു അസിസ്റ്റന്റ് ഡയറക്ടർമാർ നടപടി സ്വീകരിക്കും. അതതുസ്ഥലത്തെ കൃഷി ഓഫീസർമാർ ഇതിനാവശ്യമായ സഹായം നൽകും.
ജില്ലയിൽ 1.30 ലക്ഷം മെട്രിക് ടൺ നെല്ല് സംഭരിച്ചുകഴിഞ്ഞതായും ഇനി 4000 മെട്രിക് ടൺ നെല്ലാണ് വിവിധ പാടശേഖരങ്ങളിലായി സംഭരിക്കാനുള്ളതെന്നും പാഡി മാർക്കറ്റിങ് ഓഫീസർ മായ ഗോപാലകൃഷ്ണൻ യോഗത്തെ അറിയിച്ചു. 900 മെട്രിക് ടൺ നെല്ല് കൊയ്യാനുണ്ട്. പല സ്ഥലങ്ങളിലും തർക്കം പരിഹരിച്ച് നെല്ലെടുക്കാനുള്ള നടപടി തുടങ്ങിയതായും പാഡി മാർക്കറ്റിങ് ഓഫീസർ പറഞ്ഞു. ഗുണനിലവാരപ്രശ്‌നവുമായി ബന്ധപ്പെട്ട് തർക്കങ്ങളുള്ളതിനാലാണ് ചില സ്ഥലങ്ങളിൽ നെല്ലു സംഭരണത്തിൽ തടസം നേരിടുന്നതെന്ന് യോഗം വിലയിരുത്തി. തർക്കങ്ങൾ പരിഹരിച്ച് വേഗത്തിൽ നെല്ല് സംഭരണം പൂർത്തീകരിക്കാനും കൊയ്യാനുള്ള പാടശേഖരങ്ങളിലെ നെല്ലു സംഭരണത്തിന് മുൻകൂർ നടപടി സ്വീകരിക്കാനും കളക്ടർ പ്രിൻസിപ്പൽ കൃഷി ഓഫീസർക്കും അസിസ്റ്റന്റ് ഡയറക്ടർമാർക്കും പാഡി മാർക്കറ്റിംഗ് ഓഫീസർക്കും നിർദേശം നൽകി.
നെല്ല് സൂക്ഷിക്കാൻ ഇടമില്ലാത്തതിനാൽ പാടശേഖരങ്ങളിൽ സൂക്ഷിക്കണമെന്ന വലിയ വെല്ലുവിളിയാണ് കുട്ടനാടൻ കർഷകർ നേരിടുന്നതെന്ന് നിയുക്ത എം.എൽ.എ. തോമസ് കെ. തോമസ് പറഞ്ഞു. നെല്ല് പാടശേഖരത്തിൽനിന്ന് കരയിലേക്ക് എത്തിക്കാൻ കൂലിച്ചെലവും ഏറെയാണ്. കൊയ്താലുടൻ നെല്ലെടുക്കുന്നതിന് അടിയന്തര നടപടി വേണമെന്നും ട്രാക്ടർ റോഡുകൾ വേണമെന്നും കുട്ടനാട്ടിൽ ഒരു റൈസ് മിൽ ആരംഭിക്കുകയാണ് പോംവഴിയെന്നും അദ്ദേഹം പറഞ്ഞു.
നെല്ലു സംഭരണം വേഗത്തിലാക്കാൻ കൂടുതൽ കൃഷി ഉദേ്യാഗസ്ഥരെ നിയോഗിക്കണമെന്നും കൊയ്ത്ത് തീരാനുള്ള പാടശേഖരങ്ങളിലെ നെല്ല് സംഭരണം സുഗമമാക്കാൻ മുൻകൂർ നടപടി സ്വീകരിക്കണമെന്നും നിയുക്ത എം.എൽ.എ. എച്ച്. സലാം പറഞ്ഞു. നെല്ലുസംഭരണത്തിൽ ജില്ല നേരിടുന്ന പ്രശ്‌നങ്ങൾ സംസ്ഥാനസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താൻ റിപ്പോർട്ട് നൽകണമെന്നും അദ്ദേഹം പറഞ്ഞു.
നിയുക്ത എം.എൽ.എ.മാരായ തോമസ് കെ. തോമസ്, എച്ച്. സലാം, ജില്ല കളക്ടർ എ. അലക്‌സാണ്ടർ, പ്രിൻസിപ്പൽ കൃഷി ഓഫീസർ അലിനി ആന്റണി, പാഡി മാർക്കറ്റിങ് ഓഫീസർ മായ ഗോപാലകൃഷ്ണൻ, കൃഷി അഡീഷണൽ ഡയറക്ടർമാർ, കൃഷി ഓഫീസർമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.