17 February, 2021 07:46:48 PM
കേരളത്തിന്‍റെ കാർഷികമേഖലയെ കോർപ്പറേറ്റുകൾക്ക് തീറെഴുതാൻ അനുവദിക്കില്ല - മന്ത്രി സുനില്‍കുമാര്‍
വൈക്കം: കാർഷിക മേഖലയെ കോർപ്പറേറ്റുകൾക്ക് മുന്നിൽ അടിയറ വെക്കാനുള്ള നീക്കം കേരളത്തിൽ വിലപ്പോകില്ലെന്ന് മന്ത്രി അഡ്വ. വി.എസ്. സുനിൽ കുമാർ. തെങ്ങുകൃഷി വ്യാപിക്കുന്നതിനുള്ള വിവിധ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി നടപ്പാക്കുന്ന കേരഗ്രാമം പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം വെച്ചൂർ രുഗ്മിണി ഓഡിറ്റോറിയത്തിൽ നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.
വൻകിട സ്വകാര്യ കമ്പനികളുടെ സ്ഥാപിത താൽപ്പര്യങ്ങൾക്കു വേണ്ടി കൃഷിയെ തീറെഴുതാനുള്ള എല്ലാ ശ്രമങ്ങളും ചെറുത്തു തോൽപ്പിക്കും. സ്വകാര്യവത്കരണമല്ല സഹകരണ വത്കരണമാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചിട്ടുള്ള നയം. കുത്തകകൾക്ക് പകരം പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളെ രംഗത്തിറക്കാനാണ് ശ്രമിക്കുന്നത്. കാർഷികോത്പ്പന്നങ്ങളുടെ സംഭരണം, മൂല്യവർധിത ഉത്പ്പന്ന നിർമ്മാണം, വിപണനം തുടങ്ങിയ മേഖലകളിൽ സംഘങ്ങൾ സജീവ ഇടപെടൽ നടത്തും. സംഘങ്ങളുടെ സഹകരണത്തോടെ സർക്കാർ കർഷകർക്ക് സംരക്ഷണ വലയം തീർക്കും.
കാർഷിക മേഖലയുടെ പ്രാധാന്യം യുവാക്കളടക്കം എല്ലാവരും തിരിച്ചറിഞ്ഞ അഞ്ചു വർഷങ്ങളാണ് കടന്നു പോയത്. പാടത്തും പറമ്പിലും മാത്രമല്ല സ്ഥാപനങ്ങളിലും സർക്കാർ ഓഫീസുകളുടെ വളപ്പുകളിലും വരെ കൃഷി വ്യാപകമാക്കി. ഇത്രയും ഊർജിതമായി നെൽക്കൃഷി നടപ്പാക്കുകയും കർഷകർക്ക് അംഗീകാരം നല്‍കുകയും ചെയ്ത ഒരു കാലഘട്ടം മുന്‍പ് ഉണ്ടായിരുന്നില്ല. പ്രക്യതി ദുരന്തങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നില്ലായിരുന്നെങ്കിൽ ഇതിലും അത്ഭുതകരമായ മുന്നേറ്റം സൃഷ്ടിക്കാനാകുമായിരുന്നു-മന്ത്രി പറഞ്ഞു.
കൈപ്പുഴ പുത്തൻ കായൽ പ്രദേശത്തെ കർഷകർക്കായി 5000 തെങ്ങിൻ തൈകൾ നൽകുന്ന കോക്കനട്ട് കൗൺസിൽ പദ്ധതിയും വിവിധ കാർഷിക പദ്ധതികളുടെ ആനുകൂല്യ വിതരണവും ഉദ്ഘാടനം ചെയ്ത അദ്ദേഹം മികച്ച കർഷകർക്കും കൃഷി ഉദ്യോഗസ്ഥർക്കുമുള്ള പുരസ്കാര ദാനവും നിര്‍വഹിച്ചു.
സി.കെ. ആശ എം.എൽ എ അധ്യക്ഷത വഹിച്ചു പ്രിൻസിപ്പൽ കൃഷി ഓഫീസർ വി.ആർ സോണിയ പദ്ധതി വിശദീകരിച്ചു. വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. കെ.കെ രഞ്ജിത്, ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പി.എസ് പുഷ്പ മണി, ആത്മ പ്രോജക്ട് ഡയറക്ടർ ഉമ്മൻ തോമസ് തുടങ്ങിയവർ സംസാരിച്ചു
വെച്ചൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.ആർ ഷൈലകുമാർ സ്വാഗതവും ഡെപ്യൂട്ടി ഡയറക്ടർ ജോളി ആന്‍റണി നന്ദിയും പറഞ്ഞു