10 February, 2021 06:31:32 PM


വീണ്ടും കൊയ്ത്ത്പാട്ടിന്‍റെ താളം: നൂറുമേനി വിളവിന്‍റെ സമൃദ്ധിയില്‍ കാപ്പുകയത്തെ കര്‍ഷകര്‍



പൊന്‍കുന്നം: രണ്ടര ഏക്കറില്‍നിന്ന് 35 ഏക്കറിലേക്ക് വളര്‍ന്ന എലിക്കുളം ഗ്രാമപഞ്ചായത്തിലെ കാപ്പുകയം പാടശേഖരത്തില്‍ നൂറുമേനി വിളവിന്‍റെ സമൃദ്ധി. മൂന്ന്, നാല് വാര്‍ഡുകളിലായി വ്യാപിച്ചു കിടക്കുന്ന പാടത്ത് കാപ്പുകയം പാടശേഖര സമിതിയുടെ നേതൃത്വത്തില്‍ 22 കര്‍ഷകരാണ് ഉമ ഇനത്തിലുള്ള വിത്ത് വിതച്ചത്. 


ഇവിടെനിന്നുള്ള അരി എലിക്കുളം റൈസ് എന്ന പേരില്‍ വിപണിയില്‍ ലഭ്യമാണ്.  40 ടണ്ണിന് മുകളിലാണ് ഇക്കുറി വിളവ് പ്രതീക്ഷിക്കുന്നതെന്ന്  പാടശേഖര സമിതി സെക്രട്ടറി ജസ്റ്റിന്‍ ജോര്‍ജ്ജ് പറഞ്ഞു. ആവശ്യമുള്ള നെല്‍വിത്ത് കൃഷി വകുപ്പില്‍ നിന്നും സൗജന്യമായി നല്‍കി. പഞ്ചായത്തിൽ നിന്നും കൂലിച്ചിലവ് ഇനത്തില്‍ 1.5 ലക്ഷം രൂപയും കൃഷി വകുപ്പില്‍ നിന്നും വളത്തിനുള്ള സബ്‌സിഡിയായി 2000 രൂപയും  ലഭിച്ചു.


കാപ്പുകയം പാടത്ത് നടന്ന വിളവുത്സവം  പഞ്ചായത്ത് പ്രസിഡന്‍റ്  എസ്.ഷാജി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജെസി ഷാജന്‍, ബ്ലോക്ക് പഞ്ചായത്തംഗം   പ്രൊഫ. എം.കെ. രാധാകൃഷ്ണന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സെല്‍വി വില്‍സണ്‍, കൃഷി ഓഫീസര്‍ നിഷ ലത്തീഫ്,അസിസ്റ്റന്‍റ് കൃഷി ഓഫീസര്‍മാരായ അലക്‌സ് റോയ്, അനൂപ് കെ. കരുണാകരന്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ ആശ മോള്‍, ദീപ ശ്രീജേഷ്, എന്നിവര്‍ പങ്കെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K