12 August, 2020 07:17:45 PM
കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതി ക്ഷീര - മത്സ്യ - പൗൾട്രി കർഷകർക്കും ലഭിക്കുന്നതിന് മാര്‍ഗനിര്‍ദ്ദേശമായി
തിരുവനന്തപുരം: കർഷകർക്ക് ലളിതമായ നടപടിക്രമങ്ങളിലൂടെ യഥാസമയം കാർഷിക വായ്പ ലഭ്യമാക്കുന്നതിനായി നടപ്പിലാക്കി വരുന്ന കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതി ക്ഷീര കർഷകർക്കും മത്സ്യ കർഷകർക്കും പൗൾട്രി കർഷകർക്കും കൂടി ലഭ്യമാക്കുന്നത് സംബന്ധിച്ച് ചുവടെ ചേർക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.
ക്ഷീര - മത്സ്യ - പൗൾട്രി കർഷകർ സമർപ്പിക്കുന്ന അപേക്ഷകൾ നിയന്ത്രണ ഉദ്യോഗസ്ഥരുടെ നിർദ്ദേശം ലഭ്യമല്ല എന്ന് ചൂണ്ടിക്കാട്ടിയും, മതിയായ സെക്യൂരിറ്റി ഇല്ല എന്നും, മിൽക്ക് യൂണിയനുമായി ത്രികക്ഷി കരാർ ഇല്ല എന്ന കാരണം പറഞ്ഞും പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങൾ നിരസിക്കുന്നതായി നബാർഡ് റിപ്പോർട്ട് ചെയ്തിട്ടുള്ളതായി സംസ്ഥാന സഹകരണ ബാങ്ക് അറിയിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ സഹകരണസംഘം രജിസ്ട്രാര്‍ ഡോ.നരസിംഹുഗരി ടി.എല്‍.റെഡി ഇന്ന് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരമുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ചുവടെ
1. കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതി സംസ്ഥാനത്തെ ക്ഷീര കർഷകർക്കും , മത്സ്യ കർഷകർക്കും , പൗൾട്രി കർഷകർക്കും കൂടി ലഭ്യമാക്കുന്നതിനുള്ള നടപടികൾ സംസ്ഥാനത്തെ പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങൾ സ്വീകരിക്കേണ്ടതാണ് .
2. നിലവിൽ വായ്പാ കുടിശ്ശിക ഉണ്ടെങ്കിലോ മറ്റേതെങ്കിലും ബാങ്കിൽ നിന്നും കിസാൻ ക്രെഡിറ്റ് കാർഡ് മുഖേന കർഷകന് വായ്പ ലഭ്യമായിട്ടുണ്ടെങ്കിലോ മാത്രമേ അപേക്ഷകൾ നിരസിക്കുവാൻ പാടുള്ളൂ . അല്ലാത്തപക്ഷം കിസാൻ ക്രെഡിറ്റ് കാർഡ് അപേക്ഷകൾ നിരസിക്കുവാൻ പാടുളളതല്ല .
3. ക്ഷീര , മത്സ്യ , പൗൾട്രി കർഷകർക്ക് ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നുള്ള സബിഡി മുതലായ ധനസഹായങ്ങൾ ലഭ്യമാകുന്നതരത്തിൽ ടി വകുപ്പുകൾ മുഖാന്തിരം അപേക്ഷകൾ ലഭ്യമാക്കി ഉറപ്പ് വരുത്തി സഹകരണ നിയമത്തിനും സംഘത്തിന്റെ നിയമാവലിക്ക് വിധേയമായിട്ടും കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതി വായ്പകൾ നൽകേണ്ടതാണ് .
4. കിസാൻ ക്രെഡിറ്റ് കാർഡ് സംബന്ധിച്ച് നിലവിലുളള നബാർഡിന്റെയും രജിസ്ട്രാറുടെയും സർക്കുലർ നിർദ്ദേശങ്ങൾ തുടർന്നും പാലിക്കേണ്ടതാണ് 5. കിസാൻ ക്രെഡിറ്റ് കാർഡ് വായ്പകൾ നൽകുന്നതിലേക്കായി നബാർഡ് പുനർവായ്പാ പദ്ധതികളായ STSAO , STOSA എന്നിവ പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങൾ പ്രയോജനപ്പെടുത്തേണ്ടതാണ് .