04 June, 2020 07:00:53 PM
ഒരുകോടി തൈ വിതരണവുമായി കൃഷി വകുപ്പ്; ഒന്നാം ഘട്ടത്തിന് ഇന്ന് തുടക്കം
കോട്ടയം: ഫലവര്‍ഗ്ഗങ്ങള്‍ സമൃദ്ധമായ കേരളം ലക്ഷ്യമിട്ട് ഫലവൃക്ഷങ്ങളുടെ ഒരുകോടി തൈകള്‍ വിതരണം ചെയ്യുന്നതിന് കൃഷി വകുപ്പ് നടപ്പാക്കുന്ന പദ്ധതിയുടെ ഒന്നാം ഘട്ടത്തിന് പരിസ്ഥിതി ദിനമായ നാളെ തുടക്കമാകും. കുമാരനല്ലൂര്‍ കൃഷിഭവനില്‍ രാവിലെ 11 ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ ജില്ലാതല വിതരണം ഉദ്ഘാടനം ചെയ്യും. തദ്ദേശസ്ഥാപനങ്ങളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
കൃഷി വകുപ്പിന്‍റെ കീഴിലുളള ഫാമുകള്‍, വി.എഫ്.പി.സി.കെ, കാര്‍ഷിക കര്‍മസേന, അഗ്രോ സര്‍വ്വീസ് സെന്റര്‍, കാര്‍ഷിക സര്‍വ്വകലാശാല എന്നിവിടങ്ങളില്‍ ഉത്പാദിപ്പിച്ച 21 ഇനം ഫലവൃക്ഷങ്ങളുടെ തൈകളാണ് നല്‍കുന്നത്. സാധാരണ തൈകള്‍ സൗജന്യമായും ഗ്രാഫ്റ്റ്, ലെയര്‍, ടിഷ്യുകള്‍ച്ചര്‍ തൈകള്‍ക്ക് 25 ശതമാനം വില ഈടാക്കിയുമാണ് കൃഷിഭവനുകള്‍ മുഖേന വിതരണം നടത്തുന്നത്. ഇതിനുപുറമേ തൊഴിലുറപ്പ് പദ്ധതിയിലും വനം -വന്യജീവി വകുപ്പിന്‍റെ നഴ്‌സറികളിലും ഉത്പ്പാദിപ്പിച്ച തൈകളും വിതരണത്തിന് തയ്യാറാക്കിയിട്ടുണ്ട്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സാമൂഹിക വനവത്കരണ വിഭാഗം, കുടുംബശ്രീ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സഹായത്തോടെ ജില്ലയിലെ വീട്ടുവളപ്പുകള്‍, പൊതുസ്ഥലങ്ങള്‍, പാതയോരങ്ങള്‍, സര്‍ക്കാര്‍ ഓഫീസ് വളപ്പുകള്‍, സ്‌കൂളുകള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ തൈകള്‍ നട്ടു പിടിപ്പിക്കും. ജൂണ്‍ 22 മുതല്‍ തൈകളുടെ രണ്ടാം ഘട്ട വിതരണം ആരംഭിക്കുമെന്ന് പ്രിന്‍സിപ്പല്‍ കൃഷിഓഫീസര്‍ സലോമി തോമസ് അറിയിച്ചു