03 June, 2020 05:50:25 PM
യു.എസില്‍നിന്നുള്ള 100 വെന്‍റിലേറ്റര്‍ അടുത്തയാഴ്ച്ച രാജ്യത്തെത്തും
വാഷിങ്ടണ്‍: കോവിഡ് പ്രതിരോധത്തില്‍ ഇന്ത്യയെ സഹായിക്കുമെന്ന വാഗ്ദാനം നിറവേറ്റാനൊരുങ്ങി ട്രംപ്. യുഎസ്സില്‍ നിന്നുള്ള ആദ്യ ബാച്ച് വെന്റിലേറ്ററുകള്‍ അടുത്തയാഴ്ച്ച ഇന്ത്യയിലെത്തും. 100 വെന്റിലേറ്ററുകളാണ് ആദ്യഘട്ടത്തില്‍ എത്തുന്നതെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. കോവിഡ് പ്രതിരോധത്തിനായി ഇന്ത്യയ്ക്ക് ആവശ്യമായ വെന്റിലേറ്ററുകള്‍ നല്‍കുമെന്ന് ട്രംപ് മെയ് മാസം ആദ്യവാരത്തില്‍ പ്രഖ്യാപിച്ചിരുന്നു.
കോവിഡ് ചികിത്സയ്ക്കായി ഇന്ത്യ നല്‍കിയ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഗുളികകള്‍ക്ക് പകരമായല്ല വെന്റിലേറ്ററുകള്‍ അയക്കുന്നത്, യുഎസ് മാര്‍ക്കറ്റില്‍ ആവശ്യത്തിന് ഉപകരണങ്ങള്‍ ഉണ്ടെന്ന് ഉറപ്പാക്കിയതിനുശേഷമാണ് വെന്റിലേറ്ററുകള്‍ നല്‍കുന്നത്. ഇത് ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള പരസ്പരസഹകരണത്തിന്റെ ഭാഗമാണെന്നും ട്രംപ് വിശദീകരിച്ചിരുന്നു.
ഇത് സംബന്ധിച്ച് പ്രധാനമന്ത്രി മോദിയും യുഎസ് പ്രസിഡന്‍റ് ട്രംപും ഫോണിലൂടെ ആശയവിനിമയം നടത്തി. കൂടാതെ ജി-7 ഉച്ചകോടിയെക്കുറിച്ചും കോവിഡ് സ്ഥിതിഗതികളെക്കുറിച്ചും സുരക്ഷാവിഷയങ്ങളെക്കുറിച്ചും ഇരുനേതാക്കളും ചര്‍ച്ച നടത്തിയെന്നും വൈറ്റ് ഹൗസ് പ്രസ്താവനയില്‍ വ്യക്തമാക്കി. ലോകത്ത് കോവിഡ് ബാധ രൂക്ഷമായ ഏഴാമത്തെ രാഷ്ട്രമാണ് ഇന്ത്യ. രണ്ട് ലക്ഷത്തിലധികം കോവിഡ് കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്.