24 May, 2020 12:45:19 AM
തൊഴിൽരഹിതരായ യുവാക്കൾക്ക് മത്സ്യകൃഷിക്ക് ഭൂമി വിട്ടു നൽകി നടൻ ടിനി ടോം
ആലുവ: തൊഴിൽരഹിതരായ യുവാക്കൾക്ക് മത്സ്യകൃഷി ചെയ്യുന്നതിന് വീടിനോടു ചേർന്നുള്ള ഭൂമി വിട്ടുനൽകി ചലച്ചിത്ര താരം ടിനി ടോം. 13 സെന്റ് സ്ഥലമാണ് ടിനി ടോം നൽകിയത്. ആലുവ പട്ടേരിപുറത്തെ തറവാട് വീടിനോടു ചേർന്നുള്ള സ്ഥലമാണ് മത്സ്യകൃഷിക്കായി ടിനി ടോം വിട്ട് നൽകിയത്. ബിരുദാനന്തര ബിരുദ ധാരിയായ സനൽ രാജുവും രണ്ടു സഹോദരങ്ങളും ആണ് മത്സ്യ കൃഷി ചെയ്യാനായി മുന്നിട്ടിറങ്ങിയത്.
ഭൂമി വിട്ടു നല്കുമോയെന്ന സനലിന്റെ ചോദ്യത്തിന് മുന്നിൽ ടിനി ടോമിന് മറ്റൊന്നും ആലോചിക്കേണ്ടി വന്നില്ല. നടൻ ജോയ് മാത്യു കൃഷി നടത്തുന്നതിന് ഭൂമി വിട്ടു നൽകിയത് പ്രചോദനം ആയെന്ന് ടിനി ടോം പറഞ്ഞു. ടിനി ടോമിന്റെ മാതൃക എല്ലാവരും പിന്തുടരണമെന്നു മത്സ്യകൃഷിയുടെ ഉദ്‌ഘാടനം നിർവഹിച്ചു കൊണ്ട് മന്ത്രി വി.എസ്. സുനിൽ കുമാർ പറഞ്ഞു. കട്ല ഉൾപ്പെടെയുള്ള മത്സ്യങ്ങൾ ആണ് കൃഷി ചെയ്യുന്നത്.