20 May, 2020 08:40:03 PM
കാർഷിക പമ്പുകൾ സോളാറിലേക്ക്; രജിസ്ട്രേഷൻ ആരംഭിച്ചു
തിരുവനന്തപുരം: കൃഷി ഭവനുമായി ബന്ധപ്പെട്ട് കെ.എസ് ഇ.ബി യുടെ കാർഷിക കണക്ഷൻ എടുത്തിട്ടുള്ള പമ്പുകൾ സോളാറിലേക്ക് മാറ്റുന്നതിന് അനെർട്ട് നടപ്പാക്കുന്ന പി.എം- കെ.യു.എസ്.യു.എം പദ്ധതിയിൽ രജിസ്ട്രേഷൻ ആരംഭിച്ചു.
ഒന്നു മുതൽ 10 എച്ച്.പി വരെ ശേഷിയുള്ള പമ്പുകളാണ് സോളാർ സംവിധാനത്തിലേക്ക് മാറ്റുക. ഒരു എച്ച്.പി ശേഷിക്ക് കുറഞ്ഞത് ഒരു കിലോവാട്ട് സോളാർ പാനൽ സ്ഥാപിക്കണം. ഇതിന് 54000 രൂപയാണ് ചെലവ്. ഇതിൻ്റെ 60 ശതമാനം സബ്സിഡി ലഭിക്കും.ഇതിൽ നിന്ന് നാല് മുതൽ അഞ്ച് വരെ യൂണിറ്റ് വൈദ്യുതി ലഭിക്കും.
രാവിലെ ഏഴു മുതൽ വൈകുന്നേരം അഞ്ചു വരെ പമ്പുകൾ തുടർച്ചയായി ഉപയോഗിക്കാനാകും. ഉപയോഗത്തിനു ശേഷം ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി കെ.എസ്.ഇ.ബി ഗ്രിഡിൽ നൽകിയാൽ കർഷകർക്ക് വരുമാനവും ലഭിക്കും.
പാനലുകൾക്ക് 20 വർഷത്തെ വാറന്‍റിയുണ്ട്. അനർട്ടിൻ്റെ എം.പാനൽ ലിസ്റ്റിലുള്ള ഏജൻസികൾ മുഖേനയാണ് പാനൽ സ്ഥാപിക്കുക. താൽപ്പര്യമുള്ളവർ അനെർട്ട് ജില്ലാ ഓഫീസുമായി ബന്ധപ്പെടണം ഫോൺ :04812575007, 9188 11 9405