13 May, 2020 10:24:06 AM


കോവിഡിനിടെ ഡെങ്കിപ്പനിയും എലിപ്പനിയും; സംസ്ഥാനത്ത് 69 പേർക്ക് രോഗം



തിരുവനന്തപുരം: സംസ്ഥാനം കോവിഡ് വ്യാപനത്തെ പ്രതിരോധിക്കുവാന്‍ ശ്രമിക്കുമ്പോള്‍ മറുവശത്ത് ഭീഷണി ഉയര്‍ത്തി പകര്‍ച്ചവ്യാധികളും. മഴക്കാലമായതോടെ ഡെങ്കിപ്പനിയും എലിപ്പനിയും കേരളത്തില്‍ പടരുകയാണ്. ചിക്കൻഗുനിയ, എച്ച്1എൻ1 തുടങ്ങിയ പകർച്ചവ്യാധികളും വർധിക്കുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.  പത്തു ദിവസത്തിനിടെ 47 പേർക്ക് ഡെങ്കിപ്പനിയും 22 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു.


437 പേർ ഡങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സയിലാണ്. ചൊവ്വാഴ്ച മാത്രം ചികിത്സ തേടിയെത്തിയവരില്‍ 12 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചപ്പോള്‍ 46 പേരില്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തി. കൊല്ലത്ത് ഏഴ് പേർക്ക് രോഗം സ്ഥിരീകരിച്ചു. കാസർകോട് 19 പേർക്കും പത്തനംതിട്ടയിൽ ഏഴുപേർക്കും ഡെങ്കിപ്പനി സംശയിക്കുന്നു.


52 പേർക്ക് എലിപ്പനി രോഗം സംശയിക്കുന്നു. മൂന്നുപേരുടെ മരണം എലിപ്പനി ലക്ഷണങ്ങളോടെയാണ്. കേരളത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളില്‍ 1286 പേരാണ് പകർച്ചവ്യാധികളാല്‍ മരണമടഞ്ഞത്. 2015ൽ (161 മരണം), 2016 (130), 2017 (453), 2018  (308), 2019 (234) എന്നിങ്ങനെയാണ് ഓരോ വര്‍ഷവും മരിച്ചവരുടെ എണ്ണം.


കോവിഡ് വ്യാപനത്തെ പ്രതിരോധിക്കാനുള്ള നടപടികളില്‍ ആരോഗ്യവകുപ്പ് അധികൃതരും തദ്ദേശസ്ഥാപനങ്ങളും മുഴുകിയിരിക്കുന്നതിനാല്‍ മഴക്കാലപൂർവ്വ ശുചീകരണം ഇതുവരെ കാര്യക്ഷമമായിട്ടില്ല. പ്രവർത്തനം നിലച്ച തോട്ടങ്ങളിലും കൃഷി സ്ഥലങ്ങളിലും കൊതുകുകൾ പെരുകി. പകര്‍ച്ചവ്യാധികള്‍ക്കെതിരെ അതീവജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ നിര്‍ദ്ദേശിക്കുന്നു. ലോക്ഡൌണ്‍ കാലയളവില്‍ ഓരോരുത്തരും അവരവരുടെ വീടും പരിസരവും വൃത്തിയാക്കുന്നതാണ് ഏറ്റവും വലിയ പ്രവര്‍ത്തനമെന്നും അധികൃതര്‍ നിര്‍ദ്ദേശിക്കുന്നു.


ഡങ്കിപ്പനി ലക്ഷണങ്ങളും പ്രതിരോധവും


ഈഡിസ് (Aedes) ജനുസിലെ ഈജിപ്തി (aegypti), അൽബോപിക്ട്‌സ് (albopictus) എന്നീ ഇനം പെൺ കൊതുകുകൾ പരത്തുന്ന ഡെങ്കി (Dengue) വൈറസ് മൂലമുണ്ടാകുന്ന രോഗമാണ് ഡെങ്കിപ്പനി (Dengue Fever). ആർത്രോപോടകൾ (കീടങ്ങൾ) പകർത്തുന്ന ആർബോവൈറസ് ഗ്രൂപ്പ് 'ബി'യിൽപ്പെടുന്ന ഫ്ളാവി വൈറസുകളാണ് ഇവ. ഏഡിസ് ഈജിപ്തി, ഏഡിസ് ആൽബൊപിക്റ്റ്സ് എന്നി കൊതുകുകൾ ശുദ്ധജലത്തിൽ, പ്രത്യേകിച്ച് മഴവെള്ളത്തിൽ മുട്ടയിടുന്ന കൊതുകുകളാണ്. പകൽ സമയത്ത് മാത്രം കടിക്കുന്ന സ്വഭാവം ഉള്ള ഇവയുടെ നിറം കറുപ്പും, മൂന്നു ജോഡി കാലുകളിലും മുതുകിലും (dorsum of thorax) വെളുത്ത വരകളും ഉണ്ട്. ഇവയുടെ നിറവും, വിട്ടു മാറാതെ കടിക്കുന്ന സ്വഭാവവും കാരണം ഇവയെ കടുവാക്കൊതുകുകൾ (Tiger mosquito) എന്നും വിളിക്കുന്നു.


ഡെങ്കിപ്പനി മൂന്നുതരം രോഗലക്ഷണങ്ങൾ ഉണ്ടാക്കാറുണ്ട്. സാധാരണ ഡെങ്കിപ്പനി (ക്ലാസിക് ഡെങ്കി ഫീവർ- DF), രക്തസ്രാവത്തോടെയുള്ള ഡെങ്കിപ്പനി (ഡെങ്കി ഹെമറേജിക് ഫീവർ-DHF), ആഘാതാവസ്ഥയോടുകൂടിയ ഡെങ്കിപ്പനി (ഡെങ്കി ഷോക്ക് സിൻഡ്രോം-DSS) എന്നിങ്ങനെയാണ് ഡെങ്കിപ്പനിയെ തരംതിരിച്ചിട്ടുള്ളത്. ഡെങ്കിപ്പനി ബാധിച്ച രോഗിയിൽനിന്നും ഈഡിസ് ഇനത്തിൽപ്പെട്ട പെൺകൊതുകുകൾ രക്തം കുടിക്കുന്നതോടെ രോഗാണുക്കളായ വൈറസുകൾ കൊതുകിനുള്ളിൽ കടക്കുന്നു. 8 -10 ദിവസങ്ങൾക്കുള്ളിൽ വൈറസുകൾ കൊതുകിന്‍റെ ഉമിനീർ ഗ്രന്ഥിയിൽ പ്രവേശിക്കുന്നു. ഈ കൊതുകുകൾ ഒരാളിന്‍റെ രക്തം കുടിക്കുന്നതോടൊപ്പം രോഗാണുക്കളെ മുറിവിലൂടെ ശരീരത്തിനുള്ളിൽ പ്രവേശിപ്പിക്കുകയും ചെയ്യുന്നു. രോഗാണുക്കൾ മനുഷ്യശരീരത്തിൽ എത്തി 3-14 ദിവസം കഴിയുമ്പോൾ (ശരാശരി 3-4 ദിവസം) പനി മുതലായ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നു.


പെട്ടെന്നുള്ള കഠിനമായ പനി, അസഹ്യമായ തലവേദന, നേത്രഗോളങ്ങളുടെ പിന്നിലെ വേദന, സന്ധികളിലും മാംസപേശികളിലും വേദന, വിശപ്പില്ലായ്മ, രുചിയില്ലായ്മ, മനംപുരട്ടലും ഛർദിയും എന്നിവ സാധാരണ ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളാണ്. 'എല്ലു നുറുങ്ങുന്ന വേദന' അനുഭവപ്പെടുന്നതുകൊണ്ട് ഈ രോഗം ബ്രേക്ക് ബോൺ ഫീവർ' എന്ന പേരിലും അറിയപ്പെടുന്നു. മൂന്നുനാല് ദിവസത്തെ ശക്തമായ പനിക്കുശേഷം ഏതാനും നാൾ രോഗലക്ഷണങ്ങൾ ഒന്നുംതന്നെ ഇല്ലാതിരിക്കുകയും വീണ്ടും പനി പ്രത്യക്ഷപ്പെടുകയും ചെയ്യുക ഈ രോഗത്തിന്‍റെ മറ്റൊരു പ്രത്യേകതയാണ്. അവസാനം മരണം വരെ സംഭവിക്കാം.


കൊതുകിനെ പ്രതിരോധിക്കുകയാണ് വഴി. കൊതുക് മുട്ടയിടാവുന്ന ചെറിയ വെള്ളക്കെട്ടുകൾ ഒഴിവാക്കുക, കൊതുകുവല ഉപയോഗിക്കുക, റിപ്പലന്‍റ്സ് ഉപയോഗിക്കുക തുടങ്ങിയ മാർഗങ്ങൾ സ്വീകരിക്കാം.രോഗം ബാധിച്ചവരെ കൊതുകു വലയ്ക്കുള്ളിൽ കിടത്തി ചികിത്സിക്കുകയാണ് അഭികാമ്യം. ഇവരിൽ നിന്നും രക്തപാനം നടത്തി കൊതുകുകൾ രോഗാണുവാഹകരായി മാറുന്നത് തടയുവാൻ ഇത് ഉപകരിക്കും. കൊതുകുവല, കൊതുകുകടക്കാത്ത സ്ക്രീനുകൾ, മനുഷ്യർക്ക് ഹാനികരമല്ലാത്ത കൊതുകുതിരികൾ തുടങ്ങിയവ വ്യക്തിഗതസംരക്ഷണ മാർഗങ്ങളാണ്.സമഗ്രമായ കൊതുകുനശീകരണവും കൊതുകുകളുടെ പ്രജനനസ്ഥലങ്ങൾ ഇല്ലാതാക്കുകയും ആണ് ഡെങ്കിപ്പനി നിയന്ത്രണത്തിനുള്ള ഏകപോംവഴി. ഉപയോഗശൂന്യമായി വെളിയിൽ കളയുന്ന പ്ളാസ്റ്റിക് പാത്രങ്ങൾ, ടിന്നുകൾ, ചിരട്ടകൾ തുടങ്ങിയവയിലും മരപ്പൊത്തുകളിലും പാത്രക്കഷണങ്ങളിലും മറ്റും കെട്ടിനിൽക്കുന്ന വെള്ളത്തിൽ പെരുകുവാൻ ഇഷ്ടപ്പെടുന്ന ഈയിനം കൊതുകുകളെ നിർമാർജ്ജനം ചെയ്യുന്നതിന് ഇത്തരം സ്രോതസ്സുകൾ നശിപ്പിക്കുകയാണ് ഫലപ്രദമായ മാർഗം.കീടനാശിനിയുടെ പ്രയോഗം, ധൂപനം (fogging), ജൈവിക നിയന്ത്രണങ്ങൾ എന്നിവ കൂത്താടി നശിപ്പിക്കുന്നതിന് പ്രയോജനപ്രദമാണ്. 


എലിപ്പനിയും പ്രതിരോധവും


പത്ത് തരത്തിലുള്ള ലെപ്റ്റോസ്പൈറ ബാക്ടീരിയകളാണ് രോഗം പരത്തുന്നത്. എലിപ്പനി രോഗത്തിനു കാരണമായ വന്യമൃഗങ്ങളും വളർത്തുമൃഗങ്ങളും രോഗപ്പകർച്ചയുണ്ടാക്കുന്നു. പ്രധാനമായും രോഗപ്പകർച്ചയുണ്ടാക്കുന്നത് കരണ്ടുതിന്നുന്ന ജീവികളാണ്. മൃഗമൂത്രത്തിലൂടെയാണ് രോഗാണുക്കൾ പുറത്തുവരുന്നത് മൃഗമൂത്രമോ, മൃഗമൂത്രം കലർന്ന വെള്ളമോ, മനുഷ്യരുടെ തൊലി, കണ്ണ്, വായ്,മൂക്ക്, യോനി എന്നിവയിലുള്ള മുറിവുകളിലൂടെ ശരീരത്തിൽ സ്പർശിക്കുകയും അവയിലൂടെ മനുഷ്യരിലേക്ക് രോഗാണുക്കൾ പ്രവേശിക്കുകയും ചെയ്യുന്നു.


രോഗാണു വാഹകരായ ജന്തുക്കളുടെ വ‍ൃക്കകളിലാണ് ലെപ്ടോസ്പൈറ കുടിയിരിക്കുന്നത് . രോഗം ബാധിച്ച കരണ്ട് തിന്നികൾ ആയുഷ്ക്കാലമാത്രയും രോഗാണു വാഹകർ ആയിരിക്കും. രോഗാണു വാഹകരായ ജന്തുക്കളുടെ മൂത്രം കലർന്ന ജലാശയങ്ങൾ,ഓടകൾ, കുളങ്ങൾ, കൃഷിയിടങ്ങൾ, പാടങ്ങൾ എന്നിവയിൽ ലെപ്ടോസ്പൈറ അനുകൂല സാഹചര്യങ്ങളിൽ അനേക നാൾ ജീവിച്ചിരിക്കും. നല്ല സൂര്യപ്രകാശവും ഒഴുക്കും ഉള്ള സാഹചര്യങ്ങളിൽ ഇവ സ്വയം നശിപ്പിക്കപ്പെടും. എലികളും മറ്റും സന്ദർശിക്കാറുള്ള ജലാശയങ്ങൾ, ഓടകൾ, കുളങ്ങൾ, കൃഷിയിടങ്ങൾ, പാടങ്ങൾ എന്നിവയിൽ വേണ്ടത്ര മുൻ കരുതലുകൾ ഇല്ലാതെ ഇറങ്ങുകയോ, ജോലി ചെയ്യുകയോ, കുളിക്കുകയോ ചെയ്യുന്നതിലുടെ രോഗാണു മനുഷ്യ ശരീരത്തിൽ എത്തുന്നു. കണ്ണിലുള്ള പോറലുകളിൽക്കൂടിപ്പോലും മുഖം കഴുകുമ്പോൾ രോഗബാധ ഉണ്ടാകാം. കുടിക്കുന്ന വെള്ളത്തിലൂടെയും രോഗബാധ ഉണ്ടാകാം. ഏത് സമയത്തും എലിപ്പനി പിടിപെടാം. ഇടവപ്പാതി, തുലാമഴ കാലത്ത് വെള്ളക്കെട്ടുകൾ അധികരിക്കുന്നതിനാൽ രോഗബാധ കൂടുന്നു. ഏത് പ്രായക്കാർക്കും രോഗബാധ ഉണ്ടാകാം. എലിമൂത്രം മൂലം മലിനമായ ചെളിയിലും, തോടുകളിലും, ഓടകളിലെ വെള്ളത്തിലും കളിക്കുമ്പോൾ ബാധ ഉണ്ടാകാൻ സാധ്യത ഉണ്ട്. പറമ്പിൽ പണിയെടുക്കുന്നവർക്ക് രോഗം പിടിപെടാൻ സാധ്യത കൂടുതലാണ്.


ലെപ്ടോസ്പൈറ ശരീരത്തിൽ കടന്നുകൂടുന്നതു മുതൽ രോഗം പ്രത്യക്ഷമാകുന്നതിനുള്ള ഇടവേള സാധാരണ 10 ദിവസമാണ്. ഇത് 4 മുതൽ 20 ദിവസം വരെ ആകാം. രോഗാണു രക്തത്തിൽ വളരെ വേഗം പെരുകുന്നു. ചിലർക്ക് രോഗം പിടിപെട്ടു ഒരാഴ്ചക്കുള്ളിൽ കരള്‍, വൃക്ക, ഹൃദയം, ശ്വാസകോശം, നാഡി, ഞരമ്പ് എന്നിവയുടെ പ്രവർത്തനം തകരാറിലാവുകയും രക്ത സ്രാവത്തിനു ഇടയാക്കുകയും ചെയ്യുന്നു. രോഗം സങ്കീർണമായാൽ മരണം വരെ സംഭവിക്കാം. ഉടൻ ചികിത്സ നൽകിയാൽ പൂർണമായും ഭേദമാകുന്ന രോഗമാണ് എലിപ്പനി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K