09 May, 2020 11:31:27 AM
ക്വാറന്‍റീൻ 28 ദിവസം തന്നെ; കേന്ദ്രനിര്‍ദ്ദേശം കേരളം പൊളിച്ചെഴുതിയെന്ന് ആരോപണം
ദില്ലി: വിദേശത്തു നിന്ന് വിമാനത്തിലോ കപ്പലിലോ ഇന്ത്യയിൽ തിരിച്ചെത്തുന്നവർ 28 ദിവസത്തെ ക്വാറന്‍റീനിൽ കഴിയണം എന്ന് കേന്ദ്രസർക്കാര്‍ നിർദ്ദേശം. കേരളം മാത്രമാണ് ഈ വ്യവസ്ഥ മാറ്റി ഏഴു ദിവസത്തെ ക്വാറന്‍റീൻ എന്ന് പ്രഖ്യാപിച്ചതെന്നും ചൂണ്ടികാണിക്കപ്പെടുന്നു. ആദ്യ 14 ദിവസം ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻറീനിലും അതിനു ശേഷം പരിശോധനയിൽ നെഗറ്റീവ് എന്നു കാണുന്നവർ അടുത്ത 14 ദിവസം വീട്ടിൽ സ്വയം ക്വാറൻറീനിലും കഴിയണം.14 ദിവസത്തിനു ശേഷം നെഗറ്റീവ് അല്ലാതെ പരിശോധനാ ഫലം പോസിറ്റീവ് ആകുന്നവരെ സംസ്ഥാനങ്ങളോ കേന്ദ്രഭരണ പ്രദേശങ്ങളിലെ അധികൃതരോ കോവിഡ് ആശുപത്രികളിൽ പ്രവേശിപ്പിക്കണമെന്നുമാണ് കേന്ദ്രനിര്‍ദ്ദേശം.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഈ മാസം അഞ്ചാം തീയതി ഇതു സംബന്ധിച്ച വിശദമായ സ്റ്റാൻഡേർഡ് ഓപ്പറേറ്റീവ് പ്രൊസീഡിയർ പുറത്തിറക്കിയിരുന്നു. ഇക്കാര്യത്തിൽ കേന്ദ്ര മാർഗരേഖ കർശനമായി പാലിക്കണമെന്നും കേന്ദ്ര സർക്കാർ വെള്ളിയാഴ്ച കേരള ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. വിദേശത്തു നിന്ന് ദില്ലിയിലും ഒഡീഷയിലും പഞ്ചാബിലും കഴിഞ്ഞ ദിവസങ്ങളിൽ കൊണ്ടു വന്ന എല്ലാവർക്കും 14 ദിവസം ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്‍റീനും പിന്നീട് 14 ദിവസം ഹോം ക്വാറന്‍റീനുമാണ് സംസ്ഥാനസർക്കാരുകൾ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
നേരത്തെ ആഭ്യന്തര മന്ത്രാലയം നിർദേശിച്ചതനുസരിച്ചു തിരിച്ചെത്തുന്ന പ്രവാസികളെ സർക്കാർ ഒരുക്കുന്ന സംവിധാനത്തിലാണ് ആദ്യം ക്വാറന്‍റീൻ ചെയ്യേണ്ടത്. 14 ദിവസം ഇതു തുടരണമെന്നും പറഞ്ഞിരുന്നു. ഇതിനു വിരുദ്ധമായിരുന്നു കേരളത്തിന്‍റെ നിലപാട്. വിമാനത്താവളത്തിൽനിന്നു നേരെ സർക്കാർ സംവിധാനത്തിലെത്തിച്ച് 7 ദിവസം അവിടെയും തുടർന്ന് 7 ദിവസം വീടുകളിലും ക്വാറന്‍റീനിലാക്കുമെന്നു മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു. ഇതാണ് കേരള സര്‍ക്കാരിനെതിരെയുള്ള ആരോപണമായി ചൂണ്ടികാട്ടുന്നത്.