05 May, 2020 04:57:03 PM
സംസ്ഥാനത്ത് ഇന്ന് 3 പേര്‍ക്ക് കോവിഡ്; മൂന്നും വയനാട്ടിലെ രോഗിയുമായി ബന്ധപ്പെട്ടവര്‍ക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്ന് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മൂന്നു പേരും വയനാട്ടില്‍ നേരത്തെ കോവിഡ് സ്ഥിരീകരിച്ച ലോറി ഡ്രൈവറുമായി ബന്ധപ്പെട്ടവരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതോടെ കേരളത്തിലെ കോവിഡ് രോഗികളുടെ എണ്ണം ആയി.
കഴിഞ്ഞ ദിവസം ചെന്നൈയില്‍ പോയി വന്ന വാഹനത്തിന്റെ ഡ്രൈവര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ആ ഡ്രൈവറുടെ അമ്മയ്ക്കും ഭാര്യയ്ക്കും ഇദ്ദേഹത്തിന്റെ സഹായിയായി പോയ ക്ലീനറുടെ മകനുമാണ് ഇപ്പോള്‍ രോഗം വന്നിരിക്കുന്നത്. മറ്റു സ്ഥലങ്ങളില്‍ പോയി വരുമ്പോൾ സ്വീകരിക്കേണ്ട മുന്‍കരുതലുകളില്‍ പാളിച്ചകള്‍ വന്നാലുണ്ടാവുന്ന അപകടമാണ് ഇതിലൂടെ കാണിക്കുന്നത്.
ഇന്ന് സംസ്ഥാനത്ത് ചികിത്സയിലുള്ള ആരുടേയും ഫലം നെഗറ്റീവായിട്ടില്ല. ഇതുവരെ 502 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 37 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 21342 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ 21034 പേര്‍ വീടുകളിലും 308 പേര്‍ ആശുപത്രിയിലുമാണ്. ഇന്നു മാത്രം 86 പേരെ ആശുപത്രിയിലേക്ക് മാറ്റി. 33800 സാംപിളുകള്‍ ഇതുവരെ പരിശോേധനയ്ക്ക് അയച്ചു. 33605 എണ്ണം നെഗറ്റീവാണ്. 1024 ടെസ്റ്റ് ഇന്ന് നടത്തി.
സാമൂഹികവ്യാപന പരിശോധനയുടെ ഭാഗമായി മുന്ഗണനാപട്ടികയില്പ്പെട്ട 2512 സാംപിളുകള്‍ പരിശോധിച്ചതില്‍ 1979 എണ്ണം നെഗറ്റീവാണ്. ഇന്ന് പുതുതായി ഒരു സ്ഥലവും ഹോട്ട്സ്പോട്ടില്‍ ഇല്ല. കണ്ണൂര്‍ 18, കോട്ടയം 6, വയനാട് 4, കൊല്ലം 3, കാസര്‍കോട് 3, പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളില്‍ ഒരോരുത്തര്‍ വീതം ഇങ്ങനെയാണ് ചികിത്സയിലുള്ളവരുടെ എണ്ണം.
വിദേശത്ത് നിന്നും നമ്മുടെ പ്രവാസികള്‍ നാട്ടിലേക്ക് വരാനുള്ള പ്രാരംഭനടപടികള്‍ കേന്ദ്രം തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ആളുകളുടെ എണ്ണം താരത്മ്യപ്പെടുത്തിയാല്‍ വളരെ കുറച്ചു പേരെ മാത്രമേ ആദ്യഘട്ടത്തില്‍ കൊണ്ടു വരുന്നുള്ളൂ. കേരളത്തിലെ നാല് വിമാനത്താവളങ്ങളിലായി ആദ്യത്തെ അഞ്ച് ദിവസം 2250 പേര്‍ എത്തും. കേന്ദ്രസര്‍ക്കാര്‍ കേരളത്തിലേക്ക് ആകെ കൊണ്ടുവരുന്നത് 80,000 പേരെയാണ് എന്നും ഒരു വിവരമുണ്ട്. പക്ഷേ അടിയന്തരമായി നാട്ടില്‍ എത്തിക്കേണ്ടവരുടെ മുന്‍ഗണനാപട്ടിക കേരളം തയ്യാറാക്കിയപ്പോള്‍ 169130 പേരുണ്ട് എന്നാണ് കണ്ടത്. തിരിച്ചു വരാന്‍ നോര്‍ക്ക വഴി താത്പര്യം അറിയിച്ചത് 4.42 ലക്ഷം പേരാണ്.