04 May, 2020 06:43:05 PM
മാസ്കുകള്‍ അലക്ഷ്യമായി വലിച്ചെറിയരുത്; തുണികൊണ്ടു നിര്‍മിച്ചവ ഉപയോഗിക്കുക
കോട്ടയം: കോവിഡ്-പ്രതിരോധനത്തിനായി ഉപയോഗിക്കുന്ന മാസ്കുകള്‍ അലക്ഷ്യമായി വലിച്ചെറിയരുതെന്ന് ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു അറിയിച്ചു. നിലവില്‍ ഉപയോഗിക്കുന്ന മാസ്കുകളില്‍ ഭൂരിഭാഗവും പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍ കൊണ്ട് നിര്‍മിച്ചവയല്ല. ഇത്തരം മാസ്കുകള്‍ ഉപയോഗശേഷം റോഡരികിലും പൊതുസ്ഥലങ്ങളിലും മറ്റും ഉക്ഷേിക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത് പരിസ്ഥിതി മലിനീകരണത്തിനും സാംക്രമിക രോഗങ്ങള്‍ക്കും കാരണമായേക്കാം. തുണികൊണ്ട് നിര്‍മിച്ച പുനരുപയോഗിക്കാന്‍ കഴിയുന്ന മാസ്കുകള്‍ ഉപയോഗിക്കുന്നതാണ് അഭികാമ്യം.
ഉപയോഗിച്ച മാസ്കുകള്‍ കത്തിച്ചുകളയുകയോ ബ്ലീച്ചിംഗ് ലായനിലിയിട്ട് അണുവിമുക്തമാക്കിയശേഷം കുഴിച്ചുമൂടുകയോ ചെയ്യണം. മാസ്കിനുവേണ്ടി കൂടുതല്‍ പണം ചെലവഴിക്കേണ്ടിവരുന്ന സാഹചര്യവും ഉപയോഗിച്ചവ നശിപ്പിക്കുന്നതിനുള്ള ബുദ്ധിമുട്ടും ഒഴിവാക്കാന്‍ ഇത് സഹായകമാകും. തദ്ദേശഭരണ സ്ഥാപനങ്ങളും സര്‍ക്കാര്‍ വകുപ്പുകളും സന്നദ്ധ സംഘടനകളും തുണി മാസ്കുകള്‍ നിര്‍മിക്കുന്നുണ്ട്. ഇത്തരം മാസ്കുകള്‍ ലഭ്യമല്ലെങ്കില്‍ പകരമായി തൂവാല ഉപയോഗിക്കാവുന്നതേയുള്ളൂ - കളക്ടര്‍ നിര്‍ദേശിച്ചു.
പരിസ്ഥിതി സൗഹൃദ മാസ്കുമായി പനച്ചിക്കാട് ഹരിതകര്‍മ്മസേന
അജൈവ മാലിന്യങ്ങള്‍ക്കെതിരായ പോരാട്ടത്തിലെന്ന പോലെ കോവിഡ് പ്രതിരോധത്തിലും പരിസ്ഥിതി സൗഹാര്‍ദ്ദത്തിന്‍റെ വഴികാട്ടുകയാണ് പനച്ചിക്കാട് ഹരിതകര്‍മ്മസേനാംഗങ്ങള്‍. ഉപയോഗശേഷം വലിച്ചെറിയുന്ന മാസ്കുകള്‍ നാടിനു ഭീഷണിയാകുന്നതു കണക്കിലെടുത്താണ് ഇവര്‍ തുണി മാസ്കുകള്‍ തയ്യാറാക്കി വിതരണത്തിനെത്തിച്ചിരിക്കുന്നത്. അംഗങ്ങള്‍ വീടുകളിരുന്ന് തയ്യാറാക്കിയ മൂവായിരത്തോളം മാസ്കുകള്‍ ഇതിനോടകം വില്‍പ്പന നടത്തി. ഒരു മാസ്കിന് പത്തു രൂപയാണ് വില.
ഹരിതകര്‍മ്മ സേന കണ്‍സോര്‍ഷ്യം സെക്രട്ടറി ആശാ ജോണ്‍സണാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. കോട്ടയം കളക്ടറേറ്റിലെ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലെ ജീവനക്കാര്‍ക്കുള്ള മാസ്കുകള്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ബിനു ജോണിന് ഇവര്‍ കൈമാറി. ഹരിതകേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി. രമേഷ്, പഞ്ചായത്ത് വകുപ്പ് അസിസ്റ്റന്‍റ് ഡയറക്ടര്‍ ജയരാജ്, സീനിയര്‍ സൂപ്രണ്ട് ബാബുരാജ്, എസ്. സൗമ്യ എന്നിവര്‍ സന്നിഹിതരായിരുന്നു.