28 April, 2020 04:57:34 PM


കേരളത്തിൽ ഇന്ന് 4 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 4 പേർ രോഗമുക്തരായി



തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 4 പേർക്ക് പോസിറ്റീവും 4 പേർക്കു നെഗറ്റീവും ആയെന്ന് മുഖ്യമന്ത്രി. കണ്ണൂരില്‍ മൂന്ന് പേര്‍ക്കും കാസര്‍ഗോഡ് ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കൊറോണ അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് തിരുവനന്തപുരത്ത് ഇക്കാര്യം അറിയിച്ചത്. പോസിറ്റീവായ രണ്ടുപേര്‍ വിദേശത്തുനിന്നു വന്നതാണ്. രണ്ടുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. നാലുപേര്‍ രോഗമുക്തി നേടി. കണ്ണൂരില്‍ രണ്ടുപേരും കാസർഗോഡ് രണ്ടുപേരുമാണ് രോഗമുക്തരായത്.


ഇതുവരെ 485 പേര്‍ക്കാണ് സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചത്. 123 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. 20,773 പേരാണ് സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലുള്ളത്. വീടുകളില്‍ 20,255 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. 518 പേരാണ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ഇന്ന് 151 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 23,980 സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു. 23,277 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.  പ്രവാസികൾ മടങ്ങിവരുന്നത് സംബന്ധിച്ച് കേരളം സർവസജ്ജമെന്ന് മുഖ്യമന്ത്രി. കേന്ദ്രം പ്രത്യേക വിമാനം എപ്പോൾ അനുവദിച്ചാലും സ്വീകരിക്കാൻ സർക്കാർ സജ്ജമാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K