26 April, 2020 10:37:08 PM
ഡോക്ടര്‍മാരുടെ കല്യാണത്തില്‍ "പങ്കെടുത്തത്" തൊളളായിരത്തിലധികം പേർ
കൊച്ചി: കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് നിരവധി കല്യാണങ്ങള്‍ സംസ്ഥാനത്ത് മാറ്റി വെച്ച സാഹചര്യത്തിലും കോഴിക്കോട്ടെ രണ്ട് ഡോക്ടര്‍മാരുടെ വിവാഹം കെങ്കേമമായി തന്നെ നടന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോ.വൈശാഖ് മോഹനും മുക്കം കെ.എം.സി.ടി മെഡിക്കല്‍ കോളേജിലെ ഡോ. കാവ്യ മോനോനും നിശ്ചയിച്ച മുഹൂർത്തത്തിൽ തന്നെ തൊള്ളായിരത്തിലധികം ആളുകളുടെ ആശീര്‍വാദത്തോടെ ഇന്ന് വരണമാല്യം ചാര്‍ത്തി. വധുവിന്റെ തൃപ്പൂണിതുറയിലെ വീട്ടില്‍ വെച്ചായിരുന്നു ചടങ്ങുകള്‍.
വരന്റെയും വധുവിന്റെയും വീട്ടുകാര്‍ക്കൊപ്പം തൊള്ളായിരത്തോളം ആളുകള്‍ക്ക് ഒരേസമയം വീഡിയോ മീറ്റിംഗ് സാധ്യമാവുന്ന ഫേസ്ബുക്ക് ലൈവ് വഴിയായിരുന്നു വിവാഹം. തങ്ങളുടെ ജീവിതത്തിലെ സന്തോഷസുദിനത്തിന് പ്രിയപ്പെട്ടവരെയെല്ലാം സാക്ഷിയാക്കിയാണ് രണ്ട് ഡോക്ടര്‍മാരും വിവാഹിതരായത്. വിവാഹത്തിന് ഒരാഴച മുമ്പ് ഫെയ്സ്ബുക്കിലൂടെ സുഹൃത്തുക്കളും ബന്ധുക്കളുമടങ്ങിയ 924 ആളുകളെ ചേര്‍ത്ത് പ്രൈവറ്റ് ഗ്രൂപ്പ് ഉണ്ടാക്കിയിരുന്നു. അങ്ങനെ എല്ലാവരും വിവാഹം ലൈവായി കണ്ടു. വിദേശത്തുള്ള 350 ആളുകളാണ് ഓണ്‍ലൈനിലൂടെ വധുവിനെയും വരനെയും ലൈവായി ആശീര്‍വദിച്ചത്.
ദുബായില്‍ ജോലി ചെയ്യുന്ന കാവ്യയുടെ മാതാപിതാക്കള്‍ വിവാഹത്തിന് മുന്നോടിയായി നാട്ടിലെത്തിയതായിരുന്നു. അവരുടെ ക്വാറന്റൈന്‍ കാലയളവ് കഴിഞ്ഞ ശേഷമായിരുന്നു വിവാഹ തീയതി നിശ്ചയിച്ചത്. നേരത്തെ എറണാകുളം എളമക്കര ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ചാണ് വിവാഹം നടത്താന്‍ തീരുമാനിച്ചിരുന്നത്. പാലക്കാട് സ്വദേശിയായ ഡോ. വൈശാഖ് മോഹന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് സര്‍ജറി ഡിപ്പാര്‍ട്ട്മെന്റ് സീനിയര്‍ അസിസ്റ്റന്റാണ്. എറണാകുളം തൃപ്പൂണിത്തുറ സ്വദേശിയായ ഡോ.കാവ്യാ മേനോന്‍ കെ.എം.സി.ടി മെഡിക്കല്‍ കോളേജ് പീഡിയാട്രിക് പി.ജി വിദ്യാര്‍ത്ഥിയാണ്.