25 April, 2020 09:16:43 PM
സംസ്ഥാനത്ത് ഇന്ന് ഏഴു പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 116 പേർ ചികിത്‌സയില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച ഏഴു പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കോട്ടയത്തും കൊല്ലത്തും മൂന്നു വീതവും കണ്ണൂരിൽ ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കൊല്ലത്ത് രോഗം സ്ഥിരീകരിച്ച ഒരാൾ ആരോഗ്യ പ്രവർത്തകയാണ്. ഏഴു പേർ രോഗമുക്തി നേടി. ഇതിൽ രണ്ടു വീതം പേർ കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ഒരാൾ വയനാട് ജില്ലയിലുമാണ്. നിലവിൽ 116 പേർ ചികിത്‌സയിലാണ്.
21,044 പേർ നിരീക്ഷണത്തിലുണ്ട്. ഇതിൽ 20,580 പേർ വീടുകളിലും 464 പേർ ആശുപത്രികളിലുമാണ്. ശനിയാഴ്ച 132 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണൂരിൽ 55 ഉം കാസർകോട് 15 ഉം കോഴിക്കോട് 11 ഉം പേർ ചികിത്‌സയിലുണ്ട്. വയനാട്, തൃശൂർ, ആലപ്പുഴ ജില്ലകളിൽ നിലവിൽ ആരും ചികിത്‌സയിലില്ല. കോഴിക്കോട് മെഡിക്കൽ കോളേജിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്‌സയിലായിരുന്ന 84 വയസുള്ള കൂത്തുപറമ്പ് മൂരിയാട് അബൂബക്കറിന് രോഗം ഭേദമായി. വൃക്കരോഗം ഉൾപ്പെടെയുണ്ടായിരുന്ന ആളാണ് അബുബക്കർ.
ആദ്യത്തെ പതിനാലു ദിവസത്തിലാണ് രോഗവ്യാപനം ഉണ്ടാകുന്നതെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. അതിനു ശേഷം രോഗാണു ശരീരത്തിലുണ്ടായാലും രോഗവ്യാപനം സംഭവിക്കില്ല. നിലവിൽ വിദേശത്ത് നിന്ന് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് നോർക്കയുടെ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാൻ സംവിധാനം ഒരുക്കിയിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ കഴിയുന്ന മലയാളി വിദ്യാർത്ഥികൾക്കും ഇത്തരത്തിൽ പേര് രജിസ്റ്റർ ചെയ്യുന്നതിന് സംവിധാനം ഒരുക്കം. തിരുവനന്തപുരം ആർ. സി. സിയിൽ ശസ്ത്രക്രിയയ്ക്ക് മുമ്പ് കോവിഡ് പരിശോധന നടത്തും. ആർ. സി. സിയിൽ കാൻസർ ശസ്ത്രക്രിയകൾ പുനരാരംഭിച്ചിട്ടുണ്ട്.