22 April, 2020 10:16:43 AM


ലോക്‌ഡൗണിൽ തളിരിടുകയാണ് പൊതുപ്രവർത്തകനായ രാജന്റെ അടുക്കളത്തോട്ടം

- സുനിൽ പാലാ




പാലാ: കോവിഡ് 19 വ്യാപകമാകുന്നത് തടയുന്നതിന്റെ ഭാഗമായി രാജ്യവ്യാപകമായി ലോക്‌ഡൗൺ പ്രഖ്യാപിച്ചതോടെ ജനങ്ങൾ  ടെലിവിഷൻ ചാനലുകളെ അഭയം പ്രാപിച്ച് വീടുകൾക്ക് ഉള്ളിലേക്ക് ഒതുങ്ങിക്കൂടിയ സമയത്ത്  മുഴുവൻ സമയവും പച്ചക്കറി കൃഷിക്കു വേണ്ടി മാറ്റിവെച്ച് മറ്റുള്ളവർക്ക്  മാതൃകയായിരിക്കുകയാണ്  സി.റ്റി.രാജൻ. 


പരിചയക്കാരും സുഹൃത്തുക്കളുമെല്ലാം "സി.റ്റി." എന്ന ഓമനപ്പേരിൽ വിളിക്കുന്ന രാജൻ കോൺഗ്രസിന്റെ കോട്ടയം ജില്ലാ ജനറൽ സെക്രട്ടറിയും രാമപുരം സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പറുമാണ്.   മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനും. പൊതുപ്രവർത്തനത്തിലെ തിരക്കുകൾ മൂലം പകൽ സമയം വീട്ടിൽ ചിലവഴിക്കാൻ ഒരിക്കൽ പോലും സമയം ലഭിക്കാറില്ലാത്ത ഇദ്ദേഹം ലോക്‌ഡൗൺ സമയത്ത് വീണു കിട്ടിയ അവസരം മുതലാക്കി വീട്ടുമുറ്റത്ത് പച്ചക്കറി കൃഷി ആരംഭിക്കുകയായിരുന്നു. 


വിവിധ ഇനങ്ങളിലായി നൂറിൽപ്പരം  പച്ചക്കറി തൈകൾ  രാജൻ നട്ടു പരിപാലിച്ചു വരുന്നു. വീടിന്റെ മുറ്റത്തും പരിസരത്തുമായിട്ട് വെണ്ട, വഴുതന  ചീര,  പയർ, പടവലം  തക്കാളി തുടങ്ങിയവ കൃഷി ചെയ്തിരിക്കുന്നു. വിത്തുകളും തൈകളും കൂടകളിൽ ആക്കിയാണ് നട്ടിരിക്കുന്നത്. കോഴ കാർഷിക വികസന കേന്ദ്രത്തിലെ അസിസ്റ്റന്റ് കൃഷി ഓഫീസർ രാജേഷിന്റെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സ്വീകരിച്ചാണ്  ഇദ്ദേഹത്തിന്റെ കൃഷി. ചെറുപ്പം മുതൽ കൃഷിയോട് വലിയ താല്പര്യമായിരുന്നൂവെന്നും  തിരക്കിനിടയിലും ലഭിക്കുന്ന സമയങ്ങളിൽ ചെറിയ തോതിൽ എപ്പോഴും പച്ചക്കറി കൃഷി ചെയ്യാറുണ്ടെന്നും  രാജൻ പറഞ്ഞു.


ലോക്‌ഡൗൺ തീരുന്നതുവരെ   പരമാവധി പച്ചക്കറികൾ കൃഷി ചെയ്യാൻ തന്നെയാണ്  തീരുമാനമെന്നും ഇദ്ദേഹം തുടർന്നു. പൊതുരംഗത്തു നിന്ന് തൽക്കാലം മാറി തികഞ്ഞ കർഷകനായി മാറിയ രാജന് പരിപൂർണ്ണ പിന്തുണയുമായി ഭാര്യ രാമപുരം  ഗവൺമെന്റ് ആശുപത്രിയിലെ ഹെഡ് നഴ്സ്  ആയ സിനിയും മക്കളായ  അശ്വിൻരാജും അക്ഷര രാജുമുണ്ട്. ഒഴിവുവേളകളിൽ നാലുപേരും പച്ചക്കറിത്തോട്ടത്തിലുണ്ടാവും. 




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K