21 April, 2020 06:35:16 PM
സംസ്ഥാനം വീണ്ടും ആശങ്കയിലേക്ക്: ഇന്ന് 19 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തിന് തുടർച്ചയായ ആശ്വാസങ്ങളുടെ ദിനങ്ങൾ ആശങ്കയ്ക്കു വഴിമാറുന്നു. ലോക്ക്ഡൗൺ ലംഘിച്ച് ഒളിച്ച് തമിഴ്നാട്ടിൽനിന്നും എത്തിയവർക്ക് അടക്കം ഇന്ന് 19 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. എന്നാൽ രോഗം ഭേദമായത് 16 പേർക്ക് മാത്രമാണ്- മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ആഴ്ചകൾക്കു ശേഷമാണ് രോഗം ഭേദമാകുന്നവരേക്കാൾ രോഗികളുടെ എണ്ണം വർധിക്കുന്നത്. രോഗികളുടെ എണ്ണം രണ്ടക്കം കടക്കുന്നതും ആഴ്ചകൾക്ക് ശേഷം ഇന്നാണ്. കണ്ണൂർ (10), പാലക്കാട് (നാല്), കാസർഗോഡ് (മൂന്ന്), മലപ്പുറം, കൊല്ലം ഒന്നുവീതം എന്നിങ്ങനെയാണ് കോവിഡ് സ്ഥിരീകരിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്ക്. കണ്ണൂരിൽ രോഗം സ്ഥിരീകരിച്ചവരിൽ ഒൻപത് പേരും വിദേശത്തുനിന്നും എത്തിയവരാണ്. ഒരാൾക്ക് സമ്പർക്കത്തിലൂടെയുമാണ് രോഗം സ്ഥിരീകരിച്ചത്. കാസർഗോഡ് കോവിഡ് സ്ഥിരീകരിച്ച മൂന്നു പേരും വിദേശത്തുനിന്നും എത്തിയവരാണ്.
പാലക്കാട്, മലപ്പുറം, കൊല്ലം എന്നിവിടങ്ങളിൽ കോവിഡ് സ്ഥിരീകരിച്ചവരിൽ ഓരോരുത്തർ തമിഴ്നാട്ടിൽനിന്നും എത്തിയവരാണ്. ലോക്ക്ഡൗൺ ലംഘിച്ച് കേരളത്തിലേക്ക് ഇവർ ഒളിച്ചുകടന്നതാണ്. അതിർത്തിയിൽ നിയന്ത്രണം വർധിപ്പിക്കേണ്ടതിന്റെ സൂചനയാണ് ഇതിലൂടെ ലഭിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.