17 April, 2020 01:13:41 PM


'ശരീരത്ത് തൊടാനാവില്ല'; ആയുര്‍വേദമേഖലയിലെ തെറാപ്പിസ്റ്റുകള്‍ ആശങ്കയില്‍

- സംഗീത എന്‍.ജി.



പാലക്കാട്: കോവിഡ് വൈറസ് വ്യാപനത്തെതുടര്‍ന്ന് ആയുർവേദ മേഖലയിലെ തെറാപ്പിസ്റ്റുകള്‍ ഉള്‍പ്പെടെ ഒരു വിഭാഗം ആരോഗ്യപ്രവര്‍ത്തകര്‍ ആശങ്കയുടെ നിഴലില്‍. ആയുർവേദ ആശുപത്രികള്‍ ഉൾപ്പെടെയുള്ള സ്ഥാപനങ്ങള്‍ ഇന്ത്യയില്‍ ലോക്ഡൗണിന്‍റെ ഭാഗമായി അടച്ചിട്ടതോടെ ഈ മേഖലയിലെ അവിഭാജ്യഘടകമായിരുന്ന തെറാപ്പിസ്റ്റുകളുടെ ഭാവിയാണ് തുലാസിലായത്. 


നിസാര ശമ്പളത്തിനും കരാര്‍ അടിസ്ഥാനത്തിലും ജോലി ചെയ്യുന്നവരാണ് തെറാപ്പിസ്റ്റുകളില്‍ ഭൂരിപക്ഷവും. ജോലി ഇല്ലാതായതോടെ തങ്ങളുടെ കുടുംബങ്ങൾ വന്‍കഷ്ട്ടതയിലാണെന്ന് തെറാപ്പിസ്റ്റുകല്‍ പറയുന്നു. പ്രവർത്തനരഹിതമായ സ്ഥാപനങ്ങളുടെ മേധാവികളും ഉടമകളും ഇവരെ കൈ ഒഴിഞ്ഞ അവസ്ഥയാണ്. ശരീരത്തിൽ സ്പർശിച്ചു ചെയ്യുന്ന തൊഴിൽ ആയതിനാൽ എന്നു മുതൽ ജോലിയിൽ തിരികെ കയറാം എന്നതിനും ഉറപ്പില്ല. 


ഇന്നത്തെ സാഹചര്യത്തില്‍ എന്ന് സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കുമെന്നതിന് വ്യക്തമായ ഉത്തരം നല്‍കാനും ആര്‍ക്കുമാവില്ല. ഇതര സംസ്ഥാനങ്ങളിലും വിദേശങ്ങളിലും ജോലി ചെയ്യുന്ന തെറാപ്പിസ്റ്റുകളാകട്ടെ ജോലി നഷ്ടപ്പെട്ടതോടെ നാട്ടിൽ വരാൻ കഴിയാതെ കുടുങ്ങി കിടക്കുകയുമാണ്. ഇവര്‍ക്കൊന്നും സ്ഥാപന ഉടമകളുടെ ഭാഗത്ത്‌ നിന്നും ഒരു രീതിയിൽ ഉള്ള സഹായങ്ങളും ലഭിക്കുന്നില്ലെന്നാണ് പരാതി.


കോവിഡ് കാലത്ത് തങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ചൂണ്ടികാട്ടി സ്വകാര്യമേഖലയിലെ ആയുർവേദ തെറാപ്പിസ്റ്റുകളുടെ കൂട്ടായ്മയായ 'റഡി ടു വാര്‍' മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. എന്നാൽ ഇതുവരെ സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് ആയുർവേദ തെറാപ്പിസ്റ്റുകൾക്കായി ഒരു രീതിയിൽ ഉള്ള ആനുകൂല്യങ്ങളും പ്രഖ്യാപിക്കാത്തത് മൂലം തങ്ങള്‍ ആശങ്കയിലാണെന്ന് ഇവരുടെ പ്രതിനിധി ബൈജു എറണാകുളം കൈരളി വാര്‍ത്തയോട് പറഞ്ഞു. ഇതേ പ്രശ്നങ്ങള്‍ ചൂണ്ടികാട്ടി പ്രധാനമന്ത്രിക്ക് നിവേദനം നല്‍കാനുള്ള ആലോചനയിലാണ് ഇവര്‍.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 7.9K