15 April, 2020 10:30:26 PM
സംസ്ഥാനത്ത് ആറ് ജില്ലകള്‍ ഹോട്ട് സ്പോട്ടുകൾ; ആറെണ്ണം നോൺ ഹോട്ട്സ്പോട്ടുകളും
വയനാട് ഹോട്ട് സ്പോട്ട് ജില്ലകളുടെ ക്ലസ്റ്റർ പട്ടികയില്‍
ദില്ലി: കോവിഡ് 19 വ്യാപനം സംബന്ധിച്ച് കേന്ദ്രസർക്കാർ രാജ്യത്ത് 170 ഹോട്ട് സ്പോട്ട് ജില്ലകൾ കണ്ടെത്തി. രോഗവ്യാപനത്തിന്‍റെ അടിസ്ഥാനത്തിൽ ജില്ലകളെ മൂന്നായി തരംതിരിച്ചാണ് കേന്ദ്രം റിപ്പോർട്ട് പുറത്തിറക്കിയത്. ഹോട്ട്സ്പോട്ട്, നോൺ ഹോട്ട് സ്പോട്ട്, ഗ്രീൻ സോൺ എന്നിങ്ങനെയാണ് തരംതിരിച്ചത്. 270 ജില്ലകളാണ് നോൺ ഹോട്ട് സ്പോട്ടുകൾ. ഹോട്ട് സ്പോട്ടുകളും നോൺ ഹോട്ട്സ്പോട്ടുകളുമല്ലാത്ത ജില്ലകൾ ഗ്രീൻ സോണിലുൾപ്പെടുന്നു.
ഇന്ന് പ്രഖ്യാപിച്ച ഹോട്ട്സ്പോട്ട് ജില്ലകളിൽ ആറെണ്ണം കേരളത്തിൽനിന്നാണ്. കാസർഗോഡ്, കണ്ണൂർ, മലപ്പുറം, എറണാകുളം, തിരുവനന്തപുരം, പത്തനംതിട്ട എന്നിവയാണ് കേരളത്തിൽനിന്ന് ഹോട്ട് സ്പോട്ടുകളായി കണ്ടെത്തിയ ജില്ലകൾ. ഇതുകൂടാതെ വയനാടിനെ ഹോട്ട് സ്പോട്ട് ജില്ലകളുടെ ക്ലസ്റ്റർ പട്ടികയിലും ഉൾപ്പെടുത്തിയിട്ടുണ്ട്.
സംസ്ഥാനത്ത് ആറ് നോൺ ഹോട്സ്പോട്ട് ജില്ലകളുമുണ്ട്. തൃശൂർ, കൊല്ലം, ഇടുക്കി, പാലക്കാട്, കോട്ടയം, ആലപ്പുഴ എന്നിവയാണ് നോൺ ഹോട്ട് സ്പോട്ട് ജില്ലകൾ. എന്നാൽ കോഴിക്കോടിനെ ഒരു പട്ടികയിലും ഉൾപ്പെടുത്തിയിട്ടില്ല. കൂടുതൽ കോവിഡ് കേസുകളുള്ളതോ രോഗബാധിതരുടെ എണ്ണത്തിൽ ഇരട്ടിയിലധികം വർധനവുണ്ടാകുന്നതോ ആയ ജില്ലകളാണ് ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിച്ചതെന്ന് ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ അറിയിച്ചു.