15 April, 2020 06:26:07 PM
സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് ഒരാൾക്ക് മാത്രം; ഏഴു പേർ രോഗമുക്തരായി
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത് ഒരാൾക്ക് മാത്രം. കണ്ണൂർ ജില്ലയിലാണ് രോഗം സ്ഥിരീകരിച്ചത്. സമ്പർക്കത്തിലൂടെയാണ് ഇയാൾക്ക് രോഗമുണ്ടായത്. ഏഴുപേർ ഇന്ന് രോഗമുക്തി നേടി. ഇതിൽ നാലുപേർ കാസർകോട്ടും രണ്ടുപേർ കോഴിക്കോട്ടും ഒരാൾ കൊല്ലത്തുമാണ്. കോവിഡ് 19 അവലോകനയോഗത്തിനുശേഷം മുഖ്യമന്ത്രി നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
സംസ്ഥാനത്ത് ഇതുവരെ 218 പേർക്ക് രോഗം ഭേദമായതായി മുഖ്യമന്ത്രി അറിയിച്ചു. ഇതുവരെ രോഗം സ്ഥിരീകരിച്ചതിൽ 264 പേർ വിദേശത്ത് നിന്ന് എത്തിയവരാണ്. 114 പേർക്ക് സമ്പർക്കത്തിലൂടെ രോഗം പകർന്നു. 522 പേർ ഇപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. 86 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 16745 സാമ്പിളുകൾ പരിശോധിച്ചതിൽ 16002 ഫലം നെഗറ്റീവ് ആണ്.
രാജ്യത്ത് കോവിഡ് 19 രോഗം ഭേദമാകുന്നവർ കൂടുതലും കേരളത്തിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചില കേന്ദ്രങ്ങളിൽ ഏപ്രിൽ 20 മുതൽ ലോക്ക് ഡൌൺ ഇളവുകൾ ലഭിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചിട്ടുണ്ട്. കേരളത്തിലെ ഇളവുകൾ എങ്ങനെ എന്നത് നാളെ മന്ത്രിസഭാ യോഗം തീരുമാനിക്കും. പരിശോധന നല്ല നിലയിൽ നടക്കുന്നു. പരിശോധന ശക്തമാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.