11 April, 2020 11:34:41 PM


'യുദ്ധ'ത്തിന് ശേഷം കൊയ്ത്ത് യന്ത്രങ്ങൾ എത്തി; മുളക്കുളത്തെ 600 ഏക്കർ പാടത്ത് കൊയ്ത്ത് തുടങ്ങി

മോൻസ് ജോസഫ് എം എൽ എയുടെ ഇടപെടൽ ഫലം കണ്ടു



കടുത്തുരുത്തി: ആഴ്ചകൾ നീണ്ട കാത്തിരിപ്പിന് ശേഷം കൊയ്ത്ത് ആരംഭിച്ചതിന്റെ സന്തോഷത്തിലാണ് മുളക്കുളത്തെ നെല്‍കര്‍ഷകര്‍. രണ്ട് ജില്ലകളിലെ ഉദ്യോഗസ്ഥര്‍ തമ്മില്‍ ഒരു ദിവസം നീണ്ടുനിന്ന വടവലികള്‍ക്കൊടുവില്‍ കിട്ടിയ ആറ് കൊയ്ത്ത് യന്ത്രങ്ങൾ ഒന്നിച്ചിറക്കിയതോടെയാണ് ഇടയാറ്റ് പാടവും മുളക്കുളം സൗത്ത് പാടശേഖരവും ഉള്‍പ്പെടെ അറുന്നൂറ് ഏക്കര്‍ സ്ഥലത്തെ നെല്ല് കൊയ്യുന്നതിന് കളമൊരുങ്ങിയത്. അതും മോൻസ്  ജോസഫ് എംഎൽഎയുടെ നേതൃത്വത്തില്‍ നടന്ന ഇടപെടലുകള്‍ക്കൊടുവില്‍.


ആഴ്ചകളായി വിളഞ്ഞ് കിടക്കുന്ന നെല്ല് മഴ ആരംഭിച്ചതിനെ തുടർന്ന് നശിച്ചു പോകുമെന്ന സാഹചര്യം ഉടലെടുക്കുകയും സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് നടപടികള്‍ വൈകുകയും ചെയ്തതോടെ സ്വകാര്യവ്യക്തിയുടെ അഞ്ചു കൊയ്ത്ത്  യന്ത്രങ്ങൾ ലഭ്യമാക്കുകയായിരുന്നു. സർക്കാർ വക കൊയ്ത്ത് യന്ത്രം കിട്ടുന്നതിന് മാസങ്ങൾക്ക് മുമ്പ് തന്നെ നിയമാനുസൃതം പാടശേഖരകമ്മറ്റി അപേക്ഷ നൽകിയിരുന്നു. എന്നാൽ ആവശ്യത്തിന് യന്ത്രം ഇല്ലാത്തത് മൂലം നടപടികൾ വൈകി. മോൻസ് ജോസഫ് എംഎൽഎ ഇടപെട്ടതോടെ ഒരു കൊയ്ത്ത് യന്ത്രം ജില്ലയിൽ നിന്ന് ക്രമീകരിച്ചു. ഇത് മുളക്കുളത്തെ ആവശ്യത്തിന് ഒട്ടും പര്യാപ്തമായിരുന്നില്ല. തുടർന്നാണ് സ്വകാര്യ ഏജൻസികളുടെ സഹായം തേടിയത്.


കോട്ടയം ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ സഹായത്തോടെ ഇന്നലെ രാത്രിയിൽ ഏർപ്പാടാക്കിയ സ്വകാര്യ വ്യക്തിയുടെ യന്ത്രങ്ങൾ കോട്ടയം ജില്ലയുടെ പടിഞ്ഞാറന്‍ പ്രദേശങ്ങളിലെ കൊയ്ത്ത് കഴിഞ്ഞ് മുളക്കുളത്തേക്കു കൊണ്ടുവരുന്ന വഴിയാണ് ആലപ്പുഴ ജില്ലാ ഭരണകൂടവും, ആലപ്പുഴയിലെ കൃഷിവകുപ്പ് അധികൃതരും, പോലീസുകാരും വില്ലൻ റോളിൽ എത്തിയത്. വഴിക്കുവെച്ച് യന്ത്രങ്ങള്‍ പിടിച്ചെടുത്ത പോലീസ് ഇവ വിട്ടുനല്‍കാന്‍ തയ്യാറാകാതെ വന്നതോടെ സംഭവം രണ്ടു ജില്ലകള്‍ തമ്മിലുള്ള വടംവലിയ്ക്ക് വഴിയൊരുക്കുകയായിരുന്നു.


നാട്ടകം, തിരുവാർപ്പ് പഞ്ചായത്തുകളുടെ ജില്ലാ അതിർത്തിയിലുള്ള ജഡ്ജി ആറായിരം എഫ്  ബ്ലോക്ക് കായൽ തീരത്തെ പാടങ്ങളിൽ കൊയ്ത്ത് നടത്തിയിരുന്ന അഞ്ച് യന്ത്രങ്ങളാണ് മുളക്കുളത്തേക്ക് കൊണ്ടുപോന്നത്. ഇവ ജങ്കാർ മാർഗ്ഗം കുട്ടനാട് കൈനകരിയിൽ ഇറക്കിയശേഷം ലോറിയിൽ കയറ്റി ആലപ്പുഴ - മുഹമ്മ - തണ്ണീർമുക്കം - വൈക്കം - തലയോലപ്പറമ്പ് വഴി പെരുവയിലേക്ക് പോരുന്നതിനിടയിലാണ് ആലപ്പുഴ മെഡിക്കൽ കോളേജ് ഭാഗത്തു വെച്ച് ഇന്ന് രാവിലെ പോലീസ് തടഞ്ഞത്. കോട്ടയം ജില്ലയിൽ കൊയ്യുന്ന വണ്ടികൾ എന്തിനാണ് ആലപ്പുഴ വഴി വന്നതെന്ന ചോദ്യമാണ് പോലീസ് ഉന്നയിച്ചത്. 


കോട്ടയം ജില്ലയുടെ പടിഞ്ഞാറന്‍ പ്രദേശത്ത് നിന്ന് കൊയ്ത്ത് യന്ത്രങ്ങൾ കൈനകരി ജെട്ടിയിൽ ഇറക്കിയ ശേഷം ലോറിയിൽ റോഡ് മാർഗം കൊണ്ടു പോകുന്നതാണ്  എളുപ്പമെന്ന്  ഇടപാടുകാരനായ കൈനകരി കാളാശ്ശേരി ജോസിച്ചൻ തോമസ് പോലീസ് അധികൃതരെ നേരിട്ട് അറിയിച്ചിട്ടും ഫലമുണ്ടായില്ല. മുളക്കുളം പാടശേഖര കമ്മറ്റി ഭാരവാഹികളായ ബൈജു ചെത്തുകുന്നേൽ, ജയൻ മൂർക്കാട്ടിൽ എന്നിവരും സ്ഥലത്തെത്തി. പക്ഷെ യന്ത്രങ്ങൾ വിട്ടു കൊടുക്കാൻ  പോലിസ് തയ്യാറായില്ല. തുടർന്ന്  മോൻസ് ജോസഫ് എംഎൽഎ കോട്ടയം, ആലപ്പുഴ ജില്ലാ കളക്ടർമാരുമായും പോലീസ് മേധാവിമാരുമായും സംസാരിച്ചു. 


കോട്ടയം ജില്ലയുടെ ചുമതലയുള്ള മന്ത്രി പി തിലോത്തമൻ, കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽ കുമാർ എന്നിവരുമായും മോൻസ് ജോസഫ് ബന്ധപ്പെട്ടു. രണ്ട്  മന്ത്രിമാരും നിർദ്ദേശിച്ചത് പ്രകാരം ആലപ്പുഴ, കോട്ടയം പ്രിൻസിപ്പൽ കൃഷി ഓഫീസർമാരെ ബന്ധപ്പെട്ട് ഒരു ധാരണയുണ്ടാക്കി. ആലപ്പുഴ വഴി വന്ന വണ്ടികൾ കോട്ടയം ജില്ലയിൽ ഓടാനുള്ളതാണെന്നും, മുളക്കുളത്തേക്ക് പോകാൻ അനുമതി നൽകണമെന്നും കാണിച്ച്  കോട്ടയം ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ, ആലപ്പുഴ ജില്ലാ ഓഫീസർക്ക് കത്ത് നൽകുകയും ഇതുപ്രകാരം വണ്ടികൾ വിട്ടുകൊടുക്കാമെന്നുള്ള ധാരണ ജില്ലാ കളക്ടറും, കൃഷിവകുപ്പും, പോലീസും അംഗീകരിച്ചു. ഇത്രയും കാര്യങ്ങൾ ചെയ്ത് തീർന്നപ്പോഴാണ് മാവേലിക്കരയിലേക്ക് രണ്ട് യന്ത്രങ്ങള്‍ കൊടുത്താൽ മാത്രമേ വണ്ടികള്‍ വിടുകയുള്ളൂവെന്ന പുതിയ നിലപാട് കൃഷി വകുപ്പ് ഉദ്യോഗസ്ഥർ സ്വീകരിച്ചത്.


മോൻസ് ജോസഫ് ഇടപെട്ട് കൊയ്ത്തിന്റെ കാര്യമായതുകൊണ്ട് ഉടമസ്ഥൻ ഉൾപ്പെടെയുള്ളവരുമായി സംസാരിച്ച് രണ്ട് മണിക്കൂറിനുള്ളിൽ യന്ത്രം എത്തിക്കാമെന്ന് ഉറപ്പുകൊടുത്തു. എന്നാല്‍ മുളക്കുളംകാരുടെ അഞ്ച് വണ്ടികളും വിട്ട് കൊടുക്കുന്നതിന് പകരം കൊയ്ത്ത് യന്ത്രത്തിന്റെ ഉടമസ്ഥൻ വന്ന വാഹനം സ്റ്റേഷനിൽ കയറ്റി ഇടാനാണ് പോലീസ് തയ്യാറായത്. മാവേലിക്കരയിലെ വണ്ടി സ്ഥലത്ത് എത്തിചേർന്ന ശേഷമല്ലാതെ മുളക്കുളത്തെ വണ്ടി വിടാനാവില്ലെന്നായിരുന്നു ആലപ്പുഴ ജില്ലാ ഓഫീസറുടെ പക്ഷം. കുട്ടനാട് - അപ്പർ കുട്ടനാട് മേഖലയിൽ സർക്കാർ ഉടമസ്ഥതയിലുള്ള ഭൂരിപക്ഷം കൊയ്ത്ത് യന്ത്രങ്ങളും ഉപയോഗയോഗ്യമല്ലാതായി കിടക്കുകയാണ്. ഇവ നന്നാക്കി കൃഷിക്കാരെ സഹായിക്കുന്നതിനു പകരം മറ്റുള്ളവരെ  അന്യായമായി കഷ്ടപ്പെടുത്താൻ ആലപ്പുഴ ജില്ലാ ഭരണകൂടവും, കൃഷിവകുപ്പും കാണിക്കുന്ന ധിക്കാരം അവസാനിപ്പിച്ചില്ലെങ്കിൽ കര്‍ഷകര്‍ ശക്തമായ പ്രക്ഷോഭത്തിന് നിർബന്ധിതമാകുമെന്ന് മോൻസ് ജോസഫ് മുന്നറിയിപ്പ് നൽകി.

 

ഇതോടെ, തന്‍റെ കീഴില്‍ ആലപ്പുഴ, കോട്ടയം ജില്ലകളിലായി പ്രവര്‍ത്തിക്കുന്ന 250 കൊയ്ത്ത് യന്ത്രങ്ങളുടെയും പണി നിർത്തി വയ്ക്കാൻ കാളാശ്ശേരി ജോസിച്ചൻ ഓപ്പറേറ്റര്‍മാര്‍ക്ക് നിർദ്ദേശം നല്‍കി. യന്ത്രങ്ങളുടെ പ്രവര്‍ത്തനം നിലച്ചതോടെ കൊയ്ത്ത് രംഗത്ത് പൂർണ്ണ സ്തംഭനമായി. കാര്യങ്ങള്‍ കൈവിട്ടുപോകുമെന്നായപ്പോള്‍ മുളക്കുളത്തേക്കുള്ള അഞ്ച് വണ്ടികൾ വിട്ടുകൊടുക്കുകയും, പ്രശ്നങ്ങൾ പരിഹരിച്ച് കർഷക പ്രതിനിധികൾ കോട്ടയം ജില്ലയിലേക്ക് പോരുകയും ചെയ്തു. കോട്ടയം - ആലപ്പുഴ കളക്ടർമാര്‍ കൈക്കൊണ്ട തീരുമാനങ്ങൾ ദുർവിനിയോഗം ചെയ്യാൻ ആരെയും അനുവദിക്കരുതെന്നും ഇത്തരം നിർഭാഗ്യ സ്ഥിതിവിശേഷം ഒഴിവാക്കണമെന്നും മോൻസ് ജോസഫ് ആവശ്യപ്പെട്ടു.


കൊയ്ത്ത് നടത്തുന്നതിന് ആവശ്യത്തിന് സർക്കാർ യന്ത്രം ലഭിക്കാത്ത സ്ഥിതിവിശേഷം എല്ലാവർഷവും വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. കേടായ സർക്കാർ യന്ത്രങ്ങൾ നന്നാക്കാനാവാത്തത് അപമാനകരമാണെന്നും വരും വർഷങ്ങളിലെങ്കിലും ഈ ദുരവസ്ഥയ്ക്ക് ശാശ്വത പരിഹാരം ഉണ്ടാക്കുന്നതിന്  സർക്കാർ മുൻഗണന നൽകണമെന്നും മോൻസ്  ജോസഫ് ആവശ്യപ്പെട്ടു. ആലപ്പുഴ ജില്ലയ്ക്കും, കോട്ടയം ജില്ലയ്ക്കും കൃത്യമായി നിശ്ചയിച്ചിരിക്കുന്ന മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സ്വകാര്യ കൊയ്ത്ത് യന്ത്രങ്ങൾക്ക് പ്രവർത്തിക്കാനുള്ള സാഹചര്യം സർക്കാർ  ഉറപ്പുവരുത്തണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K