09 April, 2020 01:58:07 AM
ആന്ധ്രാപ്രദേശിൽ കോവിഡ് ടെസ്റ്റിങ് കിറ്റ് നിര്‍മാണം ആരംഭിച്ചു
വിശാഖപട്ടണം: കൊറോണ വൈറസ് ബാധ തിരിച്ചറിയുന്നതിനുള്ള ടെസ്റ്റിങ്ങ് കിറ്റുകളുടെ നിര്‍മാണം ആന്ധ്രാപ്രദേശിൽ ആരംഭിച്ചു. വിശാഖപട്ടണത്തെ ആന്ധ്രാപ്രദേശ് മെഡ്‌ടെക്ക് സോണില്‍ മുഖ്യമന്ത്രി വൈ.എസ്. ജഗന്‍ മോഹന്‍ റെഡ്ഡി നിര്‍മാണം ഉദ്ഘാടനം ചെയ്തു. ടെസ്റ്റ്ങ് കിറ്റ് നിര്‍മാണത്തിന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അംഗീകാരം നല്‍കിയിട്ടുണ്ട്.
നിലവിലെ പ്രതിസന്ധി കണക്കിലെടുത്ത് എല്ലാ നിര്‍മാണ അനുമതികള്‍ക്കും ഡ്രഗ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യ ഇളവ് നല്‍കിയിട്ടുണ്ട്. പ്രതിദിനം 2000 കോവിഡ് ടെസ്റ്റിങ് കിറ്റുകള്‍ സംസ്ഥാനം നിര്‍മിക്കുമെന്നും സംസ്ഥാനത്തെ സ്വയംപര്യാപ്തമാക്കുക മാത്രമല്ല രാജ്യമെമ്പാടും വിതരണം ചെയ്യുകയാണ് ലക്ഷ്യമെന്നും ആന്ധ്ര സ്‌പെഷ്യല്‍ ചീഫ് സെക്രട്ടറി പറഞ്ഞു. നിര്‍മാണശേഷി 2500 ആയി ഉയര്‍ത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏപ്രില്‍ 15 മുതല്‍ ആന്ധ്രാപ്രദേശ് മെഡ്‌ടെക്ക് സോണില്‍ 3,000 വെന്റിലേറ്ററുകള്‍ ഉത്പാദിപ്പിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മെയ് മുതല്‍ പ്രതിമാസം 6,000 വെന്റിലേറ്ററുകള്‍ നിര്‍മിക്കാനാണ് ഉദ്ദേശിക്കുന്നത്. വെന്റിലേറ്ററുകളുടെ നിര്‍മാണത്തില്‍ ഹിന്ദുസ്ഥാന്‍ ലൈഫ് കെയര്‍ സഹായം നല്‍കും.