07 April, 2020 08:15:48 PM
പുഞ്ചകൃഷി; കോട്ടയം ജില്ലയില്‍ കൊയ്ത്തിന് ക്രമീകരണങ്ങള്‍ ഉറപ്പ് വരുത്തും
കൊയ്ത്തുയന്ത്രങ്ങള്‍ ജില്ലയ്ക്ക് പുറത്തേക്ക് കൊണ്ടുപോകുന്നത് തടയും
കോട്ടയം: ജില്ലയിലെ പാടശേഖരങ്ങളില്‍ പുഞ്ച കൃഷി കൊയ്ത്തിനുള്ള ക്രമീകരണങ്ങള്‍ ഉറപ്പാക്കുന്നതിന് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ജില്ലയില്‍ 4500 ഏക്കര്‍ സ്ഥലത്താണ് നിലവില്‍ നെല്ല് കൊയ്ത്തിനു പാകമായി നില്‍ക്കുന്നത്. വേനല്‍ മഴമൂലം കര്‍ഷകര്‍ക്ക് നഷ്ടമുണ്ടാകുന്ന സാഹചര്യം ഒഴിവാക്കേണ്ടതിനാല്‍ ആവശ്യത്തിന് കൊയ്ത്തു യന്ത്രങ്ങള്‍ ലഭ്യമാക്കാന്‍ ഏജന്‍റുമാര്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു നിര്‍ദേശിച്ചു. യന്ത്രങ്ങള്‍ ജില്ലയ്ക്ക് പുറത്തേക്ക് കൊണ്ടുപോകുന്നില്ലെന്ന് ഉറപ്പാക്കുന്നതിന് പോലീസിനെ ചുമതലപ്പെടുത്തി.
അധികമായി ആവശ്യം വരുന്ന യന്ത്രങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി. കൊയ്ത്തിന് നിയോഗിക്കപ്പെടുന്ന തൊഴിലാളികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാനും പാടശേഖര സമിതികള്‍ ശ്രദ്ധിക്കണം. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ സലോമി തോമസ്, ഡിവൈ.എസ്.പി. ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.